കൊല്ലം: ഉയര്‍ന്ന വേതനത്തിന്റെ അടിസ്ഥാനത്തില്‍ പെന്ഷന് കണക്കാക്കുന്നതിന് പ്രൊറേറ്റാ സംവിധാനം ഏര്‍പ്പെടുത്തിയ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ നടപടി റദ്ദാക്കിയ പഞ്ചാബ് ആന്‍ഡ് ഹരിയാന ഹൈക്കോടതിയുടെ വിധി രാജ്യത്തെ സമാന സ്വഭാവമുളള എല്ലാ പെന്‍ഷന്‍കാര്‍ക്കും ബാധകമാക്കണമെന്ന് എന്‍.കെ. പ്രേമചന്ദ്രന് എംപി കേന്ദ്ര തൊഴില്‍ വകുപ്പ് മന്ത്രിയോടും, ഇപിഎഫ് കമ്മീഷണറോടും ആവശ്യപ്പെട്ടു.
ഉയര്‍ന്ന വേതനത്തിന്റെ അടിസ്ഥാനത്തില്‍ പെന്ഷന് നിശ്ചയിക്കുന്നതിന് സുപ്രീംകോടതി നല്കിയ വിധിന്യായത്തിന്റെ അന്തഃസത്തയ്ക്ക് വിരുദ്ധമായാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്ഗനൈസേഷന് പ്രൊറേറ്റാ ഏര്‍പ്പെടുത്തി പെന്ഷന് വെട്ടികുറച്ചത്. ഇതിനെതിരെ തൊഴിലാളികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് പഞ്ചാബ് ആന്‍ഡ് ഹരിയാന ഹൈക്കോടതിയുടെ വിധിന്യായം.
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് നിയമത്തിനും ചട്ടത്തിനും വിരുദ്ധമായാണ് പ്രൊറേറ്റാ ഏര്‍പ്പെടുത്തിയതെന്ന കണ്ടെത്തലില്‍ പ്രൊറേറ്റാ ഏര്‍പ്പെടുത്തി കൊണ്ടുള്ള ഇപിഎഫ്ഒയുടെ സര്‍ക്കുലറിനെ കോടതി അസാധുവാക്കുകയായിരുന്നു.
മുതിര്‍ന്ന പൗരന്മാരായ പെന്‍ഷന്‍കാരെ വീണ്ടും കോടതികയറ്റി ബുദ്ധിമുട്ടിക്കുന്നത് തൊഴിലാളികളുടെ ക്ഷേമത്തിനു വേണ്ടി രൂപീകരിച്ച ഇപിഎഫ്ഒയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് വിരുദ്ധമാണ്. അതിനാല്‍ ഉയര്‍ന്ന വേതനത്തിന്റെ അടിസ്ഥാനത്തില്‍ പെന്ഷന് അര്‍ഹതയുളള മുഴുവന്‍ പെന്‍ഷന്‍കാര്‍ക്കും പ്രൊറേറ്റാ ഒഴിവാക്കി പെന്ഷന് പുന:ക്രമീകരിച്ച് സുപ്രീംകോടതി വിധി പ്രകാരം പെന്ഷന് നല്കാന് നടപടി സ്വീകരിക്കണമെന്ന്് എംപി ആവശ്യപ്പെട്ടു.