District News
തിരുവല്ല: അഡ്വ. വർഗീസ് മാമ്മനെ തിരുവല്ലയിലെ യുഡിഎഫ് സ്ഥാനാർഥിയായി കേരള കോൺഗ്രസ് (ജോസഫ് വിഭാഗം) പ്രഖ്യാപിച്ചു. യുഡിഎഫ് ജില്ലാ ചെയര്മാന് കൂടിയായ വർഗീസിലൂടെ മണ്ഡലം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് പ്രവർത്തകർ.
കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ആന്റോ ആന്റണിയുടെ തെരഞ്ഞെടുപ്പ് ചെയര്‍മാനായി പ്രവർത്തിച്ച വർഗീസിന്റെ നിയമസഭയിലേക്കുള്ള കന്നിയങ്കമാണിത്.
മാര്‍ത്തോമ്മാ സഭയുടെ അല്മായ ട്രസ്റ്റിയായി സേവനമനുഷ്ഠിച്ച വര്‍ഗീസ് മാമ്മന്‍ തിരുവല്ലയിലെ പൊതുരംഗത്ത് ശ്രദ്ധേയനാണ്.ദക്ഷിണ കൊറിയയില്‍ നടന്ന ക്രൈസ്തവ സഭകളുടെ അഖില ലോക കൗണ്‍സിലിലും തായ്ലൻഡിൽ നടന്ന അന്താരാഷ്ട്ര സര്‍വമത സമ്മേളനത്തിലും പ്രതിനിധിയായിരുന്നു.
Kerala
കോഴിക്കോട്: എൽപിജി സിലിണ്ടർ ക്ഷാമം രൂക്ഷമായതോടെ ജില്ലയിൽ ഹോട്ടലുകളില്‍നിന്നും തട്ടുകടകളില്‍നിന്നും ഇതരസംസ്ഥാന തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങുന്നു.
ചപ്പാത്തി കമ്പനികള്‍ ഉള്‍പ്പെടെ പലയിടത്തും പൂട്ടി. മലയാളികളുടെ ഇഷ്ടവിഭവങ്ങളില്‍ ഒന്നായ ‘പൊറാട്ട’യ്ക്കും പൂട്ടുവീണുകൊണ്ടിരിക്കുകയാണ്.
പൊതുവേ ഇതരസംസ്ഥാന തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങിയാല്‍ തിരിച്ചെത്താന്‍ ബുദ്ധിമുട്ടാണ്. തിരിച്ചെത്തുന്നവരാകട്ടെ പഴയ ഹോട്ടലുകളിലേക്ക് തന്നെ തിരിച്ചെത്തിക്കൊള്ളണമെന്നില്ലെന്ന് ഹോട്ടല്‍ ഉടമകള്‍ പറയുന്നു.
ബംഗാൾ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ തെരഞ്ഞെടുപ്പിലേക്കു നീങ്ങുന്ന വേള കൂടിയാണിത്. സിലിണ്ടർ ക്ഷാമം പരിഹരിക്കപ്പെടുംവരെ കട അടയ്ക്കേണ്ട സ്ഥിതിയുണ്ടായാൽ, തൊഴിലാളികൾക്ക് ശമ്പളവും ഭക്ഷണവും നൽകി നിലനിർത്താൻ ഉടമകൾക്കും പ്രയാസമാകും.
ഹോട്ടലുടമകൾ സഹകരിച്ച് ഒരു സ്ഥലത്ത് ഭക്ഷണം പാകം ചെയ്ത് സമീപത്തെ ഹോട്ടലുകളിലേക്കു വിതരണത്തിനായി എത്തിക്കുന്നത് ഉൾപ്പെടെയുള്ള ബദൽ നിർദേശങ്ങള്‍ ഇതിനകം ഉയര്‍ന്നുവന്നിട്ടുണ്ട്.
മുന്‍പ് കോവിഡ് കാലത്ത് അനുഭവിച്ചതിന് സമാനമായ പ്രതിസന്ധിയാണ് ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. ഈ കാലഘട്ടത്തില്‍ പൂട്ടിപ്പോയ ഹോട്ടലുകള്‍ മിക്കതും ഏറെക്കാലം കഴിഞ്ഞാണ് പ്രവര്‍ത്തിച്ചു തുടങ്ങിയത്. മോശമല്ലാത്ത നിലയിൽ കച്ചവടമുള്ള ഹോട്ടലുകളിൽ ദിവസേന അഞ്ചില്‍ കുറയാതെ സിലിണ്ടറുകളാണ് വേണ്ടതെന്ന് ഉടമകൾ പറയുന്നു.
മുൻപ് സിലിണ്ടർ യഥേഷ്ടം ലഭിച്ചിരുന്നതിനാൽ സ്റ്റോക്ക് ചെയ്യേണ്ട സാഹചര്യമുണ്ടായിരുന്നില്ല. ഇപ്പോഴത്തെ സാഹചര്യം ഹോട്ടൽ ഉടമകൾക്ക് തികച്ചും അപ്രതീക്ഷിതമായ തിരിച്ചടിയായി. അതേസമയം ഹോട്ടലുകള്‍ക്ക് പുറമേ ഭക്ഷണ വിതരണക്കാരായ ഗിഗ് തൊഴിലാളികളിലേക്കും പ്രതിസന്ധി നീങ്ങി.
ദിവസം 30 ഓർഡറുകൾ ലഭിക്കുന്നവർക്ക് ഇപ്പോൾ അഞ്ച് മുതൽ പത്തുവരെ ഓർഡറുകളേ ലഭിക്കുന്നുള്ളൂ. സൊമാറ്റോ, സ്വിഗ്ഗി എന്നീ ഭക്ഷണവിതരണ പ്ലാറ്റ്ഫോമുകളിലെ ഓർഡറുകൾ കുത്തനെ കുറഞ്ഞു.
Sports
മുംബൈ/ന്യൂഡല്‍ഹി: ഇറാന് യുദ്ധത്തെ തുടര്‍ന്ന് ഇന്ത്യയില്‍ കുടുങ്ങിയ, ഐസിസി പുരുഷ ട്വന്റി-20 ലോകകപ്പ് ടീമുകളായ വെസ്റ്റ് ഇന്‍ഡീസിനും സിംബാബ്വെയ്ക്കും സ്വദേശങ്ങളിലേക്കു മടങ്ങാനുള്ള വഴി തെളിയുന്നു.
സൂപ്പര്‍ എട്ടില്‍ പുറത്തായശേഷം സിംബാബ്വെ, വെസ്റ്റ് ഇന്‍ഡീസ് ടീമുകള്‍ക്കു നാട്ടിലേക്കു മടങ്ങാന്‍ സാധിച്ചിരുന്നില്ല. ഇറാനില്‍ അമേരിക്ക-ഇസ്രയേല്‍ സംയുക്ത ആക്രമണം നടക്കുന്ന പശ്ചാത്തലത്തില്‍ ഗള്‍ഫ് വഴിയുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയതോടെയാണിത്.
ഇന്ത്യക്കെതിരേ മാര്‍ച്ച് ഒന്നിന് കോല്‍ക്കത്ത ഈഡന് ഗാര്‍ഡന്‍സിലായിരുന്നു വെസ്റ്റ് ഇന്‍ഡീസിന്റെ അവസാന സൂപ്പര്‍ എട്ട് മത്സരം. അന്നുതന്നെയായിരുന്നു സിംബാബ്വെയുടെയും അവസാന സൂപ്പര്‍ എട്ട് പോരാട്ടം. മിഡില്‍ ഈസ്റ്റിലെ യുദ്ധത്തെ തുടര്‍ന്ന് ഇരുടീമിനും നാട്ടിലേക്കു മടങ്ങാന്‍ സാധിച്ചില്ല.
വെസ്റ്റ് ഇന്‍ഡീസ് ടീം പ്രത്യേക വിമാനത്തില്‍ സ്വദേശത്തേക്കു തിരിക്കുമെന്നാണ് ഐസിസി (ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍) ഇന്നലെ അറിയിച്ചത്. ആന്റിഗ്വയിലേക്കു നേരിട്ടു വിമാനസര്‍വീസ് നടത്താനാണ് പദ്ധതി. 15 മണിക്കൂര്‍ നീളുന്ന യാത്രയായതിനാല്‍ പ്രത്യേക അനുമതി ലഭിക്കേണ്ടതുണ്ട്.
സിംബാബ്വെ ടീം അംഗങ്ങള്‍ ഇന്നലെ മുതല്‍ സ്വദേശത്തേക്കുള്ള യാത്ര ആരംഭിച്ചു. ആദ്യ സംഘം ബുധനാഴ്ച ഹരാരെയിലേക്കു പുറപ്പെട്ടതായി ഐസിസി വൃത്തങ്ങള്‍ വ്യക്തമാക്കി. എത്യോപ്യയിലെ ആഡിസ് അബാബ വഴി ഹരാരെയിലേക്കാണ് സിംബാബ്വെ ടീമിന്റെ യാത്ര.
Kerala
പനമരം: ഒരു ഇടവേളയ്ക്കു ശേഷം പനമരം എരനെല്ലൂരിൽ വീണ്ടും
കാട്ടാനകൾ എത്തി. വാടോച്ചാൽ, മേച്ചേരി ഭാഗത്ത് രണ്ടു ആനകളാണ് ഇന്നു പുലർച്ചെയോടെ ജനവാസ മേഖലയിലേക്ക് എത്തിയത്. മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ വനം വകുപ്പ് അധികൃതർ ആനകളെ പ്രദേശത്തുനിന്നു തുരത്തി.
എരനെല്ലൂർ ഭാഗത്ത് ആദ്യമെത്തിയ കാട്ടാനകളെ മാനന്തവാടി റേഞ്ച് ഓഫിസിൽനിന്ന് എത്തിയ വനം വകുപ്പ് ജീവനക്കാർ തുരത്താൻ ശ്രമിച്ചതോടെ ആനകൾ മേച്ചേരിയിൽ എത്തുകയായിരുന്നു. എല്ലാ വർഷവും ഈ ഭാഗത്തേക്ക് ആനകൾ എത്തുന്നതിനാൽ ഭീതിയിലാണ് തങ്ങളെന്നു പ്രദേശവാസികൾ പറയുന്നു.
പാതിരി സൗത്ത് സെക്ഷൻ വനമേഖലയിൽനിന്നാണ് രണ്ട് കൊമ്പന്മാർ പനമരം ചെറുപുഴ കടന്ന് മേച്ചേരി ഭാഗത്ത് എത്തിയത്. വനംവകുപ്പ് ജീവനക്കാരും ആർആർടി സംഘം ഉൾപ്പെടെയുള്ളവരും ചേർന്നാണ് ആനകളെ തുരത്തിയത്.
SUNDAY DEEPIKA
രാജസ്ഥാനിലെ ദൗസ ജില്ലയില്‍, ആരവല്ലി മലനിരകളുടെ താഴ്വരയില്ലുള്ള മെഹന്ദിപ്പുര് ബാലാജി ക്ഷേത്രം ഇന്ത്യയിലെ ഏറ്റവും വിചിത്രവും ശക്തവുമായ ആരാധനാലയങ്ങളിലൊന്നായാണ് കണക്കാക്കപ്പെടുന്നത്. ഹനുമാനെ ബാലാജി (ബാല ഹനുമാന്) ആയി ആരാധിക്കുന്ന ഈ ക്ഷേത്രം, ദുഷ്ടാത്മ ബാധകളും മാനസിക പീഡനങ്ങളും മാറാനുള്ള വിശ്വാസചികിത്സകള്ക്ക് ലോകപ്രശസ്തമാണ്.
ഏതാണ്ട് ആയിരം വര്‍ഷങ്ങള്‍ക്കുമുമ്പ് ഈ പ്രദേശം ഒരു കൊടുംകാടായിരുന്നു. പതിനൊന്നാം നൂറ്റാണ്ടില്‍ ഈ പ്രദേശത്ത് ജീവിച്ചിരുന്ന ഒരു പുരോഹിതന് ഒരു സ്വപ്ന ദര്‍ശനമുണ്ടായി. കാടിനുള്ളില്‍ മൂന്നു വിഗ്രഹങ്ങള്‍ മറഞ്ഞിരിക്കുന്നുണ്ടെന്നും അത് കണ്ടെത്തി ആരാധിക്കണമെന്നുമായിരുന്നു സ്വപ്നത്തിലെ നിര്‍ദേശം. ഹനുമാന് സ്വാമിയായിരുന്നു സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ടതെന്നാണ് പരക്കേയുള്ള വിശ്വാസം.
എന്തായാലും സ്വപ്നദര്ശനത്തെത്തുടര്ന്നുള്ള അന്വേഷണത്തിനൊടുവില്‍ അദ്ദേഹം കാടിനുള്ളില്‍ സ്വയംഭൂവായ മൂന്ന് ശിലകള്‍ കണ്ടെത്തുകയും ചെയ്തു. ബാലാജി, പ്രേതരാജ് സര്‍ക്കാര്‍ (പ്രേതങ്ങളുടെയും ദുരാന്മാതാക്കളുടെയും അധിപന്), ഭൈരവ് ബാബ (ശിവന്റെ അവതാരം) എന്നീ ദേവകളുടെ ബിംബങ്ങളായിരുന്നു അത്. പിന്നീട് ഇവിടെ ഒരു ചെറിയ ദേവാലയം പണിതുയര്‍ത്തുകയും, കാലക്രമേണ അത് ഇന്ന് കാണുന്ന വിശാലമായ ക്ഷേത്രസമുച്ചയമായി വളരുകയും ചെയ്തു.
മെഹന്ദിപ്പുര് ബാലാജിയുടെ ആരാധനാരീതികള്‍ ഇന്ത്യയിലെ മറ്റു ക്ഷേത്രങ്ങളില്‍നിന്നു വ്യത്യസ്തമാണ്. ഇവിടെ എത്തുന്നവര്‍ ആദ്യം "അര്‍ജി’ സമര്‍പ്പിക്കുന്നു. ദോഷബാധ മാറാനായുള്ള പ്രത്യേക അപേക്ഷയെയാണ് അര്‍ജി എന്നു വിളിക്കുന്നത്.
പ്രത്യേകിച്ച് വ്യാഴം, ശനി ദിവസങ്ങളില്‍ ക്ഷേത്രപരിസരം അസാധാരണ കാഴ്ചകള്‍ക്കും സാക്ഷ്യം വഹിക്കുന്നു. മന്ത്രോച്ചാരണങ്ങള്‍ക്കിടെ ചിലര്‍ ബോധം നഷ്ടപ്പെടുന്നതുപോലെ അനുഭവപ്പെടുമ്പോള്‍ ചിലര്‍ ഉച്ചത്തില്‍ നിലവിളിക്കുകയും അസ്വാഭാവിക പെരുമാറ്റങ്ങള്‍ കാണിക്കുകയും ചെയ്യുന്നു. വിശ്വാസികള്‍ ഇത് ദുഷ്ടാത്മാക്കള്‍ പുറത്തുപോകുന്നതിന്റെ ലക്ഷണമെന്നാണ് പറയുന്നത്.
എന്നാല്‍ ശക്തമായ വിശ്വാസവും മാനസിക സമ്മര്‍ദവും ചേര്‍ന്നുണ്ടാകുന്ന പ്ലാസീബോസൈക്കോസോമാറ്റിക് പ്രതികരണങ്ങളാകാം ഇതെന്ന് ചില വിദഗ്ധര്‍ വിലയിരുത്തുന്നു. എന്നിരുന്നാലും ജീവിതത്തില്‍ പ്രതീക്ഷ നഷ്ടപ്പെടുമ്പോള്‍ ആശ്വാസം തേടി ഇവിടെ എത്തുന്നവരുടെ ഒഴുക്കിന് കുറവില്ല.
ഈ ക്ഷേത്രത്തില്‍ പോകുന്നവര്‍ പാലിക്കേണ്ട ചില പ്രത്യേക നിയമങ്ങളുണ്ട്. ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോള്‍ ഒരു കാരണവശാലും തിരിഞ്ഞുനോക്കാന്‍ പാടില്ല എന്നതാണ് അതില്‍ ആദ്യത്തേത്. തിരിഞ്ഞുനോക്കിയാല്‍ ദുഷ്ടശക്തികള്‍ കൂടെവരുമെന്നാണ് വിശ്വാസം. ക്ഷേത്രത്തില്‍നിന്ന് ലഭിക്കുന്ന പ്രസാദമോ ഭക്ഷണമോ വെള്ളമോ ക്ഷേത്ര പരിധിക്ക് പുറത്തേക്ക് കൊണ്ടുപോകാന്‍ പാടില്ല. അവ അവിടെത്തന്നെ ഉപേക്ഷിക്കണമെന്നതാണ് നിഷ്ഠ. ഈ പ്രദേശം സന്ദര്‍ശിക്കുന്നതിന് കുറച്ചു ദിവസം മുമ്പുതന്നെ ഉള്ളി, വെളുത്തുള്ളി, മദ്യം, മാംസാഹാരം എന്നിവ ഉപേക്ഷിക്കണമെന്നും നിഷ്കര്ഷിച്ചിരിക്കുന്നു.
മെഹന്ദിപ്പുര് ബാലാജി ക്ഷേത്രം വിശ്വാസത്തിന്റെയും സംശയങ്ങളുടെയും ഇടയില്‍ നിലകൊള്ളുന്ന ഒരു അപൂര്‍വ ആത്മീയ കേന്ദ്രമാണ്. ഇവിടെ സംഭവിക്കുന്ന അനുഭവങ്ങള്‍ ശാസ്ത്രീയമായി വിശദീകരിക്കാമോ എന്ന ചോദ്യം നിലനില്‍ക്കുമ്പോഴും, ആശ്വാസം തേടിയെത്തുന്ന ആയിരങ്ങളുടെ വിശ്വാസം ചോദ്യം ചെയ്യപ്പെടാതെ തുടരുന്നു.
ഭക്തര്‍ക്ക് ഇത് ദൈവിക ശക്തിയുടെ ദൃഷ്ടാന്തമാണെങ്കില്‍ ശാസ്ത്ര നിരീക്ഷകര്ക്കിത് മനുഷ്യമനസിന്റെ ആഴങ്ങളിലേക്കുള്ള വാതായനം തുറക്കലാണ്.
Sports
കോൽക്കത്ത: ഇന്ത്യൻ ദേശീയ ടീമിലേക്ക് തിരിച്ചുവരവിന് ആഗ്രഹം പ്രകടിപ്പിച്ച് വനിതാ മുൻ ഹോക്കി താരം വന്ദന കതാരിയ. 2025 ഏപ്രിൽ ഒന്നിന് അന്താരാഷ്ട്ര ഹോക്കിയിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച വന്ദന കതാരിയ ടീമിലേക്ക് തിരികെ വിളിച്ചാൽ താൻ ഇനിയും ഇന്ത്യക്കായി മത്സരത്തിനിറങ്ങാൻ തയാറാണെന്ന് വ്യക്തമാക്കി.
“എന്നെ ടീമിലേക്ക് വിളിച്ചാൽ, ഞാൻ മത്സരത്തിനിറങ്ങാൻ തയാറാണ്. ഹോക്കി ഇന്ത്യ ലീഗിൽ (എച്ച്ഐഎൽ) കണ്ടതുപോലെ ഞാൻ തികച്ചും ഫിറ്റാണ്. ഒരു പ്ലെയർ എന്ന നിലയിൽ ഇന്ത്യൻ ടീമിന് എന്നെ ആവശ്യമുണ്ടെങ്കിൽ ഞാൻ മത്സരത്തിനിറങ്ങാൻ തയാറാണ്”- വന്ദന പറഞ്ഞു.
2009ൽ സീനിയർ ടീമിൽ അരങ്ങേറ്റം കുറിച്ച വന്ദന കതാരിയ ഇന്ത്യൻ വനിതാ ഹോക്കിയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമാണ്. 320 അന്താരാഷ്ട്ര മത്സരങ്ങളിൽനിന്ന് 158 ഗോളുകൾ താരം നേടിയിട്ടുണ്ട്.
District News
വൈക്കം: ജീവിതത്തിൽ പ്രത്യാശയും സമാധനവും നിറയ്ക്കുകയും സാഹോദര്യവും പങ്കുവയ്ക്കലും അനുഭവവേദ്യവുമാക്കുന്ന തിരുപ്പിറവിയെ വരവേൽക്കാൻ ക്രൈസ്തവ ദേവാലയങ്ങളിൽ ഒരുക്കങ്ങൾ പൂർത്തിയാകുന്നു.
വൈക്കം സെന്റ് ജോസഫ് ഫൊറോന ദേവാലയത്തിൽ റവ. ഡോ. ബർക്കുമാൻസ് കൊടയ്ക്കൽ, കുടവെച്ചൂർ സെന്റ് മേരീസ് ദേവാലയത്തിൽ ഫാ. പോൾ ആത്തപ്പള്ളി, തലയോലപ്പറമ്പ് സെന്റ് ജോർജ് ദേവാലയത്തിൽ റവ. ഡോ. ബെന്നി ജോൺ മാരാംപറമ്പിൽ, ചെമ്പ് സെന്റ് തോമസ് കത്തോലിക്ക ദേവാലയത്തിൽ ഫാ. വർഗീസ് പൈനുങ്കൽ, ചെമ്മനാകരി മേരിലാൻഡ് ദേവാലയത്തിൽ ഫാ. ഷൈജു ആട്ടോക്കാരൻ, ഉദയനാപുരം സെന്റ് ജോസഫ് ദേവാലയത്തിൽ ഫാ. തോമസ് മംഗലശേരി, ഉദയനാപുരം ഓർശലേം മേരി ഇമ്മാക്കുലേറ്റ് ദേവാലയത്തിൽ ഫാ. ഷിബു ജോൺ ചാത്തനാട്ട്,
വൈക്കം നടേൽ ലിറ്റിൽ ഫ്ലവർ ദേവാലയത്തിൽ ഫാ. ആൻറണി പരവര, മേവെള്ളൂർ മേരി ഇമ്മാക്കുലേറ്റ് ദേവാലയത്തിൽ ഫാ. അലക്സ് മേക്കാംതുരുത്ത്, കലയത്തുംകുന്ന് സെന്റ് ആന്റണീസ് ദേവാലയത്തിൽ ഫാ. പോൾ വെള്ളറയ്ക്കൽ, വടയാർ ഇൻഫന്റ് ജീസസ് ദേവാലയത്തിൽ ഫാ. സെബാസ്റ്റ്യൻ ചണ്ണാപ്പള്ളിൽ, വല്ലകം സെന്റ് മേരീസ് ദേവാലയത്തിൽ ഫാ. ടോണി കോട്ടയ്ക്കൽ, തോട്ടകം സെന്റ് ഗ്രിഗോറിയോസ് ദേവാലയത്തിൽ ഫാ. വർഗീസ് മേനാച്ചേരിൽ, ഉല്ലല ലിറ്റിൽ ഫ്ലവർ ദേവാലയത്തിൽ ഫാ. വിൻസന്റ് പറമ്പത്തറ,
കൊതവറ സെന്റ് സേവ്യേഴ്സ് ദേവാലയത്തിൽ ഫാ. സെബാസ്റ്റ്യൻ കോനൂപറമ്പൻ, ഇടയാഴം സെന്റ് ജോസഫ് ദേവാലയത്തിൽ ഫാ. ഏബ്രാഹം മുകാലയിൽ, അച്ചിനകം സെന്റ് ആന്റണീസ് ദേവാലയത്തിൽ ഫാ. ആന്റണി മംഗലത്ത്, കൊട്ടാരപ്പള്ളി സെന്റ് സെബാസ്റ്റ്യൻ ദേവാലയത്തിൽ ഫാ. സിബിൻപെരിയപ്പാടൻ, ചെമ്മനത്തുകര സെന്റ് ആന്റണീസ് ദേവാലയത്തിൽ ഫാ. സുബിൻ പാറയ്ക്കൽ, ടിവിപുരം തിരുഹൃദയ ദേവാലയത്തിൽ ഫാ. നിക്കോളാവോസ് പുന്നയ്ക്കൽ എന്നിവർ ക്രിസ്മസ് തിരുക്കർമങ്ങൾക്ക് കാർമികത്വം വഹിക്കും.
International
ലണ്ടൻ: ഇന്ത്യക്കാർ യുകെയിൽനിന്ന് താമസം ഉപേക്ഷിച്ച് മടങ്ങുന്നു. 2025 ജൂൺ വരെയുള്ള കണക്കുപ്രകാരം സ്റ്റുഡന്റ് വിസയിലുള്ള 45,000 ഇന്ത്യക്കാരും തൊഴിൽ വിസയിലുള്ള 22,000 പേരും താമസം ഉപേക്ഷിച്ചു മടങ്ങി.
മറ്റു വിസകളിലുണ്ടായിരുന്ന 7,000 പേർ കൂടി ചേരുമ്പോൾ ആകെ 74,000 ഇന്ത്യക്കാരാണു മടങ്ങിയത്. ചൈനയാണു പട്ടികയിൽ രണ്ടാമത്. ഓഫീസ് ഫോർ നാഷനൽ സ്റ്റാറ്റിസ്റ്റിക്സിന്റെ (ഒഎൻഎസ്) റിപ്പോർട്ട് പ്രകാരം യൂറോപ്യൻ യൂണിയനു പുറത്തുനിന്നു യുകെ വിട്ടുപോകുന്ന ഏറ്റവും വലിയ വിഭാഗം ഇന്ത്യക്കാരാണെന്നാണ് വ്യക്തമാക്കുന്നത്.
അതേസമയം യുകെയിലേക്കുള്ള കുടിയേറ്റത്തിൽ ഇന്ത്യക്കാർക്കു തന്നെയാണ് ഒന്നാം സ്ഥാനം. 90,000 പേർ പഠനത്തിനും 46,000 പേർ തൊഴിലിനുമായി എത്തി. ഇന്ത്യ, പാക്കിസ്ഥാൻ, ചൈന, നൈജീരിയ എന്നീ രാജ്യക്കാരാണ് യുകെയിലേക്കു കുടിയേറുന്നവരിൽ മുന്നിൽ.
Sports
മുംബൈ: ഇന്ത്യൻ നായകൻ ശുഭ്മാൻ ഗില്ലിന്റെ പരിക്ക് വിലയിരുത്തിയതിനെക്കാള്‍ ഗുരുതരമാണെന്ന് റിപ്പോര്‍ട്ട്. കഴുത്തുവേദന കുറയാന്‍ ഇഞ്ചക്ഷന് എടുത്തെങ്കിലും വേദനയില്‍ കാര്യമായ കുറവില്ലെന്നും തിരിച്ചുവരവിന് മാസങ്ങള്‍ വേണ്ടിവരുമെന്നാണ് സൂചന. ഇതോടെ ഗില്ലിന് ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന, ടി20 പരമ്പരകൾ പൂര്‍ണമായും നഷ്ടമാകുമെന്നാണ് കരുതുന്നത്.
ജനുവരിയില്‍ നടക്കുന്ന ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ മാത്രമെ ഗില്‍ ഗ്രൗണ്ടില്‍ തിരിച്ചെത്താനിടയുള്ളൂവെന്ന് ബിസിസിഐ വൃത്തങ്ങൾ സൂചന നൽകി. ഗില്ലിന്റെ തിരിച്ചുവരവിനായി തിടുക്കം കൂട്ടേണ്ടതില്ലെന്നും അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ടി20 ലോകകപ്പ് നടക്കുന്നതിനാല്‍ ഇതു കൂടി കണക്കിലെടുത്താകും തീരുമാനമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പരിക്കിനെ തുടർന്ന് ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ കളിക്കുന്നില്ല. രണ്ടാം ടെസ്റ്റിനായി ഇന്ത്യൻ ടീമിനൊപ്പം കൊല്‍ക്കത്തയില്‍ നിന്ന് ഗോഹട്ടിയിലെത്തി ഗില്ലിനെ പിന്നീട് ടീമില്‍ നിന്ന് റിലീസ് ചെയ്തിരുന്നു. തുടര്‍ ചികിത്സക്കായി ഗില്‍ പിന്നീട് മുംബൈയിലേക്ക് പോയി.
ഈ മാസം 30 മുതലാണ് ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പര തുടങ്ങുന്നത്. മൂന്ന് ഏകദിനങ്ങളാണ് പരമ്പരയിലുള്ളത്. അതിനുശേഷം ഡിസംബര്‍ ഒമ്പത് മുതല്‍ അഞ്ച് മത്സര ടി20 പരമ്പരയിലും ഇന്ത്യ കളിക്കും. ജനുവരി 11 മുതലാണ് ന്യൂസിലന്‍ഡിനെതിരായ അഞ്ച് മത്സര ടി20 പരമ്പര ആരംഭിക്കുന്നത്. ഇതിലാകും ഗില്‍ ഇനി തിരിച്ചുവരിക എന്നാണ് പ്രതീക്ഷിക്കുന്നത്.
ഗില്ലിന്റെ അഭാവത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരില്‍ പുതിയ നായകനെയും ടി20 പരമ്പരയില്‍ പുതിയ വൈസ് ക്യാപ്റ്റനെയും സെലക്ടര്‍മാര്‍ തെരഞ്ഞെടുക്കേണ്ടിവരും.