വടക്കാഞ്ചേരി: പുഴയ്ക്കു കുറുകെയുള്ള പഴയ പാലം പൊളിച്ചതിന്റെ അവശിഷ്ടങ്ങളും മണ്ണും 24 മണിക്കൂറിനുള്ളിൽ നീക്കംചെയ്യണമെന്ന് അന്ത്യശാസനവുമായി ടൗൺ കൗൺസിലർമാർ രംഗത്ത്.
വേനൽമഴ പെയ്താൽ നഗരം വെള്ളത്തിനടിയിലാകുമെന്നാണ് നാട്ടുകാരുടെ ആശങ്കയെന്ന് പൊതുമരാമത്ത് ബ്രിഡ്ജ് വിഭാഗം അധികൃതരെ നേരിൽകണ്ട് ജനപ്രതിനിധികളായ പി.എൻ. വൈശാഖ്, സന്ധ്യ കൊടക്കാടത്ത്, എം.എച്ച്. ഷാനവാസ്, കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് ബിജു ഇസ്മായിൽ എന്നിവർ അറിയിച്ചു. പൊളിച്ച പാലത്തിന്റെ അവശിഷ്ടങ്ങളും മുറിച്ചുമാറ്റിയ മരത്തിന്റെ ഭാഗങ്ങളും മണ്ണും പുഴയിൽവീണ് സ്വാഭാവിക നീരൊഴുക്ക് തടസപ്പെടടും. വേനൽ മഴ ശക്തമായാൽ നീരൊഴുക്ക് തടസപ്പെട്ട് നഗരത്തിലെ വ്യാപാരസ്ഥാപനങ്ങളിലും ജനവാസ മേഖലയിലും വെള്ളപ്പൊക്കമുണ്ടാകുന്ന അവസ്ഥയുണ്ടാകും.
അതിനാൽതന്നെ അടിയന്തരമായി ഇവ നീക്കംചെയ്യണമെന്ന് അധികാരികളെ ആവശ്യപ്പെട്ടു. 24 മണിക്കൂറിനുള്ളിൽ ഇവ നീക്കംചെയ്യാനുളള നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം നിർമാണ മേഖലയിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുമെന്നും പി.എൻ. വ ശാഖ് പറഞ്ഞു. വേനൽ മഴ ശക്തമായാൽ പുഴയോരത്ത് കൂനകൂട്ടിയിട്ടിരിക്കുന്ന മണ്ണ് പുഴയിലേക്ക് ഒലിച്ചിറങ്ങി അവിടെ വലിയ തടയണ രൂപപ്പെടും. ഇത് ഏറ്റവുമധികം ബാധിക്കുക ടൗൺ ഡിവിഷനുകളെയാണെന്നും ജനപ്രതിനിധികൾ വ്യക്തമാക്കി.