ന്യൂഡൽഹി: ലോകത്ത് എവിടെയുമുള്ള യുദ്ധം എല്ലായിടത്തും സമാധാനത്തിനു ഭീഷണിയാണെന്ന് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ. ഐക്യരാഷ്ട്രസഭാ ദിനത്തോടനുബന്ധിച്ച് ഡൽഹിയിൽ നടന്ന ചിന്മയ അമൃത് മഹോത്സവ് ഗ്ലോബൽ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സംഘർഷങ്ങൾ പരിഹരിക്കാനുള്ള ഏകമാർഗം സംഭാഷണവും നയതന്ത്രവുമാണെന്ന ഇന്ത്യയുടെ നിലപാട് ജയ്ശങ്കർ ആവർത്തിച്ചു. റഷ്യ-യുക്രെയ്ൻ യുദ്ധത്തെയും പശ്ചിമേഷ്യയിൽ അമേരിക്ക, ഇസ്രയേൽ, ഇറാൻ എന്നിവ ഉൾപ്പെടുന്ന സംഘർഷങ്ങളെയും ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പരാമർശങ്ങൾ. ഇത്തരം സംഘർഷങ്ങൾ കാരണം അതിൽ കാര്യമായ പങ്കില്ലാത്ത സാധാരണ ജനങ്ങളാണു യഥാർഥത്തിൽ ദുരിതമനുഭവിക്കുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
വിഷയത്തിൽ നിശബ്ദ കാഴ്ചക്കാരായി ഇരിക്കാൻ ഇന്ത്യക്കു കഴിയില്ല. സംഘർഷങ്ങൾ പരിഹരിക്കുന്നതിന് ഇന്ത്യ സ്വന്തം നിലയിൽ ശ്രമങ്ങൾ നടത്തുന്നുണ്ട്. സമാധാനം പുനഃസ്ഥാപിക്കാൻ മറ്റു രാജ്യങ്ങളുമായി ചേർന്നു പ്രവർത്തിക്കാൻ തയാറാണ്.
സമാധാനശ്രമങ്ങൾക്കായി ഇന്ത്യ നിരന്തരം സമ്മർദം ചെലുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭീകരവാദത്തെ ഒരു രാഷ്ട്രതന്ത്ര ഉപകരണമായി ഉപയോഗിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും അതിനെ ന്യായീകരിക്കാനോ യുക്തിസഹമായി അവതരിപ്പിക്കാനോ കഴിയില്ലെന്നും ജയ്ശങ്കർ പറഞ്ഞു.
ചരിത്രം ഇതിനു നിരവധി പാഠങ്ങൾ നൽകിയിട്ടുണ്ടെങ്കിലും ചില രാജ്യങ്ങൾ ഇപ്പോഴും രാഷ്ട്രീയ കണക്കുകൂട്ടലുകളില്‍ ഭീകരവാദത്തിന് മുൻഗണന നൽകുന്നുണ്ടെന്ന് പാക്കിസ്ഥാന്റെ പേരു പറയാതെ അദ്ദേഹം വിമർശിച്ചു