വടക്കഞ്ചേരി: കിണറിനുള്ളിൽ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട തൊഴിലാളിയെ വടക്കഞ്ചേരി ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്തി. ആമക്കുളം ചെമ്പിളിയാംകുന്ന് ഉണ്ണികൃഷ്ണ(45) നാണ് പന്നിയങ്കര ടോൾ പ്ലാസയ്ക്ക് സമീപം തേനിടുക്ക് കൊച്ചു പടിഞ്ഞാറേക്കരയിൽ ബേബി സക്കറിയയുടെ പറമ്പിലെ കിണറിൽ കുടുങ്ങിയത്.
കിണർ വൃത്തിയാക്കുന്നതിനിടെ പെട്ടെന്ന് ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. ഉടൻ ഫയർഫോഴ്സിനെ വിവരമറിയിച്ചു. സ്റ്റേഷൻ ചാർജുള്ള അൻഷർ സാദത്തിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി. 16 അടി താഴ്ചയുള്ള കിണറായിരുന്നു. കിണർ വൃത്തിയാക്കാൻ ഇറങ്ങുന്നതിനുമുമ്പ് കിണറിൽ വായു സഞ്ചാരം ഉണ്ടോ എന്ന് ഉറപ്പുവരുത്തണമെന്ന് ഫയർ ഓഫീസർ നിർദേശം നൽകി.