സിറിയയിൽ ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) ക്യാമ്പുകളിൽ ഏഴ് വർഷത്തിലേറെ കുടുങ്ങിക്കഴിഞ്ഞ ഓസ്ട്രേലിയൻ വനിതകളും കുട്ടികളും 2026 മേയ് ഏഴിന് നാട്ടിലേക്കു മടങ്ങിയെത്തിയത് വലിയ പ്രതിസന്ധികളുടെ മധ്യത്തിലേക്ക്. അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാതെ, ഭാവിയെക്കുറിച്ച് ഒരു ഉറപ്പുമില്ലാതെ, നരകതുല്യമായ ജീവിതത്തിനു ശേഷം ഒടുവിൽ അവർ ഡമാസ്‌കസ് വഴി ഓസ്ട്രേലിയൻ മണ്ണിൽ വീണ്ടും കാലുകുത്തി.
നാലു സ്ത്രീകളും ഒമ്പത് കുട്ടികളും ഉൾപ്പെടുന്ന ഈ സംഘം മെൽബണിലും സിഡ്‌നിയിലും വ്യത്യസ്ത വിമാനത്താവളങ്ങളിൽ ഇറങ്ങി, എന്നാൽ അവരെ കാത്തിരുന്നത് ആശ്വാസത്തിന്‍റെ കൈകളായിരുന്നില്ല; പകരം നിയമത്തിന്‍റെ വളകളായിരുന്നു.
ഐഎസിന്‍റെ ഉദയവും തകർച്ചയും
2011ൽ ആരംഭിച്ച സിറിയൻ ആഭ്യന്തരയുദ്ധം ലോകചരിത്രത്തിലെ ഏറ്റവും രക്തരൂഷിതമായ സംഘർഷങ്ങളിലൊന്നാണ്. ബഷർ അൽ അസദ് സർക്കാരിനെതിരായ പ്രക്ഷോഭം ക്രമേണ ഒരു ബഹുമുഖ യുദ്ധമായി പരിണമിച്ചു. ഒരുഭാഗത്ത് ഭരണകൂടം, മറുഭാഗത്തു വിവിധ തീവ്രവാദ ഗ്രൂപ്പുകൾ. ഈ അരാജകത്വത്തിന്‍റെ നടുവിൽനിന്നാണ് ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) എന്ന ഭീകര സംഘടന ശക്തിപ്പെട്ടത്.
2014ൽ ഐഎസ് ‘ഖിലാഫത്ത്’ പ്രഖ്യാപിച്ചതോടെ ഓസ്ട്രേലിയ, യൂറോപ്പ്, മിഡിൽ ഈസ്റ്റ് എന്നിങ്ങനെ എല്ലായിടത്തുനിന്നും ആളുകൾ സിറിയയിലേക്ക് ഒഴുകിത്തുടങ്ങി. ചിലർ ഭർത്താക്കന്മാരുടെ പിന്നാലെയും; ചിലർ ‘ഇസ്‌ലാമിക് യൂട്ടോപ്പിയ’ എന്ന മിഥ്യാസ്വപ്നം തേടി സ്വന്തം നിലയ്ക്കും യാത്ര തിരിച്ചു. ഓൺലൈൻ പ്രചാരണങ്ങളും സോഷ്യൽ മീഡിയയും ഈ ആകർഷണത്തിൽ നിർണായക പങ്ക് വഹിച്ചു. ഇസ്‌ലാമിക ഭരണത്തിന്‍റെ സുന്ദരസ്വപ്നങ്ങൾ നെയ്ത് പറന്നെത്തിയവരെല്ലാം വൻ ദുരിതങ്ങളുടെയും ദുരന്തങ്ങളുടെയും നടുവിലേക്കാണ് ചിറകറ്റു വീണത്.
എന്നാൽ, ആ സ്വപ്നങ്ങളെല്ലാം വേഗം തകർന്നടിഞ്ഞു. 2019ഓടെ യുഎസ് നേതൃത്വത്തിലുള്ള സഖ്യസേനയുടെ തുടർച്ചയായ ആക്രമണങ്ങളിൽ ഐഎസിന്‍റെ അവസാന കോട്ടകളും നിലംപൊത്തി. പുരുഷൻമാരിലേറെയും യുദ്ധഭൂമിയിൽ കൊല്ലപ്പെട്ടു; ബാക്കിയുള്ളവർ അറസ്റ്റിലായി. നിരവധി സ്ത്രീകൾക്ക് ഭർത്താക്കൻമാരെയും ബന്ധുക്കളെയും നഷ്ടമായി. യുദ്ധഭൂമിയിൽ നിസഹായരായി അവർ നരകിച്ചു. ഒരു അഭയത്തിനായി അവർ ചുറ്റും അലഞ്ഞു. എന്നാൽ, യുദ്ധക്കെടുതിയിൽ തകർന്നഞ്ഞ മണ്ണിൽ അവർക്ക് എവിടെനിന്നും ഒരാശ്വാസം ലഭിച്ചില്ല.
അൽ-റോജ് ക്യാമ്പിലെ വർഷങ്ങൾ
ഒടുവിൽ ഗതികെട്ട സ്ത്രീകൾ കുട്ടികളുമായി ഉത്തരകിഴക്കൻ സിറിയയിൽ കുർദ് നേതൃത്വത്തിലുള്ള ‘സിറിയൻ ഡെമോക്രാറ്റിക് ഫോഴ്‌സ്’ (SDF) നടത്തുന്ന ക്യാമ്പുകളിൽ അഭയം തേടി, പ്രത്യേകിച്ച് വടക്കുകിഴക്കൻ സിറിയയിലെ ‘അൽ-റോജ്’ ക്യാമ്പിൽ. എന്നാൽ, ക്യാമ്പ് ജീവിതം ഒരു ശിക്ഷ തന്നെയായിരുന്നു.
ഭക്ഷണത്തിന്‍റെയും ശുദ്ധജലത്തിന്‍റെയും മരുന്നിന്‍റെയും രൂക്ഷമായ ദൗർലഭ്യം, കടുത്ത ചൂടിലും തണുപ്പിലും കഴിയേണ്ടി വന്ന കുട്ടികൾ, ഒരു നിയമ പദവിയുമില്ലാതെ, ഒരു കോടതിയുടെ വിചാരണ പോലുമില്ലാതെ വർഷങ്ങൾ നീണ്ട തടങ്കൽ. Human Rights Watch ഉൾപ്പെടെ നിരവധി മനുഷ്യാവകാശ സംഘടനകൾ ഈ ക്യാമ്പ് സാഹചര്യങ്ങൾ ലോകത്തെ അറിയിച്ച് അന്താരാഷ്‌ട്ര സമൂഹത്തോട് ഇടപെടാൻ ആവശ്യപ്പെട്ടിരുന്നു. പക്ഷേ വർഷങ്ങൾ കടന്നുപോയിട്ടും; യാതൊരു മാറ്റവും ഉണ്ടായില്ല.
തിരിച്ചു ജന്മനാട്ടിലേക്കു മടങ്ങണമെന്ന ചിന്ത പലരിലും ശക്തമായി. എന്നാൽ, പലരുടെയും ജന്മനാടുകളെ അവരെ സ്വീകരിക്കാൻ സന്നദ്ധരായിരുന്നില്ല. ഭീകരസംഘടനകളിൽ ആകൃഷ്ടരായി രാജ്യം ഉപേക്ഷിച്ചു പോയവരെ തിരികെ സ്വീകരിക്കുന്നതിൽ ജനരോഷവും ശക്തമായിരുന്നു.
ഓസ്ട്രേലിയയുടെ സമീപനം
ഓസ്ട്രേലിയൻ ഭരണകൂടം വർഷങ്ങളോളം ഈ സ്ത്രീകളെ നാട്ടിലേക്കു കൊണ്ടുവരാൻ വിസമ്മതിച്ചിരുന്നു. “അവർ തെരഞ്ഞെടുത്ത വഴി അവർതന്നെ നേരിടണം” എന്നായിരുന്നു സർക്കാരിന്‍റെ അനൗദ്യോഗിക നിലപാട്.
2019ലും 2022ലും 2025ലും ചെറിയ ഗ്രൂപ്പുകൾ ഓസ്ട്രേലിയയിലേക്കു മടങ്ങിയിട്ടുണ്ടെങ്കിലും ഭൂരിഭാഗം പേരും ക്യാമ്പുകളിൽ കുടുങ്ങിക്കിടന്നു. 2025 ഏപ്രിലിൽ ഓസ്ട്രേലിയൻ ഉദ്യോഗസ്ഥർ “സ്വതന്ത്രരായി തിരിച്ചുവരുന്ന ആർക്കും ക്രിമിനൽ കേസ് ഉറപ്പാണ്” എന്നു പരസ്യമായി മുന്നറിയിപ്പ് നൽകി
എന്നിട്ടും അവർ മടങ്ങിയെത്തി. സർക്കാരിന്‍റെ സഹായമോ അനുവാദമോ കാക്കാതെ, ഈ സ്ത്രീകൾ സ്വന്തം ഉദ്യമത്തിൽ അൽ-റോജ് ക്യാമ്പ് വിട്ട് ഡമാസ്‌കസിലേക്കു യാത്ര ചെയ്തു. അവിടെനിന്നു ഫ്ലൈറ്റ് ക്രമീകരിച്ച് ഓസ്ട്രേലിയൻ മണ്ണിലേക്ക് അവർ കാലുകുത്തി.
വിമാനം ലാൻഡ് ചെയ്യും മുൻപേ ഓസ്ട്രേലിയൻ ഫെഡറൽ പോലീസ് സജ്ജമായിരുന്നു. ഗ്രൂപ്പിലെ ചിലരെ നേരിട്ട് അറസ്റ്റ് ചെയ്യുമെന്നും ബാക്കിയുള്ളവർ സജീവ അന്വേഷണത്തിന്‍റെ നിഴലിൽ തുടരുമെന്നും കമ്മിഷണർ ക്രിസ്സി ബാരറ്റ് അപ്പോൾ തന്നെ മാധ്യമങ്ങളോടു പറഞ്ഞിരുന്നു. നാല് സ്ത്രീകളിൽ മൂന്നു പേരെ വിമാനത്താവളത്തിൽ വച്ചുതന്നെ കസ്റ്റഡിയിലെടുത്തു. ഭീകരതയുമായും അടിമത്തവുമായും ബന്ധപ്പെട്ട കുറ്റങ്ങൾക്കു കേസ് ചുമത്തുകയും ചെയ്തു. നാലാമത്തെ സ്ത്രീയെ ഉടൻ ചോദ്യം ചെയ്യലിനും വിധേയമാക്കി.
കേസ് 1: യസീദി സ്ത്രീയെ അടിമയാക്കി
വിക്ടോറിയ സ്വദേശിനികളായ 54കാരി കൗഥർ അഹ്‌മദും അവരുടെ 31കാരി മകൾ സൈനബ് അഹ്‌മദും 2014ൽ സിറിയയിലെത്തി. ഐഎസ് ഭരണകാലത്ത് ഏറ്റവും ക്രൂരമായ ആക്രമണങ്ങൾക്ക് ഇരയായ യസീദി ന്യൂനപക്ഷ വിഭാഗത്തിൽനിന്ന് ഒരു സ്ത്രീയെ 10,000 ഡോളർ നൽകി വാങ്ങി തങ്ങളുടെ വീട്ടിൽ അടിമയായി പാർപ്പിച്ചു എന്നാണ് ആരോപിച്ചിരിക്കുന്ന കുറ്റം. അടിമയാക്കൽ, അടിമയെ കൈവശം വയ്ക്കൽ, അടിമയെ ഉപയോഗിക്കൽ എന്നിങ്ങനെ ഓരോ കുറ്റത്തിനും പരമാവധി 25 വർഷം തടവ് ലഭിക്കാം. രണ്ടു പേരും മെൽബൺ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരായി. ഇപ്പോൾ കസ്റ്റഡിയിലാണ്.
കേസ് 2: ഐഎസ് അംഗത്വാരോപണം
എന്നാൽ, സിഡ്‌നിയിൽ ഇറങ്ങിയ 32കാരി ജനൈ സഫറിന്റെ കഥ വ്യത്യസ്തമാണ്. 2015ൽ ഭർത്താവിന്‍റെ അടുത്തെത്താൻ സിറിയയിലേക്കു പോയ അവർ ഐഎസിൽ അംഗമായെന്നാണ് ആരോപണം.
10 വർഷം വരെ ജയിൽ ശിക്ഷ ലഭിക്കാവുന്ന കുറ്റം. കോടതിയിൽ അവരുടെ അഭിഭാഷകൻ വാദിച്ചത്, സിറിയയിലെ ഭീകര സാഹചര്യങ്ങൾ അവരെ മാനസികമായി തകർത്തിരിക്കുന്നുവെന്നും PTSD (പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ) ബാധിച്ചിട്ടുണ്ടെന്നുമാണ്. എന്നിട്ടും ജഡ്ജി ജാമ്യം നിരസിച്ചു. ജൂലൈ വരെ കസ്റ്റഡിയിൽ തുടരും.
ഇനിയും ക്യാമ്പിൽ
ഐഎസുമായി ബന്ധമുള്ള ആരെങ്കിലും തിരിച്ചു വരുന്നവർ “നിയമത്തിന്‍റെ പൂർണ ശക്തി അനുഭവിക്കേണ്ടി വരും” എന്നാണ് ഓസ്ട്രേലിയൻ സർക്കാർ വർഷങ്ങളായി ആവർത്തിച്ചു പറഞ്ഞു കൊണ്ടിരിക്കുന്ന നിലപാട്.
എന്നാൽ ഇപ്പോഴും ഏഴ് ഓസ്ട്രേലിയൻ സ്ത്രീകളും 14 കുട്ടികളും ഉൾപ്പെടെ ഏകദേശം 21 പേർ വടക്കുകിഴക്കൻ സിറിയയിലെ അൽ-റോജ് ക്യാമ്പിൽ കഴിയുകയാണ്. ഇപ്പോൾ മടങ്ങിയവർ നേരിടുന്ന കേസുകളുടെ ഗതി, ക്യാമ്പിൽ ബാക്കിയുള്ളവരുടെ തീരുമാനത്തെ നേരിട്ട് സ്വാധീനിക്കും. കടുത്ത ശിക്ഷ വന്നാൽ മടങ്ങാൻ ആരും തയാറാകില്ല.
അവരുടെ ക്യാമ്പ് ജീവിതം ഇനിയും നീളാനാണ് സാധ്യത. ഓസ്ട്രേലിയ ഇന്നു കൈക്കൊള്ളുന്ന തീരുമാനം, ആ 21 പേരുടെ ഭാവി കൂടി നിർണയിക്കുന്നതാണ്. ഈ കേസ് വെറുമൊരു ക്രിമിനൽ വിചാരണ മാത്രമല്ല, ഒരു രാജ്യംതന്നെ അഭിമുഖീകരിക്കുന്ന സങ്കീർണമായ ധാർമിക പ്രശ്നമായി മാറിയിരിക്കുന്നു.