തിരുവനന്തപുരം: പിഎസ്സി പരീക്ഷാ തട്ടിപ്പ് കേസില്‍ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തു. ആസൂത്രണ ബോര്‍ഡ് ചീഫ് തസ്തികയിലേക്കുള്ള പരീക്ഷാ ക്രമക്കേടിലാണ് പ്രത്യേക അന്വേഷണ സംഘം പ്രാഥമിക അന്വേഷണം നടത്തി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
എന്നാല്‍, എഫ്ഐആറില്‍ ആരുടെയും പേര് രേഖപ്പെടുത്തിയിട്ടില്ല. പിഎസ്സി ഉദ്യോഗസ്ഥര്‍ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആസൂത്രണ ബോര്‍ഡ് നിയമനത്തിലെ ക്രമക്കേടിനു വഴിവിട്ട സഹായങ്ങള്‍ നല്കിയ രണ്ട് ഉന്നത ഉദ്യോഗസ്ഥരെ അന്വേഷണ സംഘം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ ഔദ്യോഗികമായി പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനായി അന്വേഷണ സംഘം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് വിവരം.
ആസൂത്രണ ബോര്‍ഡ് തസ്തികയിലേക്കു നടന്ന പരീക്ഷയുടെ മൂല്യനിര്‍ണയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മൂന്ന് ഉദ്യോഗസ്ഥരുടെ മൊഴി എസ്ഐടി രേഖപ്പെടുത്തിയിരുന്നു.
ഡെപ്യൂട്ടി സെക്രട്ടറി, ജൂണിയര്‍ സൂപ്രണ്ട്, സിസ്റ്റം അനലിസ്റ്റ് എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. ക്രൈം ബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷിന്റെ മേല്‍നോട്ടത്തില്‍ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഐജി അജിതാ ബീഗത്തിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്.