District News
കടുത്തുരുത്തി: കടുത്തുരുത്തി പഞ്ചായത്തില് മൂന്നാമത്തെ ദുരിതാശ്വാസ ക്യാമ്പും തുറന്നു. ശക്തമായ മഴയെത്തുടർന്ന തോടുകളിലൂടെ ഒഴുകിയെത്തിയ കിഴക്കന് വെള്ളം പടിഞ്ഞാറന് പ്രദേശത്തേക്ക് വ്യാപിച്ചതോടെയാണ് എഴുമാന്തുരുത്ത് ഗവണ്മെന്റ് യുപി സ്കൂളില് മൂന്നാമത്തെ ക്യാമ്പ് തുറന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് റോയി ജോര്ജ് അറിയിച്ചു.
കൂടുതല് വീടുകള് വെള്ളത്തിലായതോടെ എഴുമാന്തുരുത്തിലെ ക്യാമ്പില് 30 കുടുംബങ്ങളാണ് താമസിക്കാനെത്തിയത്. ഇനിയും കൂടുതല് കുടുംബങ്ങള് ഇങ്ങോട്ടേക്ക് എത്തുമെന്നാണ് വാര്ഡ് മെംബര് പി.ഡി. ബാബു പറയുന്നത്. 70 ഓളം ആളുകള് ക്യാമ്പിലുണ്ട്. ഇങ്ങോട്ടേക്കുള്ള ഭക്ഷണസാധനങ്ങള് പഞ്ചായത്ത് പ്രസിഡന്റ് റോയി ജോര്ജിന്റെയും മെംബര് ടോമി പ്രാലടിയുടെയും നേതൃത്വത്തില് വള്ളത്തില് എത്തിച്ചു കൊടുത്തു.
തിങ്കളാഴ്ച പഞ്ചായത്തില് രണ്ട് ദുരിതാശ്വാസ ക്യാമ്പുകള് തുറന്നിരുന്നു. കടുത്തുരുത്തി ഗവണ്മെന്റ് വിഎച്ച്എസ്എസ്, ആയാംകുടി ഗവണ്മെന്റ് എല്പി സ്കൂള് എന്നിവടങ്ങളിലാണ് മറ്റു ക്യാമ്പുകള് പ്രവര്ത്തിക്കുന്നത്. കടുത്തുരുത്തിയില് 18 കുടുംബങ്ങളില് നിന്നുള്ള 37 പേരും ആയാംകുടിയില് ക്യാമ്പില് ഉള്കൊള്ളിക്കാവുന്ന പരമാവധി 50 പേരുമാണ് കഴിയുന്നത്. പാലിയപ്പാടം, ഇടമ്പാടം പ്രദേശങ്ങളില് നിന്നുള്ളവരാണ് കടുത്തുരുത്തിയിലെ ക്യാമ്പിലെത്തിയിട്ടുള്ളത്.
ആപ്പുഴ, എരുമത്തുരുത്ത്, പത്തുപ്പറ, ഈരേകടവ് പ്രദേശങ്ങളില് നിന്നുള്ള കുടുംബങ്ങളാണ് ആയാംകുടിയിലുള്ളത്. ഇങ്ങോട്ടേക്ക് കൂടുതല് ആളുകള് എത്തിയാല് മറ്റു സ്ഥലത്ത് കൂടി സൗകര്യം ഒരുക്കേണ്ടിവരുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സൂചന നല്കി. കൂടാതെ വെള്ളാശേരി മാന്നാര് പ്രദേശങ്ങളിലും വെള്ളപ്പൊക്ക ഭീഷിണിയുള്ളതിനാല് മാന്നാര് ഗവണ്മെന്റ് എല്പി സ്കൂളിലും ക്യാമ്പ് തുടങ്ങേണ്ടി വരുമെന്നാണ് അധികൃതര് നല്കുന്ന സൂചന.
ആവശ്യം വന്നാല് ഇതിനുള്ള ക്രമീകരണങ്ങളും സജ്ജമാണെന്നും പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. കടുത്തുരുത്തി ഭാഗത്തെ വെള്ളം ഇറങ്ങി ത്തുടങ്ങിയതിനാല് ഇവിടുത്തെ ക്യാമ്പില്നിന്നും ആളുകള് രാത്രിയോടെ മടങ്ങുമെന്നും പഞ്ചായത്തംഗം അനില്കുമാര് പറഞ്ഞു.
District News
തലയോലപ്പറമ്പ്: എജെ ജോൺ മെമ്മോറിയൽ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിലെ 80 അംഗങ്ങൾക്ക് ഭക്ഷണമൊരുക്കി മാതൃകയായി പഞ്ചായത്തിലെ എട്ട് വനിതാ ജനപ്രതിനിധികൾ.
തിങ്കളാഴ്ച ക്യാമ്പ് ആരംഭിച്ചതു മുതൽ വനിതാ ജനപ്രതിനിധികളാണ് ഇവിടെ ഭക്ഷണം തയാറാക്കുന്നത്. 36 കുടുംബങ്ങളിലായി 80 പേരാണ് ക്യാമ്പിലുള്ളത്. രാവിലെ ചായയ്ക്കൊപ്പം ഉപ്പുമാവും പപ്പടവും പഴവും ഉച്ചയ്ക്ക് ചോറും സാമ്പാറും അച്ചാറും ഒരുക്കി ദുരിതബാധിതർക്ക് വിളമ്പി നൽകിയത് വൈസ് പ്രസിഡന്റ് അനിത സുബാഷ്, പഞ്ചായത്ത് അംഗങ്ങളായ മിനി ബെന്നി, അമ്പിളി മായാത്മജൻ, സലില ബാബുരാജ്, നിർമല മാർട്ടിൻ, നിഷ വി. നായർ, ഫബിന നിസാർ, ശില്പ സാജു എന്നിവർ ചേർന്നാണ്.
സാധാരണ ക്യാമ്പുകളിൽ ദുരിത ബാധിതരോ അധികൃതർ ചുമതലപ്പെടുത്തുന്ന പാചകക്കാരോ ഭക്ഷണമൊരുക്കുമ്പോഴാണ് തലയോലപ്പറമ്പിൽ കലവറയുടെ ചുമതല തങ്ങൾ ഏറ്റോളാമെന്ന് പറഞ്ഞ് വനിതാ ജനപ്രതിനിധികൾ രംഗത്ത് വന്നത്. ഇതിനിടയിൽ തങ്ങളുടെ വാർഡുകളിലെ വെള്ളം കയറിയ വീടുകളിലെ അസുഖബാധിതരെ വാഹനത്തിലെത്തി വെള്ളം നീന്തിച്ചെന്ന് എടുത്തു ക്യാമ്പിലെത്തിച്ച് വൈദ്യസഹായം ഉറപ്പാക്കിയും ഇവർ ഒരുപടി മുന്നിലാണെന്ന് പ്രഖ്യാപിക്കുകയാണ്.
തലയോലപ്പറമ്പിൽ 10 വനിതാ മെംബർമാരാണുള്ളത്. ഇതിൽ രണ്ടുപേർ പരിശീലനത്തിന് പോയിരിക്കുകയാണ്. ബാക്കി എട്ടുപേർ ഒരേ മനസോടെ ദുരിതാശ്വാസ ക്യാമ്പിലെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുമ്പോൾ പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ള അഞ്ച് പുരുഷ കേസരികളും വനിതാ അംഗങ്ങളുടെ സമർപ്പണ മനോഭാവത്തെയും സംഘാടക മികവിനെയും കലവറയില്ലാതെ പ്രോത്സാഹിപ്പിച്ച് ഒപ്പമുണ്ട്.
District News
തലയോലപ്പറമ്പ്: ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷണം പാകം ചെയ്യാൻ പാചക വാതക സിലിണ്ടർ നൽകാൻ നിശ്ചിത തുക അടയ്ക്കണമെന്ന ഗ്യാസ് ഏജൻസി അധികൃതരുടെ നിലപാടിനെത്തുടർന്ന് ക്യാമ്പിലെ ഭക്ഷണം പാകം ചെയ്യൽ പ്രതിസന്ധിയിലായി.
വൈക്കം മറവൻതുരുത്ത് ഗവൺമെന്റ് യുപി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലാണ് പാചക വാതക സിലിണ്ടർ ലഭിക്കാത്തത് പ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചത്. സ്കൂളിൽ വിദ്യാർഥികൾക്ക് ഉച്ചഭക്ഷണം തയാറാക്കാനായി കരുതിയ പാചകവാതക സിലിണ്ടറാണ് ഇവിടെ താത്കാലികമായി ഉപയോഗിക്കുന്നത്.
ക്യാമ്പിന്റെ പ്രവർത്തനത്തിനായി ആറ് സിലിണ്ടർ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് വില്ലേജ് ഓഫീസർ ഭാരത് ഗ്യാസ് ഏജൻസിക്ക് അപേക്ഷ നൽകിയെങ്കിലും നിശ്ചിത തുക മുൻകൂറായി ഒടുക്കാതെ സിലിണ്ടർ നൽകില്ലെന്നാണ് ഏജൻസി അധികൃതർ അറിയിച്ചത്.
30 കുടുംബങ്ങളിൽനിന്നായി 53 അംഗങ്ങളാണ് ഈ ദുരിതാശ്വാസ ക്യാമ്പിലുള്ളത്. ഇവിടേക്ക് ആവശ്യമായ ഗ്യാസ് സിലിണ്ടർ ലഭ്യമാക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
District News
പാലാ: പ്രളയബാധിതര്ക്കായി പാലാ നഗരസഭയുടെ നേതൃത്വത്തില് പ്രവര്ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പില് കഴിയുന്നവര്ക്ക് വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും നേതൃത്വത്തില് സഹായ വിതരണം നടത്തി.
ക്യാമ്പില് കഴിയുന്നവര്ക്ക് ആവശ്യമായ ഭക്ഷണം, താമസം, ചികിത്സ എന്നിവ ഉള്പ്പെടെയുള്ള എല്ലാ അടിസ്ഥാന സൗകര്യങ്ങളും നഗരസഭ ഉറപ്പാക്കിയിട്ടുണ്ട്. ആക്ടിംഗ് ചെയര്പേഴ്സണ് മായാ രാഹുല് ക്യാമ്പ് സന്ദര്ശിച്ച് അന്തേവാസികള്ക്ക് തുണിത്തരങ്ങളും മറ്റ് അവശ്യസാധനങ്ങളും വിതരണം ചെയ്തു.
പാലാ അല്ഫോന്സ കോളജിലെ എന്എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില് ക്യാമ്പില് കഴിയുന്നവർക്കു തുണിത്തരങ്ങളും മറ്റ് സാധനങ്ങളും എത്തിച്ചു. എന്എസ്എസ് പ്രോഗ്രാം ഓഫീസര് ഡോ. റോസ് മേരി ഫിലിപ്പ്, സുനിത സന്താന്, ലക്ഷ്മി, ഷര്മിള എന്നിവര് ക്യാമ്പ് സന്ദര്ശിച്ച് പ്രവര്ത്തനങ്ങളില് പങ്കാളികളായി.
നിലവില് 25 പേരാണ് ക്യാമ്പില് കഴിയുന്നത്. മഴയ്ക്ക് ശമനമായതോടെ ക്യാമ്പിലുള്ളവര് തങ്ങളുടെ വീടുകള് ശുചീകരിക്കുന്നതിനുള്ള നടപടികള് ആരംഭിച്ചതായി അധികൃതര് അറിയിച്ചു. ക്യാമ്പിലുള്ളവര്ക്ക് ആവശ്യമായ മെഡിക്കല് സേവനങ്ങളും ലഭ്യമാക്കിയിട്ടുണ്ട്.
ആരോഗ്യ സ്റ്റാന്ഡിംഗ് കമ്മിറ്റി ചെയര്പേഴ്സണ് രജിത പ്രകാശ്, പൊതു മരാമത്ത് ചെയര്മാന് ടോണി തൈപ്പറമ്പില്, ലിസി കുട്ടി മാത്യു എന്നിവര് ക്യാമ്പ് സന്ദര്ശിച്ച് പ്രവര്ത്തനങ്ങള് വിലയിരുത്തി. കരൂര് പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി പി. എന്.ഇന്ദു, ചാര്ജ് ഓഫീസര് എം. കെ.അഷറഫ് , മുനിസിപ്പല് ജീവനക്കാരായ ബിനീഷ്, ഇ.എ. വീര് (സിപി) എന്നിവരാണ് ക്യാമ്പിന്റെ പ്രവര്ത്തനങ്ങള്ക്ക് നേതൃത്വം നല്കുന്നത്.
സേവനവുമായി മാര് സ്ലീവാ മെഡിസിറ്റിയും
പാലാ: മഴക്കാല ദുരിതാശ്വാസ ക്യാമ്പുകളില് കഴിയുന്നവര്ക്ക് ആരോഗ്യ പരിശോധനയുമായി മാര് സ്ലീവാ മെഡിസിറ്റിയുടെ സേവനങ്ങള് ആരംഭിച്ചു. അയര്ക്കുന്നം പഞ്ചായത്തിലെ ദുരിതാശ്വാസ ക്യാമ്പില് മെഡിക്കല് ടീം എത്തി സൗജന്യ പരിശോധന നടത്തി. കമ്യൂണിറ്റി മെഡിസിന്, പീഡിയാട്രിക് മെഡിസിന് വിഭാഗങ്ങള് പരിശോധനയയ്ക്ക് നേതൃത്വം നല്കി.
നഷ്ടപരിഹാരം നല്കാന് തയാറാകണമെന്ന്
കോട്ടയം: കഴിഞ്ഞദിവസം അപ്രതീക്ഷിതമായുണ്ടായ ഉരുള്പൊട്ടലിലും ജലപ്രളയത്തിലുമായി ചെറുകിട വ്യവസായികള്ക്കും വ്യാപാരികള്ക്കും കോടിക്കണക്കിനു രൂപയുടെ നഷ്ടം നേരിട്ടതായും സംരംഭകര്ക്ക് നഷ്ടപരിഹാരം നല്കാന് സര്ക്കാര് തയാറാകണമെന്നും കേരള ചെറുകിട വ്യവസായി അസോസിയേഷന് കോട്ടയം ജില്ല പ്രസിഡന്റ് കെ. ദിലീപ് കുമാര്, മുന് സംസ്ഥാന പ്രസിഡന്റ് സേവ്യര് തോമസ് കൊണ്ടോടി, സെക്രട്ടറി ജോസ് ഞാവള്ളി എന്നിവര് ആവശ്യപ്പെട്ടു.
ഈരാറ്റുപേട്ടയിലെ സുനില് തടിക്കലിന്റെ തനി നാടന് ഫുഡ് പ്രോസസിംഗ് യൂണിറ്റിന് ഉത്പന്നങ്ങളും മെഷീനറികളും അടക്കം ഏകദേശം 20 ലക്ഷം രൂപയുടെ നഷ്ടം നേരിട്ടു. കാര്ഷിക ഉപകരണ നിര്മാണ ശാലയായ വിജയകുമാറിന്റെ ഫാക്ടറിയിലെ ലക്ഷക്കണക്കിന് വിലവരുന്ന മോട്ടോറുകളും അനുബന്ധ സാമഗ്രികളും വെള്ളം കയറി നശിച്ചിട്ടുള്ളതാണ്. ജില്ലയിലെ വിവിധ സ്ഥലങ്ങളിലായി നിരവധി വ്യവസായ ശാലകള്ക്ക് നഷ്ടം സംഭവിച്ചതായും ആവശ്യമായ സാമ്പത്തിക, സാങ്കേതിക സഹായങ്ങള് സര്ക്കാര് ചെയ്തുനൽകണമെന്നും ഭാരവാഹികള് പറഞ്ഞു.
District News
കൊടകര: കുറുമാലി പുഴയിൽ ജലനിരപ്പ് ഉയർന്ന് പറപ്പൂക്കര ഗ്രാമ പഞ്ചായത്തിലെ അഞ്ച്, ആറ് വാർഡുകളുൾപ്പെടുന്ന പന്തല്ലൂർ പ്രദേശത്ത് വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് 13 കുടുംബങ്ങളെ പന്തല്ലൂർ ജനത സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിപാർപ്പിച്ചു. 36 പേരാണ് ക്യാമ്പിലുള്ളത്. കെ.കെ. രാമചന്ദ്രൻ എംഎൽഎ, ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ എന്നിവർ ക്യാമ്പ് സന്ദർശിച്ച് ക്രമീകരണങ്ങൾ വിലയിരുത്തി.
പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീനാ സുരേന്ദ്രൻ, ജനപ്രതിനിധികളായ കെ. സുധാകരൻ, അജിതാ രമേശൻ, മുകുന്ദപുരം ഭൂരേഖ തഹസീൽദാർ ആന്റോ ജേക്കബ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
District News
ചെറുവള്ളി: ചിറക്കടവ് പഞ്ചായത്തിലെ മണ്ണനാനിയിൽ പ്രളയം മൂലം ദുരിതമനുഭവിക്കുന്നവരെ മുൻ എംഎൽഎ ഡോ. എൻ. ജയരാജിന്റെ നേതൃത്വത്തിൽ കേരളകോൺഗ്രസ്-എം പ്രവർത്തകർ സന്ദർശിച്ചു. ചെറുവള്ളി ഗവൺമെന്റ് എൽപിസ്കൂളിലാണ് ക്യാമ്പ്. വീട്ടുസാധനങ്ങൾ മുഴുവൻ നഷ്ടപ്പെട്ട ഇവർക്ക് നഷ്ടപരിഹാരം നൽകണമെന്ന് ഡോ. എൻ. ജയരാജ് ആവശ്യപ്പെട്ടു. ഷാജി പാമ്പൂരി, സുമേഷ് ആൻഡ്രൂസ്, ആന്റണി മാർട്ടിൻ, രാഹുൽ ബി. പിള്ള, രമേഷ് ആർ. നായർ, ഷാജി നഗരൂർ എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
District News
ഫോര്ട്ടുകൊച്ചി: ശക്തമായ മഴയും കടല്ക്ഷോഭത്തെയും തുടര്ന്ന് നൂറു കണക്കിന് വീടുകളില് കടല് വെള്ളം കയറി. ഇതേ ചെല്ലാനം പഞ്ചായത്തില് ആദ്യത്തെ ദുരിതാശ്വാസ ക്യാന്പ് തുറന്നു. ചെറിയ കടവ് സെന്റ് ജോസഫ് കോണ്വന്റില് ആരംഭിച്ച ക്യാന്പില് ആറു വീട്ടുകാരാണ് അഭയം തേടിയിടുള്ളത്.
കണ്ണമാലി, ചെല്ലാനം റോഡിലേക്ക് കടല് വെള്ളം എത്തിയതോടെ തീരദേശ റോഡുവഴിയുള്ള വാഹന ഗതാഗതം തടസപ്പെട്ടു. ഇരു ചക്രവാഹനങ്ങളും ഓട്ടോറിക്ഷകളും നടുറോഡില് കുടുങ്ങി. വീടുകള്ക്ക് ചുറ്റുമുള്ള മരങ്ങള് പലതും കടപുഴകിയ നിലയിലാണ്. പുത്തന്തോട് ഭാഗത്ത് കടല് തീരത്ത് സൂക്ഷിച്ചിരുന്ന വള്ളങ്ങളും, വലകളും കടല് ഒഴുക്കിയെടുത്തതായി നാട്ടുകാര് പറഞ്ഞു. കടലുമായി ബന്ധപ്പെട്ടിരുന്ന ഇട തോടുകള് മണല് നിറഞ്ഞ് അടഞ്ഞു പോയതോടെ കടല്വെള്ളം ഒഴുകി പോകാന് ഇടമില്ലാതായി.
പഞ്ചായത്തിനന്റെ നിയന്ത്രണത്തില് നടക്കുന്ന കടലാക്രമണ പ്രതിരോധത്തിനായി മണല് വാടകള് തീര്ക്കുന്ന ജോലികള് മുടങ്ങിയതോടെ കടല്വെള്ളത്തിന്റെ വരവിന്റെ ശക്തി വര്ധിച്ചതായി നാട്ടുകാര് പറഞ്ഞു.തെക്കേ ചെല്ലാനം മുതല് പുത്തന് തോട് ഭാഗം വരെ ടെട്രോ പോഡ് കടല് ഭിത്തികള് നിര്മിച്ചിട്ടുള്ള പ്രദേശങ്ങള് സുരക്ഷിതമാണ്. പ്രദേശത്ത് കൊച്ചി തഹസില്ദാര് നിഷാന്ത് മോഹന്, ചെല്ലാനം വില്ലേജ് ഓഫീസര് സോണി ജോര്ജ് എന്നിവരുടെ നേതൃത്വത്തില് റവന്യൂ സംഘം ക്യാന്പ് ചെയ്യുന്നുണ്ട്.
ഒക്കൽ തുരുത്ത് മുങ്ങി
പെരുമ്പാവൂർ: ഒക്കൽ തുരുത്ത് ചപ്പാത്ത് മുങ്ങി. പെരിയാറിൽ ജലനിരപ്പ് ഉയർന്നത് മൂലം തുരുത്തിലേക്കുള്ള ഏക സഞ്ചാരമാർഗം ചപ്പാത്ത് വെള്ളത്തിനടിയിലായി. വഞ്ചിയിലൂടെ കടക്കാനുള്ള വഴിയിൽ വഴിമുടക്കി ഇല്ലി പട്ടകൾ മറിഞ്ഞു കിടക്കുകയാണ്.
District News
കൊടകര: ശക്തമായ മഴയില് കൊടകരയിലെ താഴ്ന്ന പ്രദേശങ്ങളില് വെള്ളം കയറി. കൊടകര വല്ലപ്പാടിയില് അഞ്ചു വീടുകളിലേക്കാണു വെള്ളം കയറിയത്. വല്ലപ്പാടി കാവനാട് റോഡും വെള്ളത്തിനടിയില് ആയി. തയ്യില് കുമാരി, കുഴുപ്പുള്ളി ഉണ്ണികൃഷ്ണന്, കുഴുപ്പുള്ളി സിജില് എന്നിവരുടെ വീടുകളിലേക്കാണ് വെള്ളം കയറിയത്.
ഈ വീടുകളില് ഉണ്ടായിരുന്നവരെ കൊടകര ഗവ. എല്പി സ്കൂളില് ആരംഭിച്ച ദുരിതാശ്വാസ ക്യാന്പിലേക്കു മാറ്റി. കൊടകര ഗവ. എല്പി സ്കൂളില് ദുരിതാശ്വാസക്യാമ്പ് പ്രവര്ത്തനം ആരംഭിച്ചു. പത്തുപേരാണ് ക്യാമ്പില് ഉള്ളത്. മഴ ഇനിയും കനക്കുകയാണെങ്കില് കൂടുതല്പേര് ക്യാമ്പിലേക്ക് എത്താന് സാധ്യതയുണ്ട്.
കപ്പത്തോട് കവിഞ്ഞൊഴുകി;
റോഡ് വെള്ളത്തിൽ
കുറ്റിക്കാട്: കനത്ത മഴയെത്തുടർന്ന് കപ്പത്തോട് കവിഞ്ഞൊഴുകി റോഡിലേക്കു വെള്ളം കയറി. കുണ്ടുകുഴിപ്പാടം - കുറ്റിക്കാട് റോഡിൽ കൂർക്കമറ്റം സെമിനാരി ഭാഗത്ത് കപ്പത്തോടിൽനിന്നു വെള്ളം റോഡിലേക്ക് കയറി. താഴൂർ പോത്തോടി റോഡിലേക്കും വെള്ളം കയറിയിട്ടുണ്ട്.
Kerala
കല്പ്പറ്റ: മേപ്പാടി പോളിടെക്നിക്കിലെ ദുരിതാശ്വാസ ക്യാമ്പില് പ്രദേശത്തുള്ള 42 കുടുംബങ്ങളിലെ 142 പേരെ മാറ്റി പാര്പ്പിച്ചു. മേപ്പാടി സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്മാര് ഉള്പ്പെടെയുള്ള ആരോഗ്യപ്രവര്ത്തകരുടെ സേവനം ഇവിടെ ഉറപ്പാക്കിയിട്ടുണ്ട്.
രാത്രി രക്ഷാപ്രവര്ത്തനം അവസാനിപ്പിച്ചാലും ആംബുലന്സും മെഡിക്കല് ടീമും ക്യാമ്പ് ചെയ്യും. ആരോഗ്യവകുപ്പിന്റെ എല്ലാ സേവനങ്ങളും 24 മണിക്കൂറും സ്ഥലത്ത് ഉറപ്പാക്കിയിട്ടുണ്ട്. വയനാട് ഡിഎംഒ ഡോ. മൊയ്തീന് ഷാ, ജില്ലാ പ്രോഗ്രാം മാനേജര് ഡോ.വി.ആര്. ഷീജ, മേപ്പാടി സാമൂഹ്യാരോഗ്യ കേന്ദ്രം സൂപ്രണ്ട് പ്രസന്നകുമാര് എന്നിവരുടെ നേതൃത്വത്തിലാണ് ആരോഗ്യവകുപ്പിന്റെ പ്രവര്ത്തനങ്ങള് ഏകോപിപ്പിക്കുന്നത്.
എസ്ഐക്കു പരിക്ക്
കൽപ്പറ്റ: രാക്ഷാപ്രവര്ത്തനത്തിനിടെ തലയില് കമ്പിവീണ് മേപ്പാടി എസ്ഐ സന്തോഷ്കുമാറിനു നിസാര പരിക്കേറ്റു. ഡോ. മൂപ്പന്സ് ആശുപത്രിയില് പ്രാഥമിക ശുശ്രൂഷ നൽകിയശേഷം അദ്ദേഹം ആശുപത്രി വിട്ടു. ഒമ്പത് പേരെയാണ് രക്ഷാപ്രവര്ത്തകര് ഡോ. മൂപ്പന്സ് ആശുപത്രിയില് എത്തിച്ചത്. ഇതില് മൂന്നു പേരാണ് ആശുപത്രി വിട്ടത്. മീനാക്ഷിയില് കള്ളാടി-ആനക്കാംപൊയില് തുരങ്കപാത സൈറ്റില് ജോലി ചെയ്തിരുന്ന മധ്യപ്രദേശ് സ്വദേശികളായ തൊഴിലാളികളാണ് ചികിത്സയില് തുടരുന്ന ആറു പേര്. ഇതില് രണ്ടു പേര് തീവ്രപരിചരണ വിഭാഗത്തിലാണ്.
പരിക്കേറ്റവർ
മേപ്പാടി: കള്ളാടിയിലെ മണ്ണിടിച്ചിലിൽ അപകടത്തിൽപ്പെട്ടതിൽ ഒന്പത് പേർ മേപ്പാടി വിംസ് ആശുപത്രിയിൽ ചികിത്സ തേടി. മധ്യപ്രദേശ് സ്വദേശികളായ ഹിര കുമാർ (32), ദിലീപ് (19), സൂരജ് യാദവ് (25), സഞ്ജയ് താക്കൂർ (35), രജനീഷ് (27), തയ് ഘോഷ് (28), തമിഴ്നാട് സ്വദേശി കൂടമ്മാൾ (ജയ) (37), മലയാളികളായ കുഞ്ചു (39), മേപ്പാടി എസ്ഐ സന്തോഷ് കുമാർ എന്നിവരാണ് ചികിത്സ തേടിയത്. രണ്ട് പേരുടെ പരിക്ക് ഗുരുതരമാണ്. ഇവർ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്. ഇവരിൽ കൂടമ്മാൾ (ജയ 37), സന്തോഷ് കുമാർ എന്നിവരെ ഡിസ്ചാർജ് ചെയ്തു.