ന്യൂഡൽഹി: പണം കണ്ടെത്തിയ കേസിൽ ലോക്സഭാ സ്പീക്കർ രൂപീകരിച്ച അന്വേഷണ സമിതിക്കു മുന്പാകെ ഹാജരാകാനുള്ള സമയപരിധി നീട്ടണമെന്ന ജസ്റ്റീസ് യശ്വന്ത് വർമയുടെ ആവശ്യം നിരസിച്ച് സുപ്രീംകോടതി.
അന്വേഷണ സമിതിയുടെ രൂപീകരണം ചോദ്യം ചെയ്ത് ജസ്റ്റീസ് വർമ സമർപ്പിച്ച ഹർജിയിൽ വിധിപറയാൻ മാറ്റിവച്ചുകൊണ്ടാണ് സുപ്രീംകോടതിയുടെ തീരുമാനം. അന്വേഷണ സമിതി ആവശ്യപ്പെട്ട പ്രകാരം ഹാജരാകാനും രേഖാമൂലം മറുപടി നൽകാനും ജസ്റ്റീസുമാരായ ദീപാങ്കർ ദത്തയും എസ്.സി. ശർമയും അടങ്ങുന്ന ബെഞ്ച് നിർദേശിച്ചു.
ജസ്റ്റീസ് വർമയ്ക്കെതിരായ ഇംപീച്ച്മെന്റ് പ്രമേയത്തിൽ നടപടിയെടുക്കാൻ ഡെപ്യൂട്ടി ചെയർമാന് അധികാരമില്ലെന്നാണ് അദ്ദേഹത്തിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകരായ സിദ്ധാർഥ് ലുത്രയും മുകുൾ റോത്തകിയും വാദിച്ചത്.
മുൻ രാജ്യസഭാ അധ്യക്ഷൻ ജഗദീപ് ധൻകർ രാജിവച്ചെങ്കിലും പുതിയ ചെയർമാനുവേണ്ടി കാത്തിരിക്കണം എന്നായിരുന്നു ഹർജിക്കാർ ചൂണ്ടിക്കാട്ടിയത്. ഇംപീച്ച്മെന്റ് പ്രമേയ നോട്ടീസിൽ തീരുമാനം എടുക്കുന്നതിന് മുന്പ് തന്നെ ധൻകർ രാജിവച്ചു എന്ന കാര്യം കോടതി ചൂണ്ടിക്കാട്ടിയതോടെയാണ് ഹർജിക്കാർ ഇത്തരമൊരു വാദം മുന്നോട്ടുവച്ചത്.
എന്നാൽ ഈ വാദം നിയമത്തിന്റെ ഉദ്ദേശ്യത്തെ പരാജയപ്പെടുത്തുമെന്ന് കേന്ദ്ര സർക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ചൂണ്ടിക്കാട്ടി. കേസിൽ രണ്ടാം ദിനമാണ് ഇന്നലെ വാദം കേട്ടത്. അന്വേഷണ സമിതിയുടെ രൂപീകരണത്തിൽ ചില പിശകുകൾ ഉണ്ടെന്ന് ആദ്യദിനം വാദം കേൾക്കവെ സുപ്രീംകോടതി വാക്കാൽ നിരീക്ഷിച്ചിരുന്നു.
സ്പീക്കറുടെ നടപടി റദ്ദാക്കാൻ മാത്രം ഗൗരവമുള്ള പിശകാണോ സംഭവിച്ചതെന്ന് പരിശോധിക്കുമെന്നും കോടതി വ്യക്തമാക്കിയിരുന്നു. കേസിൽ തിങ്കളാഴ്ച വീണ്ടും വാദം കേൾക്കും.