ഒഡീഷയിലെ നയഗഢ് ജില്ലയിലെ കാണിപട വനമേഖലയിൽ തേൻ ശേഖരിക്കാനിറങ്ങിയ പതിനാലുകാരൻ പാറയിടുക്കിൽ കുടുങ്ങിയത് മണിക്കൂറുകളോളം.
കാണിപട സ്വദേശിയായ ഷിബ പ്രധാൻ എന്ന കൗമാരക്കാരനാണ് കാട്ടിനുള്ളിലെ വമ്പൻ പാറക്കെട്ടുകൾക്കിടയിൽ അബദ്ധത്തിൽ തെന്നിവീണ് അപകടത്തിൽപ്പെട്ടത്.
വീഴ്ചയ്ക്കിടെ രണ്ട് കൂറ്റൻ പാറകൾക്കിടയിലുള്ള ഇടുങ്ങിയ വിടവിലേക്ക് കുട്ടിയുടെ തല കുടുങ്ങിപ്പോവുകയായിരുന്നു. അഞ്ച് മണിക്കൂറോളം നിസഹായനായി പാറയിടുക്കിൽ കിടന്ന കുട്ടിയെ പ്രദേശവാസികൾ കണ്ടത്തിയതോടെയാണ് വിവരം പുറംലോകമറിഞ്ഞത്.
ഉടൻതന്നെ ഒഡഗാവിലെയും നയഗഢിലെയും അഗ്നിശമന സേനാംഗങ്ങളും ദുരന്തനിവാരണ വിഭാഗവും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. അതീവ ദുർഘടമായ വനമേഖലയിൽ നടന്ന ഈ ദൗത്യം രക്ഷാപ്രവർത്തകർക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തിയത്.
ഉറപ്പില്ലാത്ത പാറക്കെട്ടുകൾ ഏതുനിമിഷവും ഇടിഞ്ഞുവീഴാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രതയോടെയായിരുന്നു നീക്കങ്ങൾ. ഹൈഡ്രോളിക് ജാക്കുകളും ആധുനിക യന്ത്രങ്ങളും ഉപയോഗിച്ച് പാറകൾക്കിടയിൽ കൃത്യമായ വിടവ് ഉണ്ടാക്കിയാണ് കുട്ടിയെ പുറത്തെടുത്തത്.
രക്ഷാപ്രവർത്തനത്തിലുടനീളം ബോധം നഷ്ടപ്പെടാതിരിക്കാൻ ഉദ്യോഗസ്ഥർ ഷിബയുമായി സംസാരിച്ചുകൊണ്ടിരുന്നു. ഏഴ് മണിക്കൂർ നീണ്ട തീവ്രശ്രമത്തിനൊടുവിൽ അത്ഭുതകരമായാണ് ബാലനെ പരിക്കുകളില്ലാതെ രക്ഷപ്പെടുത്തിയത്.
ദുർഘടമായ സാഹചര്യത്തിലും പതറാതെ പ്രവർത്തിച്ച സേനാംഗങ്ങളെ ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി പ്രശംസിച്ചു. അപകടകരമായ സാഹചര്യത്തിൽ ഉദ്യോഗസ്ഥർ കാട്ടിയ പ്രൊഫഷണലിസവും ധീരതയും മാതൃകാപരമാണെന്ന് അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ കുറിച്ചു.
രക്ഷാദൗത്യത്തിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ നിരവധി പേരാണ് ഉദ്യോഗസ്ഥരെ അഭിനന്ദിച്ച് രംഗത്തെത്തിയത്.