ഇരിട്ടി: ജപ്പാനിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയ പടിയൂർ നിടിയോടിയിലെ തെക്കൻവീട്ടിൽ പ്രകാശൻ–ബീന ദമ്പതികളുടെ മകൾ ദേവികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരില്ല. മൃതദേഹം ജപ്പാനിൽ തന്നെ ഹിന്ദു ആചാരപ്രകാരം സംസ്കരിക്കുമെന്ന് ദേവികയുടെ അച്ഛൻ അറിയിച്ചു.
കഴിഞ്ഞ രണ്ടിന് ഇന്ത്യൻ സമയം രാത്രി 8.30 വരെ ദേവിക മാതാപിതാക്കളുമായി ഫോണിൽ സംസാരിച്ചിരുന്നു. തുടർന്ന് മൂന്നും നാലും തീയതികളിൽ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ലഭിച്ചില്ല. ഇതിനിടെയാണ് നാലിന് ഉച്ചയോടെ ദേവികയെ കാണാതായ വിവരം ജപ്പാനിൽനിന്ന് കുടുംബത്തെ അറിയിച്ചത്. തുടർന്ന് ട്രെയിൻ തട്ടി മരിച്ചെന്ന വിവരവും ലഭിച്ചു.
പൊലിസ് നടത്തിയ അന്വേഷണത്തിലാണ് ബുള്ളറ്റ് ട്രെയിൻ തട്ടി ചിന്നിച്ചിതറിയ നിലയിൽ മൃതദേഹം കണ്ടെത്തിയതെന്ന് കുടുംബത്തിന് വിവരം ലഭിച്ചത്. സമീപത്തുനിന്ന് ലഭിച്ച തിരിച്ചറിയൽ കാർഡിന്റെ അടിസ്ഥാനത്തിലാണ് മരിച്ചത് ദേവികയാണെന്ന് സ്ഥിരീകരിച്ചത്. ലാബ് ടെക്നീഷ്യൻ കോഴ്സ് പഠിച്ച ദേവിക ജപ്പാനിൽ നഴ്സിംഗ് കെയറായി ജോലി ചെയ്തുവരികയായിരുന്നു. ജോലിസ്ഥലത്ത് സമ്മർദവും ശകാരവും ഉണ്ടായിരുന്നതായും ജോലി മടുത്തതായി ദേവിക പറഞ്ഞിരുന്നതായും പിതാവും ബന്ധുക്കളും പറയുന്നു. ഇതാകാം മരണത്തിന് കാരണമെന്നാണ് കുടുംബത്തിന്റെ സംശയം.
സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് പൊലിസ്, നോർക്ക, ഇന്ത്യൻ എംബസി എന്നിവിടങ്ങളിൽ പരാതി നൽകാൻ കുടുംബം ഒരുങ്ങുകയാണ്. മൃതദേഹം നാട്ടിലെത്തിക്കുന്നത് പ്രായോഗികമായി ബുദ്ധിമുട്ടായതിനാലാണ് ജപ്പാനിൽ തന്നെ സംസ്കരിക്കാൻ തീരുമാനിച്ചത്. തുടർന്ന് ചിതാഭസ്മം നാട്ടിലെത്തിച്ച് കർമങ്ങൾ നടത്താനും കുടുംബം ശ്രമിക്കുന്നുണ്ട്.