വാഷിംഗ്ടൺ: ലേബലിലെ പിഴവിനെത്തുടർന്ന് ഒരു ലക്ഷത്തിലധികം വേദനസംഹാരി ഗുളികകൾ അടങ്ങിയ കുപ്പികൾ രാജ്യവ്യാപകമായി തിരിച്ചുവിളിക്കുന്നതായി യുഎസ് ഫൂഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) അറിയിച്ചു. വാല്യൂഹെൽത്ത് എന്ന പേരിൽ വിൽക്കുന്ന അസെറ്റാമിനോഫെൻ മരുന്നിന്റെ കുപ്പികളിലാണ് പിഴവ് കണ്ടെത്തിയത്.
40 ഗുളികകൾ അടങ്ങിയ കുപ്പികളുടെ പുറത്തെ പെട്ടിയിൽ മരുന്നിന്റെ ശരിയായ പേരാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ അകത്തുള്ള കുപ്പിയിലെ ലേബലിൽ മരുന്നിന്റെ പേര് തെറ്റായി ‘പെയിൻ റിലീഫ് പി.എം.’ എന്നാണ് നൽകിയിരിക്കുന്നത്. ലേബലിലെ ഈ പൊരുത്തക്കേടാണ് തിരിച്ചുവിളിക്കലിന് കാരണമായത്.
പ്രധാനമായും ഡോളർ ട്രീ സ്റ്റോറുകൾ വഴിയാണ് ഈ മരുന്നുകൾ വിൽക്കുന്നത്. ഡോക്ടറുടെ കുറിപ്പടി ആവശ്യമില്ലാതെ വാങ്ങാവുന്ന വേദനസംഹാരിയാണിത്. ലേബലിലെ പിഴവ് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാനുള്ള സാധ്യത കുറവാണെന്നാണ് എഫ്.ഡി.എയുടെ വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ തിരിച്ചുവിളിക്കലിനെ ഏറ്റവും കുറഞ്ഞ അപകടസാധ്യതയുള്ള വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.തിരിച്ചുവിളിക്കലിൽ ഉൾപ്പെട്ട മരുന്നുകൾ കൈവശമുള്ള ഉപഭോക്താക്കൾ കുപ്പിയിലെ വിവരങ്ങൾ പരിശോധിക്കണമെന്ന് അധികൃതർ നിർദേശിക്കുന്നു.