രാവിലെ എഴുന്നേൽക്കുന്നത് മുതൽ രാത്രി ഉറങ്ങുന്നത് വരെ എല്ലാം ഒരു റീൽ ആക്കുന്ന കാലമാണ് ഇത്. പ്രത്യേകിച്ച് പെൺകുട്ടികൾ. കുക്കിംഗ് വീഡിയോ, ഡാൻസ് റീൽ, ഡേയ് ഇൻ മൈ ലൈഫ് വീഡിയോ... എല്ലാം വൈറലാകുന്നു. എന്നാൽ ഈ വൈറലാകാനുള്ള ഓട്ടത്തിനിടയിൽ, പലരും അറിയാതെ തന്നെ സ്വന്തം സ്വകാര്യതയാണ് പണയം വെക്കുന്നത്.വൈറലാകാൻ വേണ്ടി എന്തൊക്കെ ചെയ്യുന്നു?
1. വീടും സ്ഥലവും വെളിപ്പെടുത്തുന്നു
റീലിൽ പിന്നിൽ കാണുന്ന വീടിന്റെ പേര്, സ്കൂളിലെ യൂണിഫോം, സ്ഥിരമായി പോകുന്ന കട, വഴി - ഇതെല്ലാം വെച്ച് ആർക്കും ഒരാളെ കണ്ടെത്താൻ കഴിയും. പല പെൺകുട്ടികളും ഇത് ശ്രദ്ധിക്കാറേയില്ല.
2. കുടുംബത്തെ മുഴുവൻ ക്യാമറയ്ക്ക് മുന്നിൽ കൊണ്ടുവരുന്നു
അമ്മ, അച്ഛൻ, കുഞ്ഞ്, ഭർത്താവ് - എല്ലാവരുടെയും സ്വകാര്യ നിമിഷങ്ങൾ കണ്ടന്റ് ആകുന്നു. ഒരിക്കൽ ഇന്റർനെറ്റിൽ വന്നാൽ, അത് പിന്നീട് ഡിലീറ്റ് ചെയ്താലും പോകില്ല.
3. വൈകാരിക കാര്യങ്ങൾ തുറന്ന് പറയുന്നു
ബ്രേക്കപ്പ്, കുടുംബ വഴക്ക്, സാമ്പത്തിക ബുദ്ധിമുട്ട് ,ഇതെല്ലാം തുറന്ന് പറഞ്ഞ് വ്യൂസ് കൂട്ടുന്ന ട്രെൻഡ് കൂടി വരുന്നു. കുറച്ച് നാളത്തേക്ക് വ്യൂസ് കിട്ടും, പക്ഷേ പിന്നീട് അത് തന്നെ തിരിച്ചടിയാകും.
അപകടം എവിടെയാണ്?
1. വീഡിയോ ഡൗൺലോഡ് ചെയ്ത് മോർഫ് ചെയ്ത് തെറ്റായ രീതിയിൽ പ്രചരിപ്പിക്കപ്പെടുന്നു.
2. അപരിചിതർ സ്ക്രീൻഷോട്ട് എടുത്ത് വ്യാജ അക്കൗണ്ട് ഉണ്ടാക്കുന്നു.
3. ജോലിക്ക് പോകുമ്പോഴോ, വിവാഹം കഴിക്കുമ്പോഴോ പഴയ വീഡിയോകൾ പ്രശ്നമാകുന്നു.
4. കുട്ടികളുടെ വീഡിയോ ഇടുന്നവർക്ക് പിന്നീട് കുട്ടികൾ തന്നെ ചോദ്യം ചെയ്യുന്ന അവസ്ഥ വരുന്നു.
എന്താണ് ചെയ്യേണ്ടത്?
1. വീട്ട് പേര്, ലൊക്കേഷൻ, സ്കൂൾ, കോളജ് എന്നിവ ഒരു വീഡിയോയിലും കാണിക്കരുത്.
2. ഫോൺ നമ്പർ, ഇൻസ്റ്റഗ്രാം ലൊക്കേഷൻ ടാഗ് ഓഫ് ചെയ്യുക.
3. കുടുംബത്തിന്റെ അനുമതി ഇല്ലാതെ അവരുടെ വീഡിയോ ഇടരുത്.
4. വൈകാരികമായി തകർന്നിരിക്കുന്ന സമയത്ത് വീഡിയോ ചെയ്യരുത്.
5. റീൽസ് ഒരു ജോലിയായി കാണുക, ജീവിതം മുഴുവൻ റീൽസ് ആക്കരുത്.
റീൽസ് ചെയ്യുന്നത് തെറ്റല്ല. കഴിവ് കാണിക്കാനും, വരുമാനം ഉണ്ടാക്കാനും നല്ല വഴിയാണ്. പക്ഷെ വൈറലാകാൻ വേണ്ടി സ്വകാര്യത മുഴുവൻ വിൽക്കുമ്പോൾ, നഷ്ടം നമുക്ക് തന്നെയാണ്. ക്യാമറ ഓഫ് ആകുമ്പോഴും ഒരു ജീവിതം ഉണ്ടന്ന് മറക്കാതിരിക്കുക.