കൊച്ചി: വാടകവര്‍ധന അംഗീകരിക്കാനാകില്ലെന്ന നിലപാടില്‍ കേരള ബ്ലാസ്റ്റേഴ്സ് ഉറച്ചുനിന്നതോടെ കലൂര്‍ സ്റ്റേഡിയവുമായി ബന്ധപ്പെട്ട വാടകത്തര്‍ക്കത്തില്‍ അയഞ്ഞ് ജിസിഡിഎ.
ഇതോടെ നിലവിലെ പ്രതിസന്ധിക്കു താത്കാലിക വിരാമമായി. ഓരോ മത്സരത്തിനും മൂന്നു ലക്ഷം രൂപ വീതം നല്‍കണമെന്ന ധാരണയിലാണു പ്രശ്നം ഒത്തുതീര്‍ന്നത്. ഇത് ബ്ലാസ്റ്റേഴ്സും അംഗീകരിച്ചു.
ബ്ലാസ്റ്റേഴ്സ് കെട്ടിവയ്ക്കേണ്ട ഡെപ്പോസിറ്റായ ഒരു കോടി രൂപയില്‍ നഷ്ടം കണക്കാക്കി കുറച്ച 28 ലക്ഷം ബ്ലാസ്റ്റേഴ്സ് അടുത്തദിവസം കെട്ടിവയ്ക്കാനും ജിസിഡിഎ ചെയര്മാന് കെ. ചന്ദ്രന്‍പിള്ളയും ബ്ലാസ്റ്റേഴ്സ് സിഒഒ തുഷന്‍ വസിഷ്ടും തമ്മിലുള്ള ചര്‍ച്ചയില്‍ ധാരണയായി. ഇതോടെ കൊച്ചിയിലെ ഇനിയുള്ള ഐഎസ്എല്‍ മത്സരങ്ങള്‍ സുഗമമായി നടക്കും.
നേരത്തേ പ്രതിദിന വാടക 8.4 ലക്ഷം രൂപയില്‍നിന്ന് രണ്ടു ലക്ഷമാക്കി കുറയ്ക്കാമെന്ന വാഗ്ദാനം നല്‍കിയാണ് ഹോം ഗ്രൗണ്ട് മാറ്റം ആലോചിച്ച ബ്ലാസ്റ്റേഴ്സിനെ കൊച്ചിയില്‍ത്തന്നെ തുടരാന്‍ ജിസിഡിഎ പ്രേരിപ്പിച്ചത്. എന്നാല്‍, ചെയര്‍മാന്റെ തീരുമാനം ജിസിഡിഎ എക്സിക്യൂട്ടീവ് അംഗീകരിക്കാതെ വന്നതോടെ ഐഎസ്എല്‍ മത്സരങ്ങള്‍ പ്രതിസന്ധിയിലായി.
ഓരോ മത്സരത്തിനും 4.25 ലക്ഷം രൂപ വീതം നല്‍കണമെന്ന എക്സിക്യൂട്ടീവ് തീരുമാനം അംഗീകരിക്കാന്‍ ബ്ലാസ്റ്റേഴ്സ് തയാറായില്ല. ഇതേത്തുടര്‍ന്ന് ആദ്യമത്സരത്തിനു മുന്നോടിയായി സ്റ്റേഡിയത്തിലെത്തിയ ക്ലബ് ഉടമയെയും മാധ്യമപ്രവര്ത്തകെയും ഉള്‍പ്പെടെ സുരക്ഷാജീവനക്കാര്‍ പുറത്താക്കിയിരുന്നു.