തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴക്കെടുതികളിൽ രണ്ട് രക്ഷാപ്രവർത്തകർ അടക്കം ഇതുവരെ 28 പേർക്ക് ജീവൻ നഷ്ടമായി. മൂന്ന് പേരെ കാണാതായിട്ടുണ്ട്.
ദുരന്തത്തിൽ സംസ്ഥാനത്താകെ 58 വീടുകൾ പൂർണമായും 687 വീടുകൾ ഭാഗികമായും തകർന്നിട്ടുണ്ട്. മഴയുടെ ശക്തി കുറഞ്ഞെങ്കിലും മധ്യകേരളത്തിൽ ദുരിതം ഒഴിയാതെ തുടരുകയാണ്. കോട്ടയം ജില്ലയുടെ പടിഞ്ഞാറൻ മേഖലകളിലും അപ്പർ കുട്ടനാട്, തിരുവല്ല ഭാഗങ്ങളിലും ഇപ്പോഴും വെള്ളക്കെട്ട് നിലനിൽക്കുന്നുണ്ട്.
അഞ്ഞൂറോളം ദുരിതാശ്വാസ ക്യാമ്പുകളിലായി ഇരുപത്തിയേഴായിരത്തോളം ആളുകളാണ് വീടുകളിലേക്ക് മടങ്ങാനാവാതെ കഴിയുന്നത്. എസി റോഡ്, എംസി റോഡ്, തിരുവല്ല - അമ്പലപ്പുഴ റോഡ്, തിരുവല്ല - കായംകുളം റോഡ് എന്നിവിടങ്ങളിൽ വെള്ളക്കെട്ടുണ്ടെങ്കിലും ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചിട്ടുണ്ട്.