തിരുവമ്പാടി: ഇരുവഞ്ഞിപ്പുഴയിലും പരിസരപ്രദേശങ്ങളിലും അപകടങ്ങൾ പതിവാകുന്ന സാഹചര്യത്തിൽ അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ പ്രത്യേക റോപ്പ് റെസ്ക്യൂ പരിശീലനം സംഘടിപ്പിച്ചു. പുല്ലൂരാംപാറ പള്ളിപ്പടിക്ക് സമീപമുള്ള ഇരുവഞ്ഞിപ്പുഴയിലെ കുമ്പിടാൻ കയത്തിലാണ് കോഴിക്കോട് ഡിവിഷനിലെ അഗ്നിരക്ഷാസേനാംഗങ്ങൾക്ക് പരിശീലനം നൽകിയത്.
കോഴിക്കോട് റീജണൽ ഫയർ ഓഫിസറുടെ നിർദേശപ്രകാരം കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലെ വിവിധ ഫയർ സ്റ്റേഷനുകളിലെ ജീവനക്കാരെ ഉൾപ്പെടുത്തിയാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. സോഷ്യൽ മീഡിയ വീഡിയോകൾ കണ്ട് പരിചയമില്ലാത്ത വിനോദസഞ്ചാര കേന്ദ്രങ്ങളിലും പുഴകളിലും എത്തുന്നവർ സുരക്ഷാ മുന്നറിയിപ്പുകൾ അവഗണിച്ച് അപകടമേഖലകളിലേക്ക് ഇറങ്ങരുതെന്ന് മുക്കം ഫയർ ഓഫിസർ അബ്ദുൽ സലീം പറഞ്ഞു.റോപ്പ് റെസ്ക്യൂ പരിശീലകൻ അഭിലാഷിന്റെ നേതൃത്വത്തിലുള്ള ഒമ്പതംഗ പ്രത്യേക സംഘമാണ് കോഴിക്കോട് ഡിവിഷനിലെ വിവിധ ഫയർ സ്റ്റേഷനുകളിൽ പരിശീലനത്തിന് നേതൃത്വം നൽകുന്നത്.
ോ