District News
പയ്യാവൂർ: മലപ്പട്ടം അടൂർ കടവ് തൂക്കുപാലത്തിലേക്കു സമീപത്തുള്ള മരം പൊട്ടി വീണതിനെ തുടർന്നുണ്ടായ തടസം മാറ്റിയതായി മലപ്പട്ടം പഞ്ചായത്ത് പ്രസിഡന്റ് പി.പി. ലക്ഷ്മണൻ അറിയിച്ചു. പഞ്ചായത്ത് പ്രസിഡന്റിനൊപ്പം വൈസ് പ്രസിഡന്റ് വാസന്തി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. സുലേഖ, പഞ്ചായത്ത് സ്ഥിരം സമിതി അംഗം അനീഷ് കുമാർ, വാർഡംഗം കെ.വി. ശാരദ എന്നിവർ സംഭവ സ്ഥലം സന്ദർശിച്ചു. അപകടസാധ്യത ഒഴിവാക്കുന്നതിനായി പ്രദേശവാസികളും യാത്രക്കാരും ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ നദികളിലും ഡാമുകളിലും അടിഞ്ഞുകൂടിയ മണ്ണും എക്കലും നീക്കം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ.
2018ലെയും 2019ലെയും പ്രളയത്തിനു ശേഷം സംസ്ഥാനത്തെ എല്ലാ നദികളിലും വലിയ തോതിൽ മണ്ണടിഞ്ഞിട്ടുണ്ട്. ഡാമുകളിലും സമാനമായ രീതിയിൽ മണ്ണ് നിറഞ്ഞതിനാൽ അവയുടെ സംഭരണശേഷി വളരെ കുറഞ്ഞു. ഇതു മൂലം ചെറിയ മഴ പെയ്യുന്പോൾതന്നെ നദികളിൽ വെള്ളം പൊങ്ങുന്ന സ്ഥിതിയാണ്. ഈ സാഹചര്യത്തിലാണ് ഡാമുകളിലെ ചെളി നീക്കം ചെയ്യാനും നദികളിലെ മണൽ വാരനും തീരുമാനമെടുത്തത്.
മഹാപ്രളയമുണ്ടായി എട്ടു വർഷമായിട്ടും ഇക്കാര്യത്തിൽ കഴിഞ്ഞ സർക്കാർ യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ പ്രധാന അണക്കെട്ടുകൾ തുറന്നുവിടുന്നു എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജവാർത്തകൾക്കെതിരേ കർശന നടപടി സ്വീകരിക്കും.
പ്രധാന അണക്കെട്ടുകളിലെല്ലാം ജലനിരപ്പ് വളരെ താഴെയാണ്. ജനങ്ങൾക്കിടയിൽ യാതൊരുവിധ ഉത്കണ്ഠയും വേണ്ട. ഇടുക്കി അണക്കെട്ടിൽ 38.91 ശതമാനം വെള്ളം മാത്രമാണുള്ളത്. ഇടമലയാറിൽ 46 ശതമാനവും ബാണാസുര സാഗർറിൽ 52 ശതമാനവും. കക്കിയിൽ 42 ശതമാനം, കല്ലട 45 ശതമാനം, മലന്പുഴ 35 ശതമാനം, പീച്ചി 34 ശതമാനം എന്നിങ്ങനെയാണ് മറ്റ് അണക്കെട്ടുകളിലെ ജലനിരപ്പ്. നിലവിൽ മൂഴിയാർ അണക്കെട്ടിൽനിന്നു മാത്രമാണ് വെള്ളം ഒഴുക്കിവിടുന്നത്.
Kerala
കോട്ടയം: കാരിത്താസ് ഹോസ്പിറ്റല്‍ ആന്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് സയന്‍സസിലെ മെഡിക്കല്‍ റിക്കാര്‍ഡ്സ് വിഭാഗത്തില്‍ സൂക്ഷിച്ചിരിക്കുന്ന 2014 ഡിസംബര്‍ 31 വരെ ആശുപത്രിയില്‍ ചികിത്സ തേടുകയും തുടര്‍ന്ന് മരണപ്പെടുകയും ചെയ്തവരുടെ മെഡിക്കല്‍ റിക്കാര്‍ഡുകളുടെ ഹാര്‍ഡ് കോപ്പികള്‍ (മെഡിക്കോ-ലീഗല്‍ കേസ് രേഖകള്‍ ഒഴികെ), ദേശീയ-സംസ്ഥാന മെഡിക്കല്‍ റിക്കാര്‍ഡ്സ് സംരക്ഷണ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് ഇന്നു മുതല്‍ 45 ദിവസങ്ങള്‍ക്കുശേഷം നീക്കം ചെയ്യുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു.
എങ്കിലും ഈ രേഖകളുടെ ഡിജിറ്റല്‍ കോപ്പികള്‍ ആശുപത്രിയില്‍ ലഭ്യമാകുന്നതാണ്. കോപ്പി ആവശ്യമുള്ളവര്‍ വ്യക്തമായ രേഖകള്‍ സഹിതം ഹോസ്പിറ്റല്‍ പബ്ലിക് റിലേഷന്‍ ഓഫീസറുമായി ബന്ധപെട്ടു അപേക്ഷ സമര്‍പ്പിക്കണം. +91 9446011800, [email protected].
National
ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടിയുടെ പാർലമെന്റ് മാർച്ചിനിടെയുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ വിദ്യാർഥിനിയെ വെന്റിലേറ്ററിൽനിന്നു മാറ്റിയതായി റിപ്പോർട്ട്.
ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിനി ബോധവതിയാണെന്നും സ്വയം ശ്വാസമെടുക്കുന്നുണ്ടെന്നും ഡോക്ടർമാർ അറിയിച്ചതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ 20ന് നടന്ന പ്രതിഷേധത്തിനിടെയുണ്ടായ സംഘർഷത്തിൽ സൗത്ത് ഡൽഹി സ്വദേശിനിയായ സാക്ഷി എന്ന 21കാരിയായ വിദ്യാർഥിനിയെയാണു മുഖത്തിലും നെഞ്ചിലും കഴുത്തിലും പരിക്കുകളോടെ ഡൽഹി ആർഎംഎൽ ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിച്ചത്.
യുവതി നിലവിൽ പ്രതികരിക്കുന്നുണ്ടെന്നും തലച്ചോറിന്റെയും നട്ടെല്ലിന്റെയും എംആർഐ സ്കാൻ സാധാരണനിലയിലാണെന്നും ഡോക്ടർമാർ അറിയിച്ചു.
അതിനിടെ പ്രതിഷേധക്കാർക്കുനേരേ സുരക്ഷാ ഉദ്യോഗസ്ഥർ പെല്ലറ്റ് ഗണ്ണുകളുപയോഗിച്ചതായി റിപ്പോർട്ടുണ്ട്. പെല്ലറ്റ് ഗണ്ണിൽനിന്നുള്ള വെടിയുണ്ടകൾ ശരീരത്തിലേറ്റ പാടുകളുമായാണ് പലരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.
Kerala
തിരുവനന്തപുരം: ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തന’ അട്ടിമറി കേസിൽ അന്വേഷണം നേരിടുന്ന എഡിജിപി എം.ആർ. അജിത്കുമാർ ഇപ്പോഴത്തെ ഡിജിപി സ്ഥാനക്കയറ്റ പട്ടികയിൽ ഉൾപ്പെട്ടേക്കില്ല. ഫയർഫോഴ്സ് മേധാവി നിതിൻ അഗർവാൾ 31നു വിരമിക്കുന്ന ഒഴിവിൽ നിലവിലെ സീനിയർ എഡിജിപിയായ അജിത്കുമാറാണ് ഡിജിപി പദവിയിലെത്തേണ്ടത്.
എന്നാൽ, അന്വേഷണം നേരിടുന്ന സാഹചര്യത്തിൽ തൊട്ടുതാഴെയുള്ള ഐപിഎസ് ബാച്ചിലെ എഡിജിപിയായ എസ്. ശ്രീജിത്തിനാണ് സാധ്യത. ഇതോടൊപ്പം കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള മുതിർന്ന ഉദ്യോഗസ്ഥനായ സുരേഷ് രാജ് പുരോഹിത്തിനും ഡിജിപി പദവി നൽകും.
പ്രത്യേക അന്വേഷണ സംഘം സംസ്ഥാന പോലീസ് മേധാവിക്കു നൽകിയ റിപ്പോർട്ടിൽ അന്വേഷണ അട്ടിമറിയിൽ അന്ന് ക്രസമാധാന ചുമതല വഹിച്ചിരുന്ന എഡിജിപി എം.ആർ. അജിത്കുമാറിന്റെ പങ്ക് വ്യക്തമാക്കിയിരുന്നു.
ഇതിൽ അജിത്തിനോടു വിശദീകരണം തേടിയെങ്കിലും സ്വകാര്യ യാത്രയുമായി ബന്ധപ്പെട്ടു കേരളത്തിനു പുറത്തുള്ള സാഹചര്യത്തിൽ മടങ്ങിയെത്തിയ ശേഷം മറുപടി നൽകാമെന്നാണ് അറിയിച്ചത്. ഇന്നു മടങ്ങിയെത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്. അതിനാൽ ഇന്നോ നാളെയോ മറുപടി നൽകുമെന്നാണു കരുതുന്നത്.
തുടർന്ന് സംസ്ഥാന പോലീസ് മേധാവിയുടെ ശിപാർശ സഹിതമുള്ള റിപ്പോർട്ട് ആഭ്യന്തര വകുപ്പിനു കൈമാറും. മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും സംയുക്ത യോഗം ചേർന്നാകും അജിത്തിനെതിരേയുള്ള തുടർ നടപടി സ്വീകരിക്കുക.
നവകേരള യാത്രയ്ക്കിടെ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സഞ്ചരിച്ച വാഹനത്തിനു നേർക്കു കരിങ്കൊടി കാട്ടിയ കെഎസ്യു- യൂത്ത്കോണ്‍ഗ്രസ് നേതാക്കളെ മുഖ്യമന്ത്രിയുടെ ഗണ്മാൻമാർ മർദിച്ചെന്നാണ് പരാതി.
കേസ് അന്വേഷിച്ച പ്രത്യേക പോലീസ് സംഘത്തെ എഡിജിപിയുടെ ഓഫീസിൽ വിളിച്ചുവരുത്തി കേസ് അട്ടിമറിച്ചെന്നാണ് ആരോപണം.
National
ന്യൂഡല്‍ഹി: കേന്ദ്ര വനം, പരിസ്ഥിതി, കാലാവസ്ഥാവ്യതിയാന വകുപ്പുമന്ത്രി ഭൂപേന്ദര്‍ യാദവിന്റെ പ്രൈവറ്റ് സെക്രട്ടറി, രണ്ട് അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിമാര്‍ എന്നിവരെ ഒരുമിച്ചു പുറത്താക്കി. അപൂര്‍വ നടപടിക്കു പിന്നില്‍ അഴിമതി ആരോപണങ്ങളാണോയെന്നു മന്ത്രാലയം സ്ഥിരീകരിച്ചിട്ടില്ല.
മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും ഐആര്‍എസ് ഉദ്യോഗസ്ഥനുമായ അമര്‍ സിംഗ്, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിമാരായ ശൈലേഷ് കുമാര്‍ സിംഗ്, ആയുഷ് സരണ്‍ എന്നിവരെയാണ് ഒരേദിവസം ഉടന്‍ പ്രാബല്യത്തോടെ ചുമതലകളില്‍നിന്നു നീക്കിയത്. മന്ത്രിയുടെ ഓഫീസിലെ ഏറ്റവും പ്രധാനികളായിരുന്നു ഇവര്‍. മൂന്നുപേരെയും ഒരുമിച്ചു നീക്കിയതിന്റെ കാരണം വ്യക്തമാക്കാന്‍ യാദവിന്റെ ഓഫീസ് തയാറായില്ല.
ഇന്ത്യന്‍ റവന്യു സര്‍വീസ് 2010 ബാച്ച് ഉദ്യോഗസ്ഥനാണ് അമര്‍ സിംഗ്. ഭരണപരമായ കാരണങ്ങളാല്‍ അമര്‍ സിംഗിനെ മാതൃവകുപ്പായ റവന്യൂവിലേക്ക് തിരിച്ചയയ്ക്കുകയും ചുമതലകളില്‍നിന്ന് ഉടനടി ഒഴിവാക്കുകയും ചെയ്യുന്നുവെന്നാണ് വനം, പരിസ്ഥിതി മന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നത്.
ഭൂപേന്ദര്‍ യാദവ് മുമ്പ് തൊഴില്‍വകുപ്പ് കൈകാര്യം ചെയ്തിരുന്ന 2021ലാണ് അമര്‍ സിംഗിനെ പ്രൈവറ്റ് സെക്രട്ടറിയായി ആദ്യം നിയമിച്ചത്. ഡെപ്യൂട്ടി സെക്രട്ടറിയായിരുന്ന അമറിന് 2024ല്‍ ഡയറക്ടര്‍ പദവിയിലേക്കു സ്ഥാനക്കയറ്റവും നല്കി.
അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ശൈലേഷ് കുമാര്‍ സിംഗിനെ മാതൃ കേഡറിലേക്ക് കാലാവധിക്കുമുന്പേ തിരിച്ചയക്കുന്നതായും ഒപ്പം നീട്ടിയ കൂളിംഗ്-ഓഫ് വ്യവസ്ഥ ബാധകമാക്കുന്നതായും മറ്റൊരു ഉത്തരവിൽ വ്യക്തമാക്കി. അദ്ദേഹത്തെ ഉടനടി ചുമതലകളില്‍നിന്ന് ഒഴിവാക്കുകയും ചെയ്തു. ശൈലേഷിനോട് മാതൃ കേഡറായ പേഴ്സണല്‍ ആന്‍ഡ് ട്രെയിനിംഗില്‍ ഉടനടി റിപ്പോര്‍ട്ട് ചെയ്യാനും നിര്‍ദേശിച്ചു.
മറ്റൊരു അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായ ആയുഷ് സരണിന്റെ നിയമനം ഉടനടി പ്രാബല്യത്തോടെ റദ്ദാക്കുന്നതായി മൂന്നാമത്തെ ഉത്തരവില്‍ അറിയിച്ചു. ആയുഷിനെ ചുമതലകളില്‍നിന്ന് ഉടനടി ഒഴിവാക്കുന്നതായും അണ്ടര്‍ സെക്രട്ടറി വിഭൂതി പഞ്ജിയാര് ഒപ്പിട്ട ഉത്തരവില്‍ പറയുന്നു.
District News
പുതുനഗരം: റെയിൽവേസ്റ്റേഷൻ റോഡരികിൽ പ്ലാസ്റ്റിക് ഉൾപ്പെടെ മാലിന്യം വ്യാപിച്ചതുമൂലം കൊതുകുശല്യം വ്യാപിക്കുന്നതായി സമീപവീട്ടുകാർ. റെയിൽവേയുടെ അധികാരപരിധിയിലുള്ള സ്ഥലം എന്നതിനാൽ പഞ്ചായത്തധികൃതർക്ക് വിഷയത്തിൽ ഇടപെടാനാവില്ലെന്നതാണ് സാഹചര്യം. ഡെങ്കി ഉൾപ്പെടെ പകർച്ചവ്യാധികൾ വ്യാപിച്ചുവരുന്നതിനാൽ ശുചീകരണവും മാലിന്യനീക്കവും അനിവാര്യമായിരിക്കുകയാണ്.
പുതുനഗരം സ്റ്റേഷനിൽ പുലർച്ചെയും രാത്രിയിലും മെമുവിനും തിരുച്ചെന്തൂർ എക്സ്പ്രസിനും സ്റ്റോപ്പുള്ളതിനാൽ നിരവധി യാത്രക്കാർ എത്തുന്നത് റോഡരികിലെ മാലിന്യത്തിനു സമീപത്തുകൂടിയാണ്. ഇത് ഗുരുതരമായ ആരോഗ്യപ്രശ്നത്തിനു കാരണമാവുമെന്നതാണ് സ്ഥിതി. പുതുനഗരം ടൗണിലുള്ള സ്കൂളിലേക്ക് വിദ്യാർഥികൾ സഞ്ചരിക്കുന്നതും ഇതുവഴിയാണ് . മാലിന്യം കൂടിയതിനാൽ തെരുവുനായശല്യം ഭീഷണിയാവുന്നുണ്ട്. ടൗണിൽ നിന്നും വ്യാപാരികൾ രാത്രിസമയങ്ങളിൽ മാലിന്യം തള്ളുന്നതായാണ് യാത്രക്കാരുടെ പരാതി.
Kerala
പേരൂർക്കട: ശക്തമായ കാറ്റിലും മഴയിലും നിലംപൊത്തിയ മരങ്ങൾ ഫയർഫോഴ്സ് സംഘം എത്തി മുറിച്ച് നീക്കി. പട്ടം ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ,പട്ടം -പിഎംജി റോഡിൽ മുത്തുനായകം കോൺവെന്റ് എന്നിവിടങ്ങളിൽ വീണ മരങ്ങളാണ് മുറിച്ചു നീക്കിയത്. ഇന്ന് രാവിലെയാണ് സംഭവം.
പട്ടം ഗേൾസ് സ്കൂളിന്റെ കോമ്പൗണ്ടിൽ നിന്ന കൂറ്റൻ നെല്ലിമരം വേരോടെ പിഴുതു വീഴുകയായിരുന്നു. മുത്തു നായകം കോൺവെന്റിനുള്ളിൽ നിലനിന്നിരുന്ന കൂറ്റൻ വേപ്പ് മരമാണ് വേരോടെ പിഴുത് റോഡിലേക്ക് വീണത്. ഇതുമൂലം അരമണിക്കൂർ റോഡ് ഗതാഗതം തടസപ്പെട്ടു.
National
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാനെ ഏഴുദിവസത്തിനകം നീക്കിയില്ലെങ്കിൽ രാജ്യവ്യാപകമായി പ്രക്ഷോഭം വ്യാപിക്കിപ്പിക്കുമെന്ന് സിജെപി.
ജന്തർ മന്തറിലെ പ്രതിഷേധത്തിന് ഒട്ടേറെ സംസ്ഥാനങ്ങളുടെ പങ്കാളിത്തമുണ്ടായിരുന്നുവെന്നും സിജെപി വക്താക്കളായ അശുതോഷ് രങ്കയും സൗരവ് ദാസും വാർത്താസമ്മേളനത്തിൽ അറിയിച്ചു.
വിദ്യാഭ്യാസം, ഭരണപ്രശ്നങ്ങൾ തുടങ്ങിയവയിലെ പിഴവുകൾ ചോദ്യംചെയ്യുന്ന യുവാക്കളുടെ അതിരുകളില്ലാത്ത കൂട്ടായ്മയായി സിജെപി വളരുകയാണ്. സർക്കാരിന് ഞങ്ങൾ ഏഴുദിവസം നൽകും.
ധർമേന്ദ്രപ്രധാൻ രാജിവയ്ക്കുകയോ അല്ലെങ്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തെ പുറത്താക്കുകയോ വേണം. മറിച്ചായാൽ പ്രക്ഷോഭം രാജ്യവ്യാപകമായി പടരും.
വിവിധ സംസ്ഥാനങ്ങളിൽനിന്ന് പിന്തുണയറിച്ച് സന്ദേശങ്ങൾ ലഭിക്കുന്നുണ്ട്. അടുത്ത കർമപരിപാടികൾ ഒരാഴ്ചയ്ക്കകം പ്രഖ്യാപിക്കുമെന്നും ഇരുവരും പറഞ്ഞു.
Kerala
കൊച്ചി: സംഘടനാവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ സൂപ്പര്‍ മാര്‍ക്കറ്റ് വെല്‍ഫെയര്‍ അസോസിയേഷന് ഓഫ് കേരളയുടെ (സ്വാക്ക്) സംസ്ഥാന ട്രഷററും കോഴിക്കോട് ജില്ലാ സെക്രട്ടറിയുമായ കെ.എം. ഹനീഫ, സംസ്ഥാന വൈസ് പ്രസിഡന്റും കോഴിക്കോട് ജില്ലാ പ്രസിഡന്റുമായ മുസ്തഫ വാഴാട്ട്, കോഴിക്കോട് ജില്ലാ ട്രഷറര്‍ കെ.സി. ജാബിര്‍ എന്നിവരെ തത്സ്ഥാനത്തുനിന്ന് നീക്കിയതായി സംസ്ഥാന പ്രസിഡന്റ് ജോര്‍ഫിന്‍ പെട്ട പറഞ്ഞു.
സംഘടനയിലെ അംഗങ്ങളെയും കമ്പനികളെയും തെറ്റിദ്ധരിപ്പിച്ചും സംഘടനയുടെ പേര് ദുരുപയോഗം ചെയ്തും 10,11,12 തീയതികളില്‍ കോഴിക്കോട് കണ്‍സ്യൂമര്‍ എക്സ്പോ സംഘിടിപ്പിക്കുന്നതിനെതിരേയാണു നടപടി. കൊച്ചിയില്‍ കൂടിയ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയുടേതാണ് തീരുമാനം.
സംസ്ഥാന ട്രഷററുടെ താത്കാലിക ചുമതല കൊല്ലം ജില്ലാ പ്രസിഡന്റും രാജകുമാരി ഗ്രൂപ്പ് ഡയറക്ടറുമായ എസ്. ഷുഹൈബിന് നല്കി.
Sports
കോല്‍ക്കത്ത: ഡിസംബറില്‍ കൊട്ടിഘോഷിച്ച്, കോല്‍ക്കത്തയില്‍ അനാച്ഛാദം ചെയ്ത അര്‍ജന്റൈന്‍ സൂപ്പര്‍ ഫുട്ബോളര് ലയണല്‍ മെസിയുടെ കൂറ്റന്‍ ശില്‍പ്പം നീക്കംചെയ്യും.
സുരക്ഷാപ്രശ്നത്തിന്റെ പേരിലാണ് നടപടി. മെസിയുടെ ‘ഗോട്ട് ടൂര്‍ ഓഫ് ഇന്ത്യ' പരിപാടിക്കിടെയാണ് 21 മീറ്റര്‍ (70 അടി) ഉയരമുള്ള കൂറ്റന്‍ പ്രതിമ സ്ഥാപിച്ചത്.
കാറ്റില്‍ പ്രതിമ ആടുന്നതിനാല്‍ സുരക്ഷാ പ്രശ്നമുണ്ടെന്ന് സംസ്ഥാന സര്‍ക്കാരിന്റെ എന്‍ജിനിയര്‍മാര്‍ കണ്ടെത്തി. അതോടെ പ്രതിമ കയര്‍ ഇട്ട് കെട്ടിവച്ചിരിക്കുകയാണ്.
Kerala
തിരുവനന്തപുരം: നീറ്റ് പരീക്ഷയിലെ ക്രമക്കേടുകളുടെ മുഖ്യ കാരണക്കാരനായ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാനെ പുറത്താക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആവശ്യപ്പെട്ടു.
പരീക്ഷാപേപ്പർ ചോർച്ചയിൽ കരിപുരണ്ടു നിൽക്കുന്പോഴും പിഎം ശ്രീ പദ്ധതി നടപ്പിലാക്കാനാണ് ആ ’സ്വയം സേവക് മന്ത്രി’ തിടുക്കം കൊള്ളുന്നതെന്ന് അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസത്തിന്റെ എല്ലാ തലങ്ങളിലും മാഫിയ വാഴ്ചയ്ക്ക് ബിജെപി ഭരണം കളമൊരുക്കിയിട്ട് നാളുകൾ ഏറെയായി. 24 ലക്ഷം വിദ്യാർഥികൾ എഴുതിയ നീറ്റ് പരീക്ഷ റദ്ദാക്കേണ്ടി വന്നത് മാഫിയ ഇടപെടലിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്. കേരളത്തിൽനിന്നുള്ള 1.25 ലക്ഷം വിദ്യാർഥികൾ ഈ തട്ടിപ്പിന് ഇരയാകേണ്ടി വന്നു.
റെയിൽവേ, ഐഎസ്ആർഒ, അക്കൗണ്ടന്റ് ജനറൽ, സിഎസ്ഐആർ തുടങ്ങിയ ഇടങ്ങളിൽനിന്നും ഇത്തരം അഴിമതിക്കഥകൾ രാജ്യം കേട്ടതാണ്. അതിന്റെയെല്ലാം മുന്പിൽ കണ്ണടച്ചുകൊണ്ടാണ് പ്രധാനമന്ത്രി മോദി അദ്ദേഹത്തിന്റെ സാരോപദേശ പരന്പരകൾ നടത്തുന്നതെന്നു ബിനോയ് വിശ്വം പറഞ്ഞു.
Kerala
പരവൂർ: ലോക്കോ പൈലറ്റുമാരുടെയും ഗാർഡുമാരുടെയും വിശ്രമകേന്ദ്രങ്ങളായ റണ്ണിംഗ് റൂമുകളിൽ പാചകവാതക സിലിണ്ടറുകൾക്കു പകരം പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് കണക്ഷനുകൾ സ്ഥാപിക്കാൻ റെയിൽവേ മന്ത്രാലയം ഉത്തരവിട്ടു.
അടുത്ത ആറ് മാസത്തിനുള്ളിൽ രാജ്യത്തെ എല്ലാ സോണുകളിലെയും റണ്ണിംഗ് റൂമുകളിൽ ഈ മാറ്റം പൂർത്തിയാക്കാനാണ് നിർദേശം.പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷാവസ്ഥയെത്തുടർന്ന് എൽപിജി ഇറക്കുമതിയിലും വിതരണത്തിലുമുണ്ടാകുന്ന തടസങ്ങൾ റെയിൽവേയുടെ പ്രവർത്തനങ്ങളെ ബാധിക്കാതിരിക്കാനാണ് ഈ നടപടി.
സിലിണ്ടറുകൾ എത്തിക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ ഒഴിവാക്കാനും തടസമില്ലാത്ത പാചകവാതക വിതരണം ഉറപ്പാക്കാനും പിഎൻജി സഹായിക്കും.
തീവണ്ടി ഗതാഗതം സുഗമമായി നടത്തുന്നതിന് ലോക്കോ പൈലറ്റുമാർ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് കൃത്യസമയത്ത് ഭക്ഷണം ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്.
24 മണിക്കൂറും പ്രവർത്തിക്കുന്ന റണ്ണിംഗ് റൂമുകളിൽ സിലിണ്ടറുകൾ തീർന്നുപോകുന്നത് പലപ്പോഴും ബുദ്ധിമുട്ടുകൾ സൃഷ്ടിക്കാറുണ്ട്. പിഎൻജി കണക്ഷൻ വരുന്നതോടെ ഈ പ്രതിസന്ധിക്ക് ശാശ്വത പരിഹാരമാകും.
ദീർഘദൂര യാത്രകൾക്കിടയിൽ ജീവനക്കാർക്ക് രാത്രി തങ്ങാനും ഭക്ഷണം കഴിക്കാനുമുള്ള പ്രധാന ഇടങ്ങളാണ് റണ്ണിംഗ് റൂമുകൾ.
Kerala
കോട്ടയം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെയുള്ള മുഖ്യമന്ത്രിയുടെ പ്രതികാര നടപടികള്‍ അവസാനിപ്പിക്കണമെന്നും തന്ത്രിയ്ക്കെതിരെ തെളിവുകളില്ലെന്നു കോടതി കണ്ടെത്തിയ സാഹചര്യത്തില്‍ പ്രതിപ്പട്ടികയില്‍നിന്നും ഒഴിവാക്കണമെന്നും ഓള് കേരള ബ്രാഹ്മിന്‍ ഫെഡറേഷന്.
ശബരിമല സ്വര്‍ണക്കൊള്ളയുടെ കാരണഭൂതര്‍ സര്‍ക്കാരും പാര്‍ട്ടിയുമാണ്. സൂത്രധാരന്‍ മുന്‍ദേവസ്വം മന്ത്രിയും ബോര്‍ഡ് അംഗങ്ങളുമാണ്.
ശരിയായ ദിശയില്‍ നടത്തി യഥാര്‍ഥ കുറ്റവാളികളെ കണ്ടെത്തണമെന്നും ഓള് കേരള ബ്രാഹ്മിന്‍ ഫെഡറേഷന് രക്ഷാധികാരി കെ.കെ.ജി. നമ്പൂതിരി ആവശ്യപ്പെട്ടു.
District News
ചെറുപുഴ: രാജഗിരി ക്വാറിയിൽ നിന്നും രാജഗിരി-ജോസ്ഗിരി പിഡബ്ല്യുഡി റോഡിൽ പതിച്ച കൂറ്റൻ കല്ലുകൾ പൊട്ടിച്ചു നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു. വൈദ്യുതി ബന്ധവും സാധാരണ നിലയിലായി.
ചൊവ്വാഴ്ച വൈകുന്നേരം രണ്ട് ഹിറ്റാച്ചികൾ എത്തിച്ച് കല്ലുകൾ പൊട്ടിച്ചു നീക്കാൻ നടത്തിയ ശ്രമങ്ങൾ ആദ്യഘട്ടത്തിൽ വിജയിച്ചില്ല. കല്ലുകൾ റോഡിലേക്ക് ഒരുമീറ്ററോളം ആഴത്തിൽ താഴ്ന്നു കിടന്നതാണു കാരണം. ഇതേ തുടർന്ന് ഇതിനു സമീപത്തുകൂടി താത്കാലിക റോഡ് തുറന്നിരുന്നു. ഇതുവഴി ബസുൾപ്പെടെയുള്ള വാഹനങ്ങൾ കടന്നുപോയി. രാത്രി വൈകിയും നടത്തിയ ശ്രമത്തിനൊടുവിൽ കല്ലുകൾ പൊട്ടിച്ചു.
ഇന്നലെ പുലർച്ചയോടെ കല്ലുകൾ റോഡിൽ നിന്നും നീക്കി ഗതാഗതം സാധാരണ നിലയിലാക്കി. ചെറുപുഴ പഞ്ചായത്തിന്റെ നേതൃത്വത്തിൽ രാജഗിരി പൈതൃക സംരക്ഷണ സമിതിയുടെ സഹകരണത്തോടെ തഹസിൽദാറുടെയും ദുരന്തനിവാരണ അഥോറിറ്റിയുടെയും നിർദേശാനുസരണമാണു പ്രവർത്തനങ്ങൾ നടന്നത്.
ജനങ്ങൾ ഇപ്പോഴും കടുത്ത പ്രതിഷേധത്തിലും ആശങ്കയിലുമാണ്. ക്വാറിയ്ക്ക് സ്റ്റോപ്പ് മെമ്മോ കൊടുക്കണമെന്നും ക്വാറി പ്രവർത്തിക്കാൻ അനുവദിക്കരുതെന്നുമാണു നാട്ടുകാരുടെ ആവശ്യം.
ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് ലൈസമ്മ പനയ്ക്കൽ നൽകിയ പരാതിയിൽ ചെറുപുഴ പോലീസ് രാജഗിരി കബനി ബ്ലൂ മെറ്റൽസ് ക്വാറി ഉടമ വിവേക് വിജയനെതിരേ കേസെടുത്തു. പിഡബ്ള്യുഡി റോഡ് കേടുവരുത്തിയതിനെതിരേയാണു കേസ്.
Kerala
തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ ഉൾപ്പെടെ സർക്കാർ പദ്ധതികളുടെ പരസ്യങ്ങൾ നീക്കം ചെയ്യാൻ അടിയന്തര നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തെരഞ്ഞെടുപ്പു കമ്മീഷനു കത്തു നൽകി.
തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം ലംഘിച്ച് ഇങ്ങനെ പരസ്യം ചെയ്തതിന് ഉത്തരവാദികളായവർക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.
സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങളും വിവിധ പദ്ധതികളും വിശദീകരിച്ചുകൊണ്ട് സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ബോർഡുകളും മറ്റും ഇപ്പോഴും നിലനിർത്തിയിരിക്കുകയാണ്.
തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതിനു ശേഷം ഇതു തുടരുന്നത് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് സതീശൻ കത്തിൽ ചൂണ്ടിക്കാട്ടി.
Kerala
പത്തനംതിട്ട: പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗവും കോൺഗ്രസ് നേതാവുമായ ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് വോട്ടർ പട്ടികയിൽ നിന്നും വെട്ടി. അടൂർ ആർഡിഒയുടെതാണ് നടപടി. വ്യാജരേഖ ചമച്ച് റേഷൻ കാർഡിൽ പേര് ചേർത്തെന്ന പരാതിയിൽ സപ്ലൈ ഓഫീസർ റേഷൻ കാർഡ് റദ്ദാക്കിയിരുന്നു.
തുടർന്ന് ഇതേ പരാതിക്കാരൻ നൽകിയ പരാതിയിലാണ് വോട്ടർ പട്ടികയിൽ നിന്ന് ഇപ്പോൾ ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് നീക്കം ചെയ്തിരിക്കുന്നത്. റദ്ദാക്കപ്പെട്ട റേഷൻ കാർഡിലെ മേൽവിലാസത്തിലാണ് വോട്ടർ പട്ടികയിൽ ശ്രീനാദേവി കുഞ്ഞമ്മയുടെ പേരുണ്ടായിരുന്നത്.
വോട്ടർ പട്ടികയിൽ നിന്നും പേര് വെട്ടിയതോടെ അയോഗ്യത തടയാൻ ശ്രീനാദേവി കുഞ്ഞമ്മ നീക്കം തുടങ്ങി. കളക്ടർക്ക് അപ്പീൽ നൽകാനും ഹൈക്കോടതിയെ സമീപിക്കാനുമാണ് നീക്കം. ബന്ധുക്കളിൽ ചിലരെ ഉപയോഗിച്ചുള്ള സിപിഐയുടെ രാഷ്ട്രീയ പകപോക്കൽ ആണിതെന്നും
ശ്രീനാദേവി കുഞ്ഞമ്മ ആരോപിക്കുന്നു.
കാർഡ് ഉടമയുടെ മകൻ ശ്യാംജിത്ത് എസ് പിള്ളയാണ് വ്യാജരേഖ ചമച്ചുവെന്നാരോപിച്ച് ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ പരാതി നല്‍കിയത്. ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് ചേർത്തത് കാർഡ് ഉടമയുടെ ഭർതൃ സഹോദരിയുടെ മകൾ എന്ന് സൂചിപ്പിച്ചാണെന്നും എന്നാൽ കാർഡ് ഉടമയ്ക്ക് ഭർതൃസഹോദരിയോ മകളോ ഇല്ലെന്നും പരാതിയിൽ പറയുന്നത്.
കാർഡ് ഉടമ 2024 സെപ്റ്റംബർ 18ന് മരിച്ചുവെന്നും പരാതിയിലുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ ശ്രീനാദേവി കുഞ്ഞമ്മയുടെ പേരുവെട്ടാൻ അടൂർ താലൂക്ക് സപ്ലൈ ഓഫീസർ ഉത്തരവിടുകയായിരുന്നു.
District News
പേരൂര്‍ക്കട: ഒരു വ്യാഴവട്ടം പിന്നിട്ടിട്ടും കുടപ്പനക്കുന്ന് കളക്ടറേറ്റ് പരിസരത്ത് നിന്നു മാറ്റാത്ത റോഡ് റോളര്‍ മാലിന്യസംസ്കരണ കേന്ദ്രത്തിനു ദുരിതമാകുന്നു. പുനര്‍ജനി മാലിന്യശേഖരണ കേന്ദ്രവും ഇവ വേര്‍തിരിക്കുന്ന കേന്ദ്രവുമാണ് കളക്ടറേറ്റിന് എതിര്‍വശത്തായി സ്ഥിതിചെയ്യുന്നത്. ഈ ഭാഗത്തെ വാഹനപാര്‍ക്കിംഗ് സ്ഥലത്ത് 12 വര്‍ഷമായി വിശ്രമിക്കുകയാണ് ഒരു റോഡ് റോളര്‍! റോളറിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് ജില്ലാ പഞ്ചായത്തും പിഡബ്ല്യുഡിയും തമ്മില്‍ വാഗ്വാദങ്ങള്‍ ഉണ്ടായിരുന്നു. റോളര്‍ ആരുടേതെന്ന കാര്യത്തിലാണ് വ്യക്തത ഇനിയും വരാത്തത്.
വര്‍ഷങ്ങള്‍ കടന്നുപോയതോടെ റോളര്‍ കിടക്കുന്നതിനു സമീപത്തെ നാലുഭാഗവും വൃത്തിയാക്കിയതല്ലാതെ ഇതിനെ ഇവിടെനിന്നു നീക്കാന്‍ ഭരണസിരാകേന്ദ്രം ഇടപെട്ടില്ല. ഇപ്പോള്‍ വാഹനയാത്രികര്ക്കുപോലും ബുദ്ധിമുട്ട് സൃഷ്ടിച്ചാണ് റോളര്‍ ഇട്ടിരിക്കുന്നത്. റോളര്‍ നീക്കിയാല്‍ കൂടുതല്‍ വാഹനങ്ങള്‍ ഈ ഭാഗത്ത് പാര്‍ക്ക് ചെയ്യാന്‍ സാധിക്കും. തുരുമ്പിച്ചു ദ്രവിച്ച് ഇളകിയ റോളര്‍ എങ്ങനെ നീക്കാന്‍ സാധിക്കുമെന്നു ചിന്തിക്കാൻ അധികൃതര്‍ ഇതുവരെയും ശ്രമം നടത്തിയിട്ടില്ല.
Kerala
കൊച്ചി: അനധികൃത ഫ്ലക്സുകളും കൊടിതോരണങ്ങളും ഈ മാസം 17നകം നീക്കം ചെയ്യണമെന്ന അന്ത്യശാസനവുമായി ഹൈക്കോടതി.
ഉത്തരവ് പാലിക്കാത്തപക്ഷം തദ്ദേശ ജോയിന്റ് ഡയറക്ടര്‍മാര്‍ 18ന് കേസ് പരിഗണിക്കുമ്പോള്‍ ഓണ്‍ലൈനായി കോടതിയില്‍ ഹാജരാകണം.
അനാസ്ഥ തുടര്‍ന്നാല്‍ നേരിട്ടു വിളിച്ചുവരുത്തുമെന്നും ജസ്റ്റീസ് ദേവന് രാമചന്ദ്രന് മുന്നറിയിപ്പ് നല്കി.
Kerala
കൊച്ചി: വണ്ടാനം മെഡിക്കൽ കോളജിലെ ചികിത്സാ പിഴവിനെ തുടർന്ന് വീട്ടമ്മയുടെ വയറ്റിൽ അകപ്പെട്ട കത്രിക പുറത്തെടുത്തു. ശനിയാഴ്ച ഉച്ചയോടെയാണ് അമൃത ആശുപത്രിയിൽ ശസ്ത്രക്രിയ പൂർത്തിയായത്. തുടർന്ന് കത്രിക പോലീസിന് കൈമാറി.
വണ്ടാനം മെഡിക്കൽ കോളജിൽ ഗർഭാശയം നീക്കാനുള്ള ശസ്ത്രക്രിയ കഴിഞ്ഞ് അഞ്ചുവർഷമാകുന്നതിനിടെയാണ് പുന്നപ്ര സ്വദേശി ഉഷാ ജോസഫുകുട്ടിയുടെ (51) വയറ്റിൽ കത്രിക കണ്ടെത്തിയത്. ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന നീളത്തിലുള്ള അറ്റം വളഞ്ഞ കത്രികയാണ് ഉഷയുടെ വയറ്റിലുണ്ടായിരുന്നത്.
സംഭവത്തിൽ കേസെടുത്തതിനാൽ രണ്ട് സർക്കാർ ഡോക്ടർമാരുടെ സാന്നിധ്യത്തിലായിരുന്നു ശസ്ത്രക്രിയ. കളമശേരി ഗവ. മെഡിക്കൽ കോളജിലെ രണ്ട് ഡോക്ടർമാർ ശസ്ത്രക്രിയക്ക് എത്തിയിരുന്നു. അതേസമയം സംഭവം വിവാദമായതോടെ ആരോഗ്യവകുപ്പ് വീഴ്ച സമ്മതിച്ചു.
കോവിഡിന്റെ പ്രത്യേകസാഹചര്യത്തിൽ സംഭവിച്ച വീഴ്ചയാണെന്നായിരുന്നു വിശദീകരണം. ശസ്ത്രക്രിയ്ക്ക് നേതൃത്വം നൽകിയ ഗൈനക്കോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. ജെ. ഷാഹിദ, നഴ്സ് പി.എസ്. ധന്യ എന്നിവരെ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു.
Kerala
പരിയാരം: ടിവി റിമോട്ടിന്റെ ബൾബ് ശ്വാസനാളത്തിൽ കുടുങ്ങിയ മൂന്നുവയസുകാരനു പരിയാരം മെഡിക്കൽ കോളജിൽ പുതുജീവൻ. മാതാമംഗലത്തുള്ള കുട്ടിയുടെ ശ്വാസനാളത്തിൽ കുടുങ്ങിയ ടിവി റിമോട്ടിന്റെ എൽഇഡി ബൾബ് കണ്ണൂർ ഗവ. മെഡിക്കൽ കോളജിലെ ശിശു ശസ്ത്രക്രിയ വിഭാഗത്തിലെ ഡോക്ടർമാർ നീക്കം ചെയ്തു. ഡോ. വരുൺ ശബരി നേതൃത്വം നൽകി. ഡോ. അനു, ഡോ. നാഗദിവ്യ, സിസ്റ്റർ ബബിത എന്നിവർ സംഘത്തിലുണ്ടായിരുന്നു.
ശ്വാസതടസ ലക്ഷണങ്ങളുമായാണ് കുട്ടി എത്തിയത്. ബ്രോങ്കോസ്കോപ്പിയിലൂടെ എൽഇഡി ബൾബ് നീക്കം ചെയ്യുകയും പിറ്റേദിവസം ഡിസ്ചാർജ് ചെയ്ത് കുട്ടി വീട്ടിലേക്കു പോകുകയും ചെയ്തു.
കളിക്കോപ്പുകളിലും മറ്റുമുള്ള ചെറിയ ഭാഗങ്ങൾ പലപ്പോഴും ശ്വാസനാളത്തിൽ കുടുങ്ങി ജീവൻതന്നെ നഷ്ടപ്പെടാനുള്ള സാധ്യതയുണ്ടെന്ന് ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. സുദീപ് പറഞ്ഞു. ഇത്തരം പ്രതിസന്ധികളിൽ സ്വകാര്യ ആശുപത്രികളിൽ ചെലവേറിയ ചികിത്സകളാണ് നൽകാറുള്ളത്. എന്നാൽ പരിയാരം മെഡിക്കൽ കോളജിൽ ചുരുങ്ങിയ ചെലവിലാണു ചികിത്സ ലഭ്യമാക്കിയത്.
ബ്രോങ്കോസ്കോപ്പിക്കു നേതൃത്വം നൽകിയ ഡോക്ടർമാർ, നഴ്സിംഗ് വിഭാഗം ജീവനക്കാർ, ഓപ്പറേഷൻ തിയറ്റർ ജീവനക്കാർ എന്നിവരെ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. സൈറു ഫിലിപ്പ് അഭിനന്ദിച്ചു.
National
ന്യൂഡൽഹി: നയതന്ത്ര സ്വർണക്കടത്ത് അന്വേഷിച്ച മലയാളി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടർ പി. രാധാകൃഷ്ണനെ സർവീസിൽ നിന്നും നീക്കി. ധനകാര്യമന്ത്രാലയം മൂന്ന് ദിവസം മുന്‍പാണ് ഉത്തരവിറക്കിയത്. പി. രാധാകൃഷ്ണനോട് നിർബന്ധിതമായി വിരമിക്കാൻ ധനകാര്യ മന്ത്രാലയം ഉത്തരവിടുകയായിരുന്നു.
അഞ്ചുവര്‍ഷം സേവന കാലാവധി ബാക്കി നില്‍ക്കെയാണ് രാധാകൃഷ്ണന് പുറത്താകുന്നത്. നിലവിൽ ജമ്മുകാഷ്മീരിൽ ഇഡി ഡെപ്യൂട്ടി ഡയറക്ടറായി സേവനമനുഷ്ഠിക്കുകയായിരുന്നു ഇദ്ദേഹം. കഴിഞ്ഞ വെള്ളിയാഴ്ചയാണ് രാഷ്ട്രപതി ഉത്തരവിൽ ഒപ്പുവച്ചത്.
തിരുവനന്തപുരം സ്വദേശിയായ ഇദ്ദേഹത്തിനെതിരെ കൈക്കൂലി, വിവരങ്ങള്‍ ചോര്‍ത്തി നല്കല് തുടങ്ങി നിരവധി ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതേതുടർന്ന്, രാധാകൃഷ്ണനെ ചെന്നൈയിലേക്ക് സ്ഥലം മാറ്റിയിരുന്നു.
രണ്ടു വര്‍ഷത്തിന് ശേഷം രാധാകൃഷ്ണനെ തിരികെ കൊച്ചിയിലേക്ക് മാറ്റി. ഈ സമയത്താണ് ഇഡി ഉദ്യോഗസ്ഥര്‍ പ്രതികളാകുന്ന വിജിലന്‍സ് കേസ് അടക്കം ഉണ്ടാകുന്നത്.
തുടര്‍ന്ന് പി. രാധാകൃഷ്ണനെ ശ്രീനഗറിലേക്ക് മാറ്റി. തനിക്കെതിരെയുള്ള നടപടി പ്രതികാര നടപടിയാണെന്നും സ്ഥലംമാറ്റം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ട്രിബ്യൂണിലിനെ സമീപിച്ചിരുന്നെങ്കിലും ട്രിബ്യൂണല്‍ ഇതു തള്ളിയിരുന്നു.
National
ലക്നോ: ഉത്തര്‍പ്രദേശിലെ ഷംലിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഡ്യൂട്ടി ഡോക്ടറും പ്രതിശ്രുത വധുവും നൃത്തം ചെയ്ത വീഡിയോ വൈറലായതിന് പിന്നാലെ നടപടി.
ആശുപത്രിയിലെ അത്യാഹിത വിഭാഗ ഡ്യൂട്ടിയില്‍ നിന്ന് ഡോക്ടറെ നീക്കി. വീഡിയോക്കെതിരെ പലഭാഗത്തുനിന്നും വിമര്‍ശനമുയര്‍ന്നതിന് പിന്നാലയാണ് നടപടി. ഡോക്ടറിന് സര്‍ക്കാര്‍ അനുവദിച്ച താമസസ്ഥലവും ആശുപത്രി അധികൃതര്‍ ഒഴിപ്പിച്ചു. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു.
ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ രണ്ട് വര്‍ഷത്തെ കരാറില്‍ നിയമിതനായ ഡോ. വഖാര്‍ സിദ്ദിഖിയാണ് ആശുപത്രിയുടെ മുകളിലത്തെ നിലയിലെ അടച്ചിട്ട മുറിയില്‍ തന്റെ പ്രതിശ്രുത വധുവിനൊപ്പം നൃത്തം ചെയ്തത്. കഴിഞ്ഞ ബുധനാഴ്ച പുറത്തുവന്ന വീഡിയോ വളരെ പെട്ടെന്നാണ് സമൂഹമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യപ്പെട്ടത്.
മെഡിക്കല്‍ ഓഫീസര്‍ വീരേന്ദ്ര സിംഗ് ഉടന്‍ തന്നെ ഡോ. വഖാര്‍ സിദ്ദിഖിയില്‍ നിന്ന് വിശദീകരണം തേടുകയും ചെയ്തു. തൃപ്തികരമായ മറുപടി നല്കാന് ഡോക്ടറിന് കഴിയാതെ വന്നതോടെ അടുത്ത ദിവസം തന്നെ കര്‍ശന നടപടി സ്വീകരിക്കുകയായിരുന്നു.
ഇത്തരം പെരുമാറ്റം അസ്വീകാര്യമാണ്, ഒരു സര്‍ക്കാര്‍ സ്ഥാപനത്തിലും ഇത് അനുവദിക്കില്ല. ഉചിതമായ നടപടി സ്വീകരിച്ചിട്ടുണ്ട്.- മെഡിക്കല്‍ ഓഫീസര്‍ വീരേന്ദ്ര സിംഗ് പറഞ്ഞു.