Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Regain

പത്തനംതിട്ടയിൽ ആധിപത്യം തിരികെപിടിച്ച് യുഡിഎഫ്

പത്തനംതിട്ട: മണ്ഡല പുനർനിർണയത്തോടെ കൈവിട്ടുപോയ പത്തനംതിട്ട ജില്ലയിൽ ആധിപത്യം തിരികെ പിടിച്ച് യുഡിഎഫ്. അഞ്ചിൽ നാല് മണ്ഡലങ്ങളും ഇക്കുറി യുഡിഎഫ് നേടി. 2021ൽ പത്തനംതിട്ടയിലെ അഞ്ച് മണ്ഡലങ്ങളിലും എൽഡിഎഫിനായിരുന്നു വിജയം.

ആറന്മുള, അടൂർ, തിരുവല്ല, റാന്നി മണ്ഡലങ്ങൾ ഇത്തവണ യുഡിഎഫ് തിരികെ പിടിച്ചപ്പോൾ ഡിസിസി പ്രസിഡന്‍റ് മത്സരിച്ച കോന്നി മണ്ഡലം 1838 വോട്ടുകൾക്ക് നഷ്ടമാകുകയും ചെയ്തു.

2009ലെ മണ്ഡല പുനർ നിർണയത്തിനുശേഷം നടന്ന തെരഞ്ഞെടുപ്പുകളിൽ ഇത്തരത്തിൽ വ്യക്തമായ ഒരു മേൽക്കൈ യുഡിഎഫ് നേടുന്നത് ആദ്യമായാണ്. 2011ൽ യുഡിഎഫിനു ഭരണം ലഭിച്ചപ്പോഴും പത്തനംതിട്ട ജില്ലയിലെ ആറന്മുള, കോന്നി മണ്ഡലങ്ങളിൽ മാത്രമേ സ്വന്തം എംഎൽഎമാർ ഉണ്ടായിരുന്നുള്ളൂ.

ഇത്തവണ അഞ്ച് മണ്ഡലങ്ങളും ലക്ഷ്യമിട്ടാണ് പ്രചാരണം നടന്നത്. കോന്നിയിൽ ഇഞ്ചോടിഞ്ചു പോരാട്ടത്തിനൊടുവിലാണ് സിറ്റിംഗ് എംഎൽഎ കെ.യു. ജനീഷ് കുമാറിനോട് ഡിസിസി പ്രസിഡന്‍റ് സതീഷ് കൊച്ചുപറന്പിൽ പരാജയം സമ്മതിച്ചത്.

ആറന്മുളയിൽ മന്ത്രി വീണാ ജോർജ് 18985 വോട്ടുകൾക്കാണ് പരാജയപ്പെട്ടത്. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പ്രതിനിധീകരിച്ചിരുന്ന അടൂർ മണ്ഡലവും എൽഡിഎഫിനു നഷ്ടമായി. ചിറ്റയം ഗോപകുമാർ മത്സരരംഗത്തുനിന്ന് മാറി നിന്നെങ്കിലും സിപിഐ സ്ഥാനാർഥിയായ പ്രിജി കണ്ണൻ 10332 വോട്ടുകൾക്കാണ് യുഡിഎഫിലെ സി.വി. ശാന്തകുമാറിനോടു പരാജയപ്പെട്ടത്.

തിരുവല്ലയിൽ എൽഡിഎഫ് സ്ഥാനാർഥി മുൻ മന്ത്രി മാത്യു ടി. തോമസ് മൂന്നാം സ്ഥാനത്തേക്കും തള്ളപ്പെട്ടു. യുഡിഎഫ് സ്ഥാനാർഥി കേരള കോൺഗ്രസിലെ വർഗീസ് മാമ്മനാണ് തിരുവല്ലയിൽ വിജയിച്ചത്. ബിജെപിയിലെ അനൂപ് ആന്‍റണി രണ്ടാം സ്ഥാനത്തെത്തി.

റാന്നി മണ്ഡലം മൂന്ന് പതിറ്റാണ്ടിനു ശേഷം യുഡിഎഫ് തിരികെ പിടിച്ചു. കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു സിറ്റിംഗ് എംഎൽഎ കേരള കോൺഗ്രസ് എമ്മിലെ പ്രമോദ് നാരായണനെ 4344 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് പരാജയപ്പെടുത്തിയത്.

Latest News

Corehub Up