ന്യൂഡൽഹി: സ്വകാര്യവാഹനം മറ്റു സംസ്ഥാനങ്ങളിൽ റീ-രജിസ്ട്രേഷൻ കൂടാതെ തുടരാൻ സാധിക്കുന്ന കാലാവധി നിലവിലെ ഒരു വർഷത്തിൽനിന്നും മൂന്നു വർഷമായി ഉയർത്താൻ കേന്ദ്രസർക്കാർ ആലോചന.
ഈസ് ഓഫ് ലിവിംഗ് പദ്ധതിയുടെ ഭാഗമായി മോട്ടോർ വാഹന നിയമത്തിൽ കൊണ്ടുവരുന്ന ഭേദഗതികളുടെ കരട് കഴിഞ്ഞയാഴ്ച ചേർന്ന മന്ത്രിമാരുടെ അനൗപചാരിക സമിതി മുന്പാകെ സമർപ്പിച്ചു. ഇതുസംബന്ധിച്ച ഔദ്യോഗിക തീരുമാനം വൈകാതെ ഉണ്ടാകുമെന്നാണ് സൂചന.
നിലവിലെ നിയമപ്രകാരം ഒരു സംസ്ഥാനത്തു രജിസ്റ്റർ ചെയ്ത വാഹനം മറ്റൊരു സംസ്ഥാനത്ത് ഒരു വർഷത്തിൽ കൂടുതൽ ഉപയോഗിക്കണമെങ്കിൽ അവിടെ പുതിയ രജിസ്ട്രേഷൻ എടുക്കൽ നിർബന്ധമാണ്.
എന്നാൽ ജോലിസംബന്ധമായി രണ്ടോ മൂന്നോ വർഷത്തേക്കു മാത്രം മറ്റു സംസ്ഥാനങ്ങളിൽ പോയി തിരികെ സ്വന്തം നാട്ടിലേക്കുതന്നെ മടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് റീ-രജിസ്ട്രേഷൻ ചെയ്യേണ്ടിവരുന്നതും പിന്നീട് അതു റദ്ദാക്കേണ്ടിവരുന്നതുമായ വലിയ ബുദ്ധിമുട്ടുകൾ ഒഴിവാക്കുകയാണ് സമയപരിധി നീട്ടുന്നതുകൊണ്ട് കേന്ദ്രസർക്കാർ ഉദ്ദേശിക്കുന്നത്.
നിലവിലുള്ള ഭാരത് (ബിഎച്ച്) സീരീസ് രജിസ്ട്രേഷനുപുറമെയാണ് സാധാരണക്കാർക്ക് ഗുണം ചെയ്യുന്ന ഈ പുതിയ നിർദേശം.