മീനടം: മാളികപ്പടി തട്ടാന്‍കടവ് പാലത്തിനുസമീപം അനധികൃതമായി നിക്ഷേപിച്ചിരിക്കുന്ന മാലിന്യങ്ങള്‍ അടിയന്തരമായി നീക്കം ചെയ്ത് പ്രദേശം ശുചീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു.
കഴിഞ്ഞ ഏതാനും നാളുകളായി മീനടം പഞ്ചായത്ത് ബസ് സ്റ്റാന്‍ഡ് നിര്‍മിക്കുമെന്ന് പ്രഖ്യാപിച്ച സ്ഥലത്ത് വിവിധ സമയങ്ങളിലായി മണ്ണ് നിക്ഷേപിക്കുന്നതിനൊപ്പം മാലിന്യങ്ങളും തള്ളുന്ന സാഹചര്യമാണുള്ളത്. ഇതുമൂലം പ്രദേശത്തെ പരിസരങ്ങളും സമീപത്തെ കുടിവെള്ള സ്രോതസുകളും മലിനമാകുന്ന സാഹചര്യം രൂപപ്പെട്ടിരിക്കുകയാണ്.
ജനങ്ങളുടെ ആരോഗ്യത്തിനും പരിസ്ഥിതിക്കും ഭീഷണിയാകുന്ന ഇത്തരം നടപടികള്‍ അടിയന്തരമായി അവസാനിപ്പിക്കണമെന്നും കര്‍ഷകസംഘം ആവശ്യപ്പെട്ടു. പ്ലാസ്റ്റിക് കവറുകളിലും ചാക്കുകളിലുമായി നിക്ഷേപിക്കുന്ന മാലിന്യങ്ങള്‍ തെരുവുനായ്ക്കള്‍ വലിച്ചിഴച്ചു പ്രധാന റോഡിലേക്കും പരിസരങ്ങളിലേക്കും എത്തിക്കുകയാണ്. ഇതുപരിസരവാസികള്ക്കും കാല്‍നടയാത്രക്കാര്‍ക്കും വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. മണ്ണ് കൊണ്ടുവരുന്ന ടിപ്പര്‍ വാഹനങ്ങളില്‍ മണ്ണിനൊപ്പം ചാക്കുകണക്കിന് മാലിന്യങ്ങള്‍ തള്ളുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
ഈ സാഹചര്യം കണ്ടുകൊണ്ട് രാത്രികാലങ്ങളില്‍ വാഹനങ്ങളില്‍ എത്തി മാലിന്യം തള്ളുന്ന പ്രവണതയും വര്‍ധിച്ചുവരുന്നതായി നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. സംഭവത്തില്‍ ശക്തമായ പ്രത്യക്ഷ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് കര്‍ഷകസംഘം മീനടം മേഖലാ കമ്മിറ്റി അറിയിച്ചു.