Kerala
കൊച്ചി: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള് സര്ക്കാര് നല്കുന്ന ഗ്രാന്റുകളെ മാത്രം ആശ്രയിച്ച് മുന്നോട്ടുപോകുന്ന രീതി മാറി തനത് വരുമാനം വര്ധിപ്പിച്ച് സ്വയംപര്യാപ്തത കൈവരിക്കണമെന്നു മന്ത്രി കെ.എം. ഷാജി.
കേന്ദ്ര പഞ്ചായത്തിരാജ് മന്ത്രാലയവും സംസ്ഥാന തദ്ദേശസ്വയംഭരണ വകുപ്പും സംയുക്തമായി സംഘടിപ്പിച്ച ആത്മനിര്ഭര് പഞ്ചായത്ത് പദ്ധതി വിശദീകരണ ശില്പശാല ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പഞ്ചായത്തുകള് ഇതു മറികടക്കാന് സ്വന്തം നിലയില് പണം സ്വരൂപിക്കാനുള്ള മാര്ഗങ്ങള് കണ്ടെത്തണം. ഇതിനായി റവന്യു വകുപ്പുമായി ചേര്ന്നുള്ള ഇടപെടലുകള്ക്ക് സര്ക്കാര് മുന്കൈയെടുക്കും. അധികാരങ്ങള് പൂര്ണമായി വികേന്ദ്രീകരിക്കണം. ഫണ്ട് അനുവദിക്കുന്നതുകൊണ്ടു മാത്രം തദ്ദേശ സ്ഥാപനങ്ങള് ശക്തിപ്പെടില്ല.
ഒരു ഫെഡറല് സിസ്റ്റത്തിനകത്തുനിന്ന് പഞ്ചായത്തുകള്ക്ക് നിര്വഹിക്കാന് കഴിയുന്ന മുഴുവന് അധികാരങ്ങളും പൂര്ണമായി വിട്ടുകൊടുക്കാനുള്ള ശ്രമങ്ങള് വരുംദിവസങ്ങളില് സര്ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
കളമശേരി ആശിഷ് കണ്വന്ഷന് സെന്ററില് നടന്ന പരിപാടിയില് ഹൈബി ഈഡന് എംപി അധ്യക്ഷത വഹിച്ചു.
National
ചിക്കബല്ലാപുര: അയോധ്യയിലെ രാമക്ഷേത്രത്തിൽ ലഭിച്ച സംഭാവന തിരിമറിയിലൂടെ 20,000 കോടിരൂപ കൊള്ളയടിച്ചതിന്റെ ഉത്തരവാദിത്വം ബിജെപിക്കും ആർഎസ്എസിനുമാണെന്നു കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ.
വോട്ടർപട്ടിക തീവ്രപരിഷ്കണത്തിലൂടെ വോട്ട് കൊള്ളയ്ക്കും ബിജെപിയും കേന്ദ്രസർക്കാരും ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഭരണഘടനാശില്പി ബി.ആർ. അംബേദ്കറുടെ പ്രതിമ ചിക്കബല്ലാപുരയിൽ അനാച്ഛാദനം ചെയ്തു സംസാരിക്കുകയായിരുന്നു കോൺഗ്രസ് അധ്യക്ഷൻ.
സ്വർണവും വെള്ളിയും മാത്രമല്ല രാമക്ഷേത്രത്തിന്റെ പേരിൽ സംഭാവന ചെയ്ത ഇഷ്ടികവരെ കൊള്ളയടിക്കപ്പെട്ടു. എല്ലാദിവസവും വിളിക്കുന്ന ദൈവത്തിന്റെ പേരിൽത്തന്നെയാണ് കൊള്ള നടത്തുന്നതെന്നും ഖാർഗെ ആരോപിച്ചു.
Kerala
ഈരാറ്റുപേട്ട: ഇന്ത്യയില് ഇന്ന് തെരഞ്ഞെടുപ്പുകള് യുദ്ധമായി മാറുകയാണെന്നും ഭരണകര്ത്താക്കളിലും ജനങ്ങളിലും ജനാധിപത്യമൂല്യങ്ങള് വളരാനുള്ള ശ്രമങ്ങളുണ്ടാകുന്നില്ലെന്നും പ്രമുഖ ഗാന്ധിയന് ചിന്തകനും ഏകതാ പരിഷത്ത് സ്ഥാപകനുമായ പി.വി. രാജഗോപാല്.
കേരള സിവില് സൊസൈറ്റി മൂവ്മെന്റിന്റെയും വോട്ടേഴ്സ് അലയന്സിന്റെയും ആഭിമുഖ്യത്തില് പ്രകടന പത്രികകള് ജനങ്ങളുടെ നിരീക്ഷണത്തില് എന്ന സംസ്ഥാനതല കാമ്പയിന് ഈരാറ്റുപേട്ടയില് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വോട്ടേഴ്സ് അലയന്സ് ചെയര്മാന് ജോണ് ജോസഫ്, ഈരാറ്റുപേട്ട നഗരസഭാ ചെയര്മാന് വി.പി.നാസര്, സണ്ണി പൈകട, വി.എം.അബ്ദുള്ള ഖാന്, ഉണ്ണിക്കുഞ്ഞ്, ജോര്ജ് ജേക്കബ്, കെബീര്ഷാ, ജോര്ജുകുട്ടി, ജോഷി താന്നിക്കല്, ബേബി പേണ്ടാനം,അപ്പച്ചന് തെള്ളിയില്, എമ്മിച്ചന്, മുഹമ്മദലി ഖാന് തുടങ്ങിയവര് പ്രസംഗിച്ചു.
Kerala
തൃശൂർ: കാർഷികബിരുദം നേടി പുറത്തിറങ്ങുന്ന വിദ്യാർഥികൾക്കു രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിൽ വലിയ ഉത്തരവാദിത്വമുണ്ടെന്നു കേരള ഗവർണറും കാർഷിക സർവകലാശാല ചാൻസലറുമായ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ.
ദേശീയഗീതം ഓർമിപ്പിക്കുന്ന സുജലാം സുഫലാം എന്ന സങ്കല്പം യാഥാർഥ്യമാക്കാൻ നല്ല ജലവും നല്ല ഫലങ്ങളും ഉറപ്പാക്കുന്ന പ്രവർത്തനങ്ങളിൽ വിദ്യാർഥികൾ പങ്കാളികളാകണമെന്നും പുഴയ്ക്കൽ ഹയാത്ത് റീജൻസിയിൽ നടന്ന കേരള കാർഷിക സർവകലാശാലയുടെ 2025 വർഷത്തെ ബിരുദദാനം നിർവഹിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
വൈസ് ചാൻസലർ ഡോ.ബി. അശോക് അധ്യക്ഷത വഹിച്ചു. 1108 വിദ്യാർഥികൾ ബിരുദം ഏറ്റുവാങ്ങി. ഇതിൽ 89 ഡോക്ടറേറ്റുകളും 254 ബിരുദാനന്തരബിരുദങ്ങളും 628 ബിരുദങ്ങളും 94 ഡിപ്ലോമകളും 43 പിജി ഡിപ്ലോമകളും ഉൾപ്പെടുന്നു.
പഠനമികവ് പുലർത്തിയ വിദ്യാർഥികൾക്കുള്ള അവാർഡുകൾ വിതരണം ചെയ്തു. ബി. അമൃതശ്രീ, ആക്സ എലിസബത്ത് ജോസ്, ജി. നവ്യ, ആലിസ് ആൻ സജിത്ത്, എം. ആദിത്യ രഘുനാഥൻ, മഞ്ജിമ ഷാജി, ടി.എൽ. മിഖ കോഷ് എന്നിവർക്കു സർദാർ പട്ടേൽ മെഡലുകൾ സമ്മാനിച്ചു.
ബിഎസ്സി(അഗ്രി) ഒന്നാംറാങ്ക് നേടിയ ബി. അമൃതശ്രീക്ക് ഡോ. ടി.പി. മനോമോഹൻദാസ് സ്മാരക അവാർഡും പി.ജി. കാർഷികകീടശാസ്ത്രത്തിൽ ഒന്നാംറാങ്ക് നേടിയ എസ്. അഞ്ജുവിന് ഡോ. എം.ആർ.ജി.കെ. നായർ സ്മാരക അവാർഡും എം. അഞ്ജനലക്ഷ്മി, സോന ജെയ്സണ് എന്നിവർക്കു ഫെമി ജോസ് മെറിറ്റ് അവാർഡും എസ്. വിഷ്ണു ചന്ദ്രൻ, അഖില അശോകൻ എന്നിവർക്കു ഡോ.പി.കെ.ആർ. നായർ അവാർഡും സമ്മാനിച്ചു.
സർവകലാശാല രജിസ്ട്രാർ ഡോ.എ. സക്കീർ ഹുസൈൻ, വിദ്യാഭ്യാസവിഭാഗം മേധാവി ഡോ. യാമിനി വർമ, ഡീൻ ഓഫ് ഫാക്കൽറ്റി (അഗ്രി) ഡോ. ജേക്കബ് ജോണ്, ഡീൻ ഓഫ് ഫാക്കൽറ്റി (അഗ്രികൾച്ചറൽ എൻജിനീയറിംഗ്) ഡോ.പി.ആർ. ജയൻ, ഡോ.ഇ.ജി. രഞ്ജിത്ത് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. പ്രമുഖ വയലിനിസ്റ്റ് ഇടപ്പള്ളി അജിത്കുമാറിന്റെ സംഗീതക്കച്ചേരിയും ഉണ്ടായിരുന്നു.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില് യുഡിഎഫ് പരാജയപ്പെട്ടാല് ഉത്തരവാദിത്തം ഏറ്റെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. ജയിക്കാന് കഴിയുന്ന സാഹചര്യത്തിലേക്ക് എത്തിച്ചിട്ടുണ്ട്. വിജയിച്ചാല് എല്ലാവര്ക്കുമായിരിക്കും ക്രെഡിറ്റെന്നും സതീശൻ പറഞ്ഞു.
യുഡിഎഫിന് തിളക്കമാർന്ന വിജയം ലഭിച്ചില്ലെങ്കിൽ രാഷ്ട്രീയ വനവാസത്തിന് പോകും. എന്നും ഡീല് ആരോപണമല്ല ചർച്ച ചെയ്യേണ്ടത്. വികസനപ്രശ്നങ്ങളും ചർച്ച ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു.
25 ശതമാനമാണ് ഞങ്ങള് രാഷ്ട്രീയം പറഞ്ഞത് ബാക്കി 75 ശതമാനം പറഞ്ഞത് ഭാവി കേരളത്തിനെ കുറിച്ചാണ്. സര്ക്കാരിന്റെ പരാജയങ്ങള് ഉയര്ത്തിക്കാട്ടിയെന്നും സതീശൻ പറഞ്ഞു.
National
ന്യൂഡൽഹി: ഓണ്ലൈനിലൂടെ പ്രചരിക്കുന്ന ഉള്ളടക്കങ്ങളുടെ ഉത്തരവാദിത്വം അതത് ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ഏറ്റെടുക്കണമെന്നു കേന്ദ്ര ഐടി-ഇലക്ട്രോണിക്സ് മന്ത്രി അശ്വിനി വൈഷ്ണവ്. ഡൽഹിയിൽ ഡിജിറ്റൽ ന്യൂസ് പബ്ലിഷേഴ്സ് അസോസിയേഷന്റെ (ഡിഎൻപിഎ) കോണ്ക്ലേവിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
തുറസായ വിവരങ്ങൾ കൈമാറുന്ന ഒരു സംവിധാനമെന്നതിൽനിന്ന് ഇന്റർനെറ്റ് പരിണമിച്ചിട്ടുണ്ട്. പ്ലാറ്റ്ഫോമുകൾക്ക് നിലവിൽ നിഷ്പക്ഷത അവകാശപ്പെടാൻ കഴിയില്ല. അതിനാൽത്തന്നെ അവ പ്രസിദ്ധീകരിക്കുന്നതിന്റെ ഉത്തരവാദിത്വം അതത് ഓണ്ലൈൻ പ്ലാറ്റ്ഫോമുകൾ ഏറ്റെടുക്കണമെന്നു കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.
നിർമിതബുദ്ധി (എഐ) ദുരുപയോഗിച്ച് ഡീപ്ഫേക്ക് ഉൾപ്പെടെയുള്ള ഉള്ളടക്കങ്ങൾ സൃഷ്ടിക്കുന്നതിലും മന്ത്രി ആശങ്ക പ്രകടിപ്പിച്ചു. എഐ ഉപയോഗിച്ച് ഒരാളുടെ അനുവാദമില്ലാതെ അയാളുടെ ശബ്ദമോ മുഖമോ കൃത്രിമമായി നിർമിക്കുന്നതിനെതിരേ മന്ത്രി മുന്നറിയിപ്പ് നൽകി.
കുട്ടികളുടെയും പൗരന്മാരുടെയും ഓണ്ലൈൻ സംരക്ഷണം പ്ലാറ്റ്ഫോമുകളുടെ ഉത്തരവാദിത്വമാണ്. സമൂഹമാധ്യമങ്ങളിലെ കണ്ടന്റ് ക്രിയേറ്റർമാർക്ക് പ്ലാറ്റ്ഫോമുകൾ ന്യായമായ രീതിയിൽ വരുമാനം പങ്കുവയ്ക്കണമെന്നും അശ്വിനി വൈഷ്ണവ് ആവശ്യപ്പെട്ടു.
National
ന്യൂഡല്ഹി: സംസ്ഥാന സര്ക്കാരിന് ആവശ്യമുണ്ടെങ്കില് സില്വര് ലൈനിനെ പിന്തുണയ്ക്കുമെന്ന് കേന്ദ്ര റെയില്വേ മന്ത്രി അശ്വിനി വൈഷ്ണവ് രാജ്യസഭയില് അറിയിച്ചു.
സംസ്ഥാന സര്ക്കാര് മുമ്പ് നിര്ദേശിച്ചിരുന്ന സില്വര്ലൈന് പദ്ധതിക്ക് വലിയ പാരിസ്ഥിതികാഘാതമുണ്ടെന്നും അത് സാധ്യമാകുമെന്ന് കരുതുന്നില്ലെന്നും സഭയില് പറഞ്ഞ അശ്വിനി വൈഷ്ണവ് പക്ഷേ പദ്ധതി മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള ഉത്തരവാദിത്വം സംസ്ഥാന സര്ക്കാരിന്റെമേല് ചാരിയിട്ടുണ്ട്.
സില്വര്ലൈനില് പന്ത് സംസ്ഥാന സര്ക്കാരിന്റെ കോര്ട്ടിലാണെന്നും സര്ക്കാര് ഭൂമി ഏറ്റെടുക്കല് തുടങ്ങിയാല് പിന്തുണയ്ക്കുമെന്നും റെയില്വേ മന്ത്രി പറഞ്ഞു.
2020 ജൂണ് 17ന് കേന്ദ്രസര്ക്കാരിന്റെ മുന്നില് സമര്പ്പിച്ച സില്വര് ലൈന് പദ്ധതിയുടെ ഡിപിആറിന് (ഡീറ്റെയില്ഡ് പ്രോജക്ട് റിപ്പോര്ട്ട്) നാളിതുവരെയായിട്ടും കേന്ദ്രാനുമതി ലഭിക്കാതെ സംസ്ഥാന സര്ക്കാര് ബദല് റെയില് പദ്ധതികള് തേടുമ്പോഴാണ് സില്വര് ലൈന് പദ്ധതി ഇപ്പോഴും പരിഗണിക്കാവുന്ന വിഷയമാണെന്ന തരത്തില് അശ്വിനി വൈഷ്ണവിന്റെ പ്രസ്താവന.
District News
തൃശൂർ: മാലിന്യനിർമാർജനം പൂർണതയിലെത്തിക്കുകയെന്നതു നമ്മുടെ കടമയാണെന്നും മാലിന്യസംസ്കരണം തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ ഏറ്റെടുക്കേണ്ട ചുമതലയാണെന്നും മന്ത്രി എം.ബി. രാജേഷ്. കിലയിൽ നടന്ന മാലിന്യസംസ്കരണം ഉത്തരമേഖലാ അവലോകനയോഗത്തിൽ അധ്യക്ഷത വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കില ഡയറക്ടർ ജനറൽ എ. നിസാമുദ്ദീൻ, തദ്ദേശ സ്വയംഭരണവകുപ്പ് സെക്രട്ടറി ടി.വി. അനുപമ, ക്ലീൻ കേരള കന്പനി മാനേജിംഗ് ഡയറക്ടർ ജി.കെ. സുരേഷ് കുമാർ എന്നിവർ പങ്കെടുത്തു.
തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, വയനാട് ജില്ലകളിൽനിന്നുള്ള തദ്ദേശസ്ഥാപന അധ്യക്ഷന്മാരും ഉദ്യോഗസ്ഥരും പങ്കെടുത്തു.
International
കാബൂൾ: അഫ്ഗാൻ തലസ്ഥാനമായ കാബൂളിലെ ചൈനീസ് റസ്റ്ററന്റിൽ തിങ്കളാഴ്ചയുണ്ടായ സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു.
സ്ഫോടനത്തിൽ ചൈനീസ് പൗരൻ അടക്കം ഏഴു പേർ മരിച്ചെന്നാണ് റിപ്പോർട്ട്. എന്നാൽ താലിബാൻ ഗാർഡുകൾ അടക്കം 25 പേരാണ് കൊല്ലപ്പെട്ടതെന്ന് ഐഎസ് അവകാശപ്പെട്ടു.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി കെപിസിസി വര്ക്കിംഗ് പ്രസിഡന്റുമാര്ക്കും ഭാരവാഹികള്ക്കും ചുമതലകള് വീതിച്ചു നൽകി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. മൂന്ന് മേഖലകള് തിരിച്ചാണ് കെപിസിസി വര്ക്കിംഗ് പ്രസിഡന്റുമാര്ക്ക് ചുമതല നൽകിയത്.
തിരുവനന്തപുരം മുതൽ കോട്ടയം വരെയുള്ള അഞ്ചു ജില്ലകള് ഉള്ക്കൊള്ളുന്ന തെക്കൻ മേഖലയുടെ ചുമതല പി.സി. വിഷ്ണുനാഥിനാണ്. എ.പി. അനിൽകുമാറിനെ ഇടുക്കി മുതൽ മലപ്പുറം വരെയുള്ള അഞ്ചു ജില്ലകളുള്ള മധ്യമേഖലയുടെ ചുമതല നൽകി. കോഴിക്കോട് മുതൽ കാസര്ഗോഡ് വരെയുള്ള വടക്കൻ മേഖലയുടെ ചുമതലയാണ് ഷാഫി പറമ്പിലിന്.
കെസി പക്ഷക്കാര്ക്കാണ് സംഘടനാ ചുമതലയും കെപിസിസി ഓഫീസ് ചുമതലയും. സംഘടനാ ചുമതല നെയ്യാറ്റിന്കര സനലിനും ഓഫീസ് ചുമതല മുന് എംഎൽഎ എം.എ. വാഹിദിനുമാണ് നൽകിയത്.
ജില്ലകളുടെ ചുമതല ജനറൽ സെക്രട്ടറിമാര്ക്ക് പകരം വൈസ് പ്രസിഡന്റുമാര്ക്കും ട്രഷറര്ക്കുമാണ്. ജനറൽ സെക്രട്ടറിമാര്ക്ക് നിയോജകമണ്ഡലങ്ങളുടെ ചുമതലയാണ് കെപിസിസി പ്രസിഡന്റ് നൽകിയിരിക്കുന്നത്.