കോൽക്കത്ത: പശ്ചിമബംഗാളിലെ നഗരസഭകളിലെ നിയമനങ്ങളുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ തൃണമൂൽ കോൺഗ്രസ് എംഎൽഎയും മുൻമന്ത്രിയുമായ മദൻ മിത്രയുടെ വിവിധ വസതികളിലും സ്ഥാപനങ്ങളിലും ഇഡി റെയ്ഡ് നടത്തി.
കള്ളപ്പണം വെളുപ്പിക്കൽ നിരോധനനിയമപ്രകാരമാണ് ഇഡിയുടെ നടപടി. വിവിധ നഗരസഭകളിൽ യോഗ്യതയില്ലാത്ത ഉദ്യോഗാർഥികൾക്ക് ജോലി നൽകാൻ മദൻമിത്ര ഇടനിലക്കാർ വഴി സ്വർണവും പണവും കൈപ്പറ്റിയെന്നാണ് ഇഡി കണ്ടെത്തൽ.
ശനിയാഴ്ച പുലർച്ചെ മുതൽ മദൻ മിത്രയുമായി ബന്ധമുള്ള ഏഴു കേന്ദ്രങ്ങളിലാണ് ഒരേസമയം പരിശോധന ആരംഭിച്ചത്.
ദക്ഷിണകോൽക്കത്തയിലെ ഭവാനിപുരിലുള്ള അദ്ദേഹത്തിന്റെ വസതി, നഗരത്തിന്റെ വടക്കൻ അതിർത്തിയായ ദക്ഷിണേശ്വരിലെ അഞ്ച് നിലകളുള്ള അപ്പാർട്ട്മെന്റ്, ജോക്കയിലെ വസതി എന്നിവടങ്ങളിലാണ് റെയ്ഡ് നടന്നത്.
ഭവാനിപുരിലെ വസതിയിലുണ്ടായിരുന്ന മദൻ മിത്രയെ ഇഡി മണിക്കൂറുകളോളം ചോദ്യം ചെയ്യുകയും ചെയ്തു. നിലവിൽ നോർത്ത് 24 പർഗാനസ് ജില്ലയിലെ കമർഹാത്തി മണ്ഡലത്തിൽനിന്നുള്ള എംഎൽഎയാണ് മദൻമിത്ര.