മഞ്ചേരി: അനധികൃതമായി ജോലിക്ക് ഹാജരാകാത്ത ഡോക്ടർമാരെയും പ്രൊബേഷൻ പൂർത്തിയാക്കാത്ത ഡോക്ടർമാരെയും ജോലിയിൽ നിന്ന് പിരിച്ചുവിടാൻ തീരുമാനം. ഇന്നലെ മഞ്ചേരി ഗവണ്മെന്റ് മെഡിക്കൽ കോളജിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. യഥാസമയം ഫണ്ടുകൾ ചെലവഴിക്കാത്ത ഉദ്യോഗസ്ഥർക്കെതിരേയും നടപടിയെടുക്കും. മഞ്ചേരി മെഡിക്കൽ കോളജിൽ ക്രിട്ടിക്കൽ കെയർ യൂണിറ്റിന്റെ ഉൾപ്പെടെയുള്ള എല്ലാ നിർമാണ പ്രവർത്തനങ്ങളും ഡിസംബറിനകം പൂർത്തിയാക്കാനും യോഗത്തിൽ തീരുമാനമായി. ഇതോടൊപ്പം തന്നെ ആശുപത്രി പ്രവർത്തനത്തിന് ആവശ്യമായ വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും. മഞ്ചേരി മെഡിക്കൽ കോളജിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി വിവിധ പദ്ധതികളിലായി നടക്കുന്ന നിർമാണ പ്രവർത്തനങ്ങൾ അഡ്വ. എം. റഹ്മത്തുള്ള എംഎൽഎ, മെഡിക്കൽ എഡ്യുക്കേഷൻ ഡയറക്ടർ ഡോ. കെ.വിശ്വനാഥൻ, കളക്ടർ ഡോ. വിനയ് ഗോയൽ, മഞ്ചേരി നഗരസഭാ ചെയർമാൻ വല്ലാഞ്ചിറ അബ്ദുൾ മജീദ് തുടങ്ങിയവരുടെ നേതൃത്വത്തിൽ പരിശോധന നടത്തി. ക്രിട്ടിക്കൽ കെയർ യൂണിറ്റ് നിർമിക്കുന്ന സ്ഥലത്തെ മണ്ണെടുക്കുന്നത് സംബന്ധിച്ച പ്രശ്നം പരിഹരിച്ചതിനെ തുടർന്ന് നിർമാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ നടക്കുന്നുണ്ട്.
മെഡിക്കൽ കോളജ് ഓഡിറ്റോറിയം, ഹോസ്റ്റൽ, നഴ്സിംഗ് കോളജ്, വാർഡുകൾ, ഒപി കൗണ്ടറുകൾ, ഫാർമസി തുടങ്ങിയവ സംഘം പരിശോധിച്ചു. ക്രിട്ടിക്കൽ കെയർ യൂണിറ്റിന് ചുറ്റുമതിൽ, ലാൻഡ്സ്കേപ്പ് എന്നിവ ഒരുക്കുന്നതിന് ആവശ്യമായ എസ്റ്റിമേറ്റ് അടിയന്തരമായി നൽകാനും നിർദേശം നൽകി. ക്രിട്ടിക്കൽ കെയർ യൂണിറ്റ് നിർമാണം സംബന്ധിച്ച് നാളെ ഉച്ചയ്ക്ക് 2.30 ന് ജില്ലാ കളക്ടറുടെ ചേംബറിൽ യോഗം ചേരും. ഡോക്ടർമാരുടെയും പാരാമെഡിക്കൽ സ്റ്റാഫിന്റെയും ടെക്നീഷ്യൻമാരുടെയും ഒഴിവുകൾ നികത്തുന്നതിന് നടപടികൾ സ്വീകരിക്കണമെന്ന് എംഎൽഎ യോഗത്തിൽ ആവശ്യപ്പെട്ടു. പഴയ ആശുപത്രി കെട്ടിടം ഇനി എത്രകാലം ഉപയോഗിക്കാൻ സാധിക്കും എന്നതിന്റെ അടിസ്ഥാനത്തിൽ മാത്രമേ നവീകരിക്കേണ്ടതുള്ളൂ എന്നും യോഗത്തിൽ തീരുമാനിച്ചു. കെട്ടിടങ്ങളുടെയും മറ്റ് അടിസ്ഥാന സൗകര്യങ്ങളുടെയും നിർമാണം ആരംഭിച്ചതിനുശേഷം രൂപരേഖയിലോ സൗകര്യങ്ങളിലോ മാറ്റം വരുത്തരുതെന്ന് വിവിധ വകുപ്പ് മേധാവികൾക്ക് നിർദേശം നൽകി. ഡയാലിസിസ് മെഷീൻ ഉൾപ്പെടെയുള്ള പ്രവർത്തനരഹിതമയ എല്ലാ ഉപകരണങ്ങളുടെയും സ്ഥിതി പരിശോധിക്കും.
റിപ്പയർ ചെയ്യാവുന്നവ ഉപയോഗക്ഷമമാക്കാൻ ശ്രമിക്കും. മെഡിക്കൽ കോളജിനോടനുബന്ധിച്ച് 1.5 കോടി രൂപ ചെലവിൽ നിർമിക്കുന്ന ബറിയൽ ഗ്രൗണ്ടിന്റെ നിർമാണം പൂർത്തിയാക്കാത്ത കരാറുകാരനെ ഒഴിവാക്കി പുതിയ കരാറുകാരനെ നിയമിച്ച് നിർമാണം ഉടൻ പൂർത്തിയാക്കും. മെഡിക്കൽ കോളജിൽ കൂടുതൽ സീനിയർ റസിഡന്റ് ഡോക്ടർമാരെ നിയമിക്കും. പിജി സീറ്റുകളുടെ എണ്ണം വർധിപ്പിക്കുന്നതിന്റെ സാധ്യതകൾ പരിശോധിക്കും. ആരോഗ്യ മേഖലയിലെ നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സർക്കാർ സമഗ്ര പദ്ധതി തയാറാക്കുന്നുണ്ട്. ഇതിന്റെ ഭാഗമായുള്ള പരിഷ്കാരങ്ങളും നടപ്പാക്കുമെന്ന് മെഡിക്കൽ എഡ്യുക്കേഷൻ ഡയറക്ടർ ഡോ. കെ.വിശ്വനാഥൻ പറഞ്ഞു.
തിരുവനന്തപുരം, കോഴിക്കോട് മെഡിക്കൽ കോളജുകൾ കഴിഞ്ഞാൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ രോഗികൾ ആശ്രയിക്കുന്ന മെഡിക്കൽ കോളജ് എന്ന നിലയിൽ സർക്കാർ മഞ്ചേരി മെഡിക്കൽ കോളജിന് ഉയർന്ന പരിഗണനയാണ് നൽകുന്നതെന്ന് എംഎൽഎ അറിയിച്ചു.
നഴ്സിംഗ് കോളജിനായി കണ്ടെത്തിയ സ്ഥലത്ത് നിർമാണം സാധ്യമാണോയെന്ന് പരിശോധിച്ച് ഉടൻ റിപ്പോർട്ട് നൽകാൻ പൊതുമരാമത്ത് കെട്ടിടവിഭാഗത്തിന് നിർദേശം നൽകി. മെഡിക്കൽ കേളജ് വികസനത്തിനായി 2.8107 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്നതിനുള്ള ഭരണാനുമതി സർക്കാർ നൽകിയിട്ടുണ്ട്. ഇതിനായി 50 ലക്ഷം രൂപ എൽഎ സ്പെഷൽ തഹസിൽദാർക്ക് നൽകിയിട്ടുണ്ട്. 10.10 കോടി രൂപയുടെ എംആർഐ മെഷിൻ പ്രവർത്തിപ്പിക്കാൻ ട്രാൻസ്ഫോർമർ സ്ഥാപിക്കും. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. കെ. അബ്ദുൾ മജീദ്, വൈസ് പ്രിൻസിപ്പൽ ഡോ. പി.എസ്. ഷീന, മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. എസ്.എ. ഹാഫിസ്, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. അബൂബക്കർ, ഡോ. കെ.കെ. അനിൽരാജ്, ഡോ. സുധ കിഴക്കേപ്പാട്ട്, പി. റഷീദ് ബാബു, ആർഎംഒ ഡോ. സെറീന, ടി.കെ. ശ്യാം, സി.കെ. മിനി എന്നിവർ യോഗത്തിൽ പങ്കെടുത്തു.