വയനാട്: മുണ്ടക്കൈ - ചൂരല്‍മല ദുരിത ബാധിതർക്ക് കോൺഗ്രസ് വാഗ്ദാനം ചെയ്ത വീടുകൾക്ക് തറക്കല്ലിട്ടു. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, വയനാട് എംപി പ്രിയങ്ക ഗാന്ധി എന്നിവര്‍ ചേര്‍ന്നാണ് പദ്ധതിയുടെ തറക്കല്ലിടല്‍ ചടങ്ങ് നിര്‍വഹിച്ചത്.
ആറ് മാസത്തിനുള്ളില്‍ 100 വീടുകള്‍ നിര്‍മിച്ചു നല്‍കാനാണ് പദ്ധതി. ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചവര്‍ക്കുള്ള ധന സഹായവും ചടങ്ങില്‍ കൈമാറി. 40 പേര്‍ക്ക് അഞ്ച് ലക്ഷം രൂപ വീതമാണ് കൈമാറിയത്.
ദുരന്തത്തെ വയനാട്ടിലെ ജനങ്ങൾ ധീരതയോടെ നേരിട്ടു. ജാതി മത വ്യത്യാസമില്ലാതെ ജനങ്ങൾ ഒന്നിച്ചുനിന്നു. സമാനതകളില്ലാത്ത ധീരതയാണ് വയനാടൻ ജനത കാണിച്ചത്. പദ്ധതിക്കായി ഭൂമി കണ്ടെത്തുന്നതിൽ നിരവധി പ്രതിസന്ധികൾ ഉണ്ടായെങ്കിലും വയനാട്ടിലെ ജനങ്ങൾക്കൊപ്പം കോൺഗ്രസ് എന്നും ഉണ്ടാകുമെന്ന് രാഹുൽ ഗാന്ധി ഉറപ്പുനൽകി.
മുസ്ലീം ലീഗിന്റെ പുനരധിവാസ പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. ദുരന്തബാധിതരുടെ വിഷയം ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെടാൻ പാർലമെന്റിൽ നിരന്തരം ശബ്ദമുയർത്തുന്നുണ്ടെന്നും രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവരും സഹായിക്കാൻ മുന്നോട്ടുവന്നത് വലിയ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
താൻ വയനാട്ടിലെ ഓരോ കുടുംബത്തിലെയും അംഗത്തെ പോലെയാണെന്ന് പ്രിയങ്കാ ഗാന്ധി എംപി പറഞ്ഞു. വയനാട്ടിലെ ജനങ്ങളുടെ ധൈര്യം അസാമാന്യമാണെന്നും പ്രിയങ്ക ഗാന്ധി കൂട്ടിച്ചേർത്തു.
ജാതിമത വ്യത്യാസമില്ലാതെ പരസ്പരം താങ്ങായാണ് എല്ലാവരും വയനാട് ദുരന്തത്തെ നേരിട്ടത്. ഞാൻ അപ്പോൾ നിങ്ങളുടെ എംപിയായിരുന്നില്ല. എന്റെ സഹോദരൻ രാഹുൽ ഗാന്ധിയായിരുന്നു അന്ന് വയനാട്ടിലെ എംപി. ഇപ്പോൾ ഞാൻ നിങ്ങളുടെ എംപിയാണ്. ഇപ്പോൾ ഞാൻ നിങ്ങളുടെ കുടുംബത്തിലെ അംഗമാണ്. ആ സമയത്ത് നിങ്ങൾ അനുഭവിച്ച സംഘർഷത്തെ തിരിച്ചറിഞ്ഞിട്ടുണ്ട്. നിങ്ങളുടെ കുടുംബം പഴയതുപോലെയാക്കാൻ ശ്രമിച്ചതും ഞാൻ അറിഞ്ഞിട്ടുണ്ട്.
നിങ്ങളുടെ ഉറ്റവർ കൂടെയില്ലാത്ത ജീവിതം ബുദ്ധിമുട്ടാണ്. കൃഷി നഷ്ടപ്പെട്ട് ഓട്ടോറിക്ഷ ഓടിച്ച് ജീവിതം കൊണ്ടുപോകുന്ന മനുഷ്യനെ ഞാൻ കണ്ടിട്ടുണ്ട്. കുടുംബത്തിലെ എല്ലാവരെയും നഷ്ടപ്പെട്ടിട്ടും ജീവിതം തിരിച്ചുപിടിക്കാൻ ശ്രമിച്ച കരുത്തരായ യുവാക്കളെയും ഞാൻ ഇവിടെ കണ്ടു.
നിങ്ങൾക്ക് നീതി ലഭിക്കുന്നതിനായി കോൺഗ്രസിലുള്ള എല്ലാവരും ശബ്ദമുയർത്തിയിട്ടുണ്ട്. പാർലമെന്റിൽ ഈ പ്രശ്നങ്ങൾ വളരെയധികം പ്രാവശ്യം ഉന്നയിച്ചിട്ടുണ്ട്. എല്ലാ എംപിമാരും കേന്ദ്ര ആഭ്യന്തര മന്ത്രിയെ കണ്ട് വയനാട്ടിലെ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇതിനുവേണ്ടി കത്തെഴുതിയിരുന്നു. പാർലമെന്റിന് പുറത്ത് ഞങ്ങൾ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചിരുന്നു. നിങ്ങളെ പിന്തുണയ്ക്കുന്നതിനുവേണ്ടി ഞങ്ങൾ ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്തു. രാഷ്ട്രീയ പാർട്ടികൾക്കും അധീതമായി നിങ്ങളുടെ ജീവിതത്തിനായി ശ്രമിച്ചിട്ടുണ്ട്.
പദ്ധതി വൈകിയതിൽ വിഷമമുണ്ട്. എന്നാൽ സാങ്കേതികമായ ഒട്ടേറെ കടമ്പകൾ കടന്നാണ് ഇപ്പോൾ തറക്കല്ലിടലിലേക്ക് എത്തിയത്. ഭൂമി വാങ്ങുന്നതും രേഖകൾ ശരിയാക്കുന്നതും വലിയ വെല്ലുവിളിയായിരുന്നു. 3.24 ഏക്കർ ഭൂമി ഇതിനകം വാങ്ങിയിട്ടുണ്ടെന്നും ബാക്കി സ്ഥലത്തിനായി ചർച്ചകൾ പുരോഗമിക്കുകയാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.