ഇറാൻ യുദ്ധം നാലു ദിവസം പിന്നിട്ടു. യുദ്ധത്തിന്റെ അന്ത്യം സംബന്ധിച്ച് ഒരു സൂചനയും ഇല്ല. സമാധാന ചർച്ചകൾ നടക്കുന്നതായും സൂചനയില്ല. ഒരു മാസത്തിലധികം നീളാം എന്ന പ്രസിഡന്റ് ട്രംപിന്റെ പ്രസ്താവന മാത്രമാണ് നിലവിലുള്ളത്.
യുദ്ധകാര്യം ആകുമ്പോൾ കേൾക്കുന്നവ എല്ലാം വിശ്വസിക്കാനും പറ്റില്ല. ഇപ്പോൾ ഉയരുന്ന ചോദ്യം കരയുദ്ധത്തിലേക്കു കാര്യങ്ങൾ എത്തുമോ എന്നതാണ്. നീണ്ട യുദ്ധം അനിവാര്യമായും കരയുദ്ധത്തിലേക്കു നീങ്ങും. അമേരിക്കൻ ഭടന്മാരെ കരയുദ്ധത്തിലേക്കു വിടുമോ എന്നു തിങ്കളാഴ്ച സെനറ്റർമാർ ചോദിച്ചതിന്, പ്രതിരോധ സെക്രട്ടറി പീറ്റർ ഹെഗ്സെത്ത് കൃത്യമായ മറുപടി നൽകിയില്ല. കരയുദ്ധസാധ്യത അദ്ദേഹം തള്ളിക്കളഞ്ഞുമില്ല.
1990ൽ കുവൈറ്റിനെ മോചിപ്പിക്കാൻ ഓപ്പറേഷൻ ഡെസർട്ട് സ്റ്റോമും 2003ൽ സദ്ദാം ഹുസൈനെതിരേ രണ്ടാം ഇറാക്ക് യുദ്ധവും മറ്റു പശ്ചിമേഷ്യൻ യുദ്ധങ്ങളും തുടങ്ങുമ്പോൾതന്നെ അമേരിക്ക കരസേനയെ ഇറക്കിയിരുന്നു. മാസങ്ങൾ നീളാവുന്ന യുദ്ധം ആസൂത്രണം ചെയ്താണ് യുഎസ് പ്രതിരോധവകുപ്പ് (പെന്റഗൺ) അന്ന് അവ തുടങ്ങിവച്ചത്. പലതും വർഷങ്ങളോളം നീണ്ടുപോയതു വേറെ കാര്യം.
ഇപ്പോൾ പെട്ടെന്നു കാര്യം സാധിക്കാം എന്ന മട്ടിൽ ആഴ്ചകളുടെ കണക്കുമായാണു ട്രംപ് യുദ്ധത്തിനു നിർദേശിച്ചത്. പക്ഷേ ഇറാനിലെ ഭരണസമിതിയിൽനിന്നു പ്രതീക്ഷിച്ച കൂറുമാറ്റം ഉണ്ടായില്ല. കൂറുമാറും എന്നു കരുതിയ ചിലർ ഖമനയ്ക്കൊപ്പം കൊല്ലപ്പെട്ടു എന്ന് ട്രംപ് സൂചിപ്പിച്ചു. പിന്നീടു കൂറുമാറ്റസാധ്യത കൽപിച്ചിരുന്ന ആളാണ് ദേശീയ സുരക്ഷാ കൗൺസിൽ മേധാവി അലി അർദാഷിർ ലാറിജാനീ. ഖമനയ്യുടെ വിശ്വസ്ത ഉപദേഷ്ടാവ് ആയിരുന്ന ലാറിജാനീ അമേരിക്കയെ പാഠം പഠിപ്പിക്കും എന്നു പറഞ്ഞു ഭരണകൂടത്തിന്റെ കൂടെ ഉറച്ചുനിൽക്കുന്നു എന്നാണു റിപ്പോർട്ടുകൾ.
ഭരണകൂടത്തിലെയോ സൈന്യത്തിലെയോ ഗണ്യമായ വിഭാഗത്തിന്റെ പിന്തുണ ഇല്ലാതെ കൂറുമാറി ആരെങ്കിലും വരുന്നതിനു സാധ്യതയേ ഇല്ല. ഭരണ നേതൃത്വത്തിൽ വ്യക്തമായ ചേരിതിരിവുണ്ടായി പിളരാൻ തുടങ്ങിയാലേ അതു നടക്കൂ. ഇപ്പോൾ ഒറ്റക്കെട്ടായി അമേരിക്കയോടു പൊരുതാൻ നിൽക്കുകയാണ് അവർ. ഇറാനു പിടിച്ചുനിൽപ് അസാധ്യമാകും എന്നു തോന്നുന്ന അവസ്ഥയിലേ ചേരിതിരിവ് ഉണ്ടാക്കാൻ പറ്റൂ. അതിനുതക്ക രീതിയിൽ ഇറാന്റെ ആക്രമണ- പ്രതിരോധ ശേഷികൾ തകർക്കുന്ന വിധത്തിലേക്ക് യുദ്ധം നയിക്കാനാണു ട്രംപ് ലക്ഷ്യമിടുന്നത്.
മോഹിച്ച റിയൽ എസ്റ്റേറ്റ്
മറ്റാൾക്കാർക്കു വിൽക്കാനുള്ള വഴിയടയ്ക്കുന്ന കച്ചവടതന്ത്രം കൈയിലുള്ള ട്രംപ് എന്തു നീക്കമാകും ഇറാനിൽ നടത്തുക? കരയുദ്ധം തുടങ്ങുന്നതു തന്റെ ആഭ്യന്തര വിശ്വാസ്യത കളയും എന്നു ട്രംപിനറിയാം. അദ്ദേഹം കൈക്കൊള്ളുന്ന തന്ത്രം ഈ ദിവസങ്ങളിൽ കാണാം. അതു കരയുദ്ധത്തിലേക്കു ചെന്നാൽ ബുഷുമാരുടെ അബദ്ധത്തിൽ ട്രംപും പെട്ടു എന്നു കരുതേണ്ടിവരും.
നാലു ദിവസം കഴിയുമ്പോൾ യുദ്ധഗതിയെപ്പറ്റി അറിയാവുന്ന കാര്യങ്ങൾ ഇവയാണ്
ഒന്ന്. വ്യോമയുദ്ധം രൂക്ഷമായി തുടരുന്നു. ഇറാനിലേക്കുള്ള ആക്രമണത്തിൽ ഒട്ടും കുറവില്ല. അമേരിക്ക പശ്ചിമേഷ്യയിലേക്കു കൂടുതൽ സന്നാഹം എത്തിച്ചു. തിരിച്ച് ഇറാന്റെ ആക്രമണത്തിന്റെ രൂക്ഷതയും തീവ്രതയും കുറഞ്ഞു. അവരുടെ ലക്ഷ്യനിർണയവും ദുർബലമായി.
രണ്ട്. ഇസ്രയേലിനെതിരേ ലബനനിലെ ഇറേനിയൻ കൂലിപ്പട ഹിസ്ബുള്ള വ്യോമാക്രമണം നടത്തി. തിരിച്ചടിക്കായി ഇസ്രയേലിന്റെ കരസേന ദക്ഷിണ ലബനനിൽ പ്രവേശിച്ചു. ഇതാദ്യമാണ് ഈ യുദ്ധത്തിൽ കരസേനയുടെ ഇടപെടൽ.
മൂന്ന്. സൗദി തലസ്ഥാനമായ റിയാദിലെ യുഎസ് എംബസിയിൽ ഇറാന്റെ ഡ്രോൺ ആക്രമണം. രണ്ടു ഡ്രോണുകൾ പതിച്ചു കെട്ടിടത്തിനു തീപിടിച്ച് ചെറിയ നാശമുണ്ടായി. ആറെണ്ണം വന്നതിൽ നാലെണ്ണം തകർത്തു.
നാല്. സൗദി അറേബ്യയിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാല റാസ് തനൂര മിസൈൽ ആക്രമണത്തെ തുടർന്ന് അടച്ചിട്ടു. 5.5 ലക്ഷം ബാരൽ ക്രൂഡ് ശുദ്ധീകരിക്കുന്ന ഇവിടെ നിന്നാണു ഡീസൽ, പെട്രോൾ തുടങ്ങിയവ കയറ്റുമതി ചെയ്യുന്നത്.
അഞ്ച്. ഖത്തർ ഇറാന്റെ രണ്ട് സുഖോയ് (എസ്യു) 24 വിമാനങ്ങൾ വെടിവച്ചിട്ടു.
ആറ്. കുവൈറ്റ് പ്രതിരോധ വിഭാഗം അമേരിക്കയുടെ മൂന്ന് എഫ് 15 വിമാനങ്ങൾ അബദ്ധത്തിൽ വെടിവച്ചു തകർത്തു.
ഏഴ്. ഇറാന്റെ 10 കപ്പൽ മുക്കിയതായി ട്രംപ് അവകാശപ്പെട്ടു. തെളിവില്ല.
എട്ട്. ഇറാനിൽ 3000ത്തിലധികം ബോംബിംഗ് നടത്തിയെന്ന് യുഎസ് - ഇസ്രേലി സഖ്യം അവകാശപ്പെട്ടു. ഇറാന്റെ ബാലിസ്റ്റിക് മിസൈൽ വിക്ഷേപണശേഷി സമ്പൂർണമായി ഇല്ലാതാക്കുമെന്ന് ഇസ്രയേലിന്റെ ഭീഷണി.
ഒൻപത്. ഇറാക്കിലെ കുർദിസ്ഥാൻ മേഖല യുദ്ധഭൂമിയാക്കാൻ ഇറാന്റെ ശ്രമം. ഇറാനിലെ വിമതരായ കുർദുകൾ ടെഹ്റാൻ ഭരണകൂടത്തിനെതിരേ തിരിയുന്നതിനു തടയിടുകയാണു ലക്ഷ്യം. കുർദിസ്ഥാനിൽ യുഎസ് സേനാ സാന്നിധ്യമുണ്ട്.