Kerala
തിരുവനന്തപുരം: റിക്കാർഡ് വരുമാനം സ്വന്തമാക്കി കേരള സംസ്ഥാന റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി).
ചരിത്രത്തിലാദ്യമായി പ്രതിദിന വരുമാനം 13 കോടി രൂപ പിന്നിട്ടു. ജനുവരി അഞ്ചിനാണ് കെഎസ്ആർടിസിയുടെ ചരിത്രത്തിലെ നേട്ടം സ്വന്തമാക്കിയത്. ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാറാണ് ഈ വർത്ത പുറത്തു വിട്ടത്.
കെഎസ്ആർടിസി പ്രവർത്തകരുടെ കൂട്ടായ ശ്രമത്തിന്റെ ഫലമാണിതെന്നും നിങ്ങളെയോർത്ത് ഞാൻ അഭിമാനം കൊള്ളുന്നുവെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
"ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം'
ഇപ്പോൾ നമ്മൾ ആഘോഷിച്ചില്ലെങ്കിൽ പിന്നെ എപ്പോഴാ?. ചരിത്രത്തിൽ ഇത് ആദ്യമാണ്. ഈ നേട്ടത്തിൽ നമ്മൾക്ക് അഭിമാനിക്കാം..നമ്മൾക്ക് അസാധ്യമായി ഒന്നുമില്ലെന്ന് ഒരിക്കൽകൂടി കെഎസ്ആർടിസിയുടെ ജീവനക്കാർ തെളിയിച്ചു.
പ്രിയപ്പെട്ട എന്റെ കെഎസ്ആർടിസി ജീവനക്കാരേ, നിങ്ങളെയോർത്ത് ഞാൻ അഭിമാനം കൊള്ളുന്നു. നമ്മൾ നേടുന്ന ഓരോ നേട്ടങ്ങളും നമ്മുടെ കൂട്ടായ പ്രവർത്തനംകൊണ്ടാണ്. ഇനിയും ഏറെ ദൂരം നമ്മൾക്ക് സഞ്ചരിക്കേണ്ടതുണ്ട്. നമ്മൾക്ക് കഴിയും, നിങ്ങൾ കൂടെ നിന്നാൽ മതി.
ടിക്കറ്റ് വരുമാനത്തിൽ കെഎസ്ആർടിസിക്ക് സർവകാല റിക്കാർഡ്. 05.01.2026 ലെ ആകെ വരുമാനം 13.01 കോടി (ടിക്കറ്റ് വരുമാനം 12.18 Cr. ടിക്കറ്റ് ഇതര വരുമാനം 0.83 Cr.)
കെഎസ്ആർടിസി സിഎംഡി ഡോ.പ്രമോജ് ശങ്കറിന്റെയും മാനേജ്മെന്റിന്റെയും ജീവനക്കാരുടെയും സൂപ്പർവൈസർമാരുടെയും ഓഫീസർമാരുടെയും ഏകോപിതമായ പരിശ്രമങ്ങളിലൂടെയാണ് തുടർച്ചയായി മികച്ച വരുമാനം നേടി മുന്നേറുന്നതിന് കെഎസ്ആർടിസിക്ക് സഹായകരമാകുന്നത്.
കഴിഞ്ഞവർഷം നിലനിന്നിരുന്ന സമാന സാഹചര്യത്തിലും ടിക്കറ്റ് നിരക്കിൽ വർദ്ധനവില്ലാതെയും പ്രവർത്തനം മെച്ചപ്പെടുത്തിയാണ് ഈ വലിയ ലക്ഷ്യം കെഎസ്ആർടിസി കൈവരിച്ചത്.
ഞാൻ മന്ത്രിയായി സ്ഥാനമേറ്റടുത്തതിന് ശേഷം നടത്തിയ കാലോചിതമായ പരിഷ്ക്കരണ നടപടികളും, കെഎസ്ആർടിസി മാനേജ്മെന്റിന്റെ നേതൃത്വത്തിൽ നടത്തിയ തുടർ പ്രവർത്തനങ്ങളും "സ്വയംപര്യാപ്ത കെഎസ്ആർടിസി" എന്ന ലക്ഷ്യത്തിലേക്കുള്ള വലിയ മുന്നേറ്റത്തിന് നിർണായകമായി.
പുതിയ ബസുകളുടെ വരവും, സേവനങ്ങളിൽ കൊണ്ടുവന്ന ഗുണപരമായ മാറ്റങ്ങളും യാത്രക്കാരിൽ വൻ സ്വീകാര്യത നേടിയിട്ടുണ്ട്. ചിട്ടയായ പ്രവർത്തനങ്ങളിലൂടെ കെഎസ്ആർടിസിയുടെ എല്ലാ ഡിപ്പോകളും നിലവിൽ പ്രവർത്തന ലാഭത്തിലാണ്.
മികച്ച ടിക്കറ്റ് വരുമാനം നേടുന്നതിനായി കെഎസ്ആർടിസി നിശ്ചയിച്ചു നൽകിയിരുന്ന ടാർജറ്റ് നേടുന്നതിനായി ഡിപ്പോകളിൽ നടന്ന മത്സരബുദ്ധിയോടെയുള്ള പ്രവർത്തനങ്ങളും ഓഫ് റോഡ് കുറച്ച് പരമാവധി ബസുകൾ നിരത്തിലിക്കാനായതും സേവനങ്ങളിൽ കൊണ്ടുവന്ന ഗുണപരമായ മാറ്റങ്ങളും വരുമാനം വർദ്ധിക്കുന്നതിന് കാരണമായിട്ടുണ്ട്.
കെഎസ്ആർടിസിയുടെ തുടർച്ചയായ, ഈ നേട്ടങ്ങൾ കൈവരിക്കുന്നതിൽ അക്ഷീണം പ്രയത്നിക്കുന്ന കെഎസ്ആർടിസി സിഎംഡി ഡോ.പ്രമോജ് ശങ്കറിനും മാനേജ്മെന്റിനും കെഎസ്ആർടിസിയുടെ എല്ലാ വിഭാഗം ജീവനക്കാർക്കും എന്റെ അഭിനന്ദനം അറിയിക്കുന്നു. വിശ്വാസ്യത പുലർത്തി കെഎസ്ആർടിസിയോടോപ്പം നിൽക്കുന്ന എല്ലാ യാത്രക്കാർക്കും എന്റെ നന്ദി അറിയിക്കുന്നു.
കെബി ഗണേഷ് കുമാർ
ഗതാഗത വകുപ്പ് മന്ത്രി
Kerala
പമ്പ: ഇത്തവണ ശബരിമല തീര്‍ഥാടനകാലത്ത് വരുമാനത്തിൽ വൻ വർധനയെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍. തീര്‍ഥാടനകാലം ആരംഭിച്ച ശേഷം ഇതുവരെയുള്ള ആകെ വരുമാനം 210 കോടി രൂപയായതായി കെ. ജയകുമാര്‍ പറഞ്ഞു.
ഇതില്‍ 106 കോടി രൂപ അരവണ വില്പനയിലൂടെയാണ് ലഭിച്ചിരിക്കുന്നത്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വരുമാനത്തില്‍ വലിയ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. വലിയ പ്രശ്നങ്ങളില്ലാതെ സുഗമദര്‍ശനം സാധ്യമായ തീര്‍ഥാടന കാലമാണിതെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അറിയിച്ചു.
ഭക്തരും മാധ്യമങ്ങളും സന്തോഷപ്രദമായ അനുഭവമായാണ് ഈ തീര്‍ഥാടനകാലത്തെ കാണുന്നത്. ദേവസ്വം ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ ദേവസ്വം ഉദ്യോഗസ്ഥരുടെ യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു കെ. ജയകുമാര്‍.
Kerala
ചാത്തന്നൂർ: പുതിയ മാസാരംഭമായ തിങ്കളാഴ്ച കെഎസ്ആർടിസി വരുമാനത്തിൽ വീണ്ടും ഉയരത്തിലെത്തി. കെഎസ്ആർടിസി യൂണിറ്റുകൾക്ക് നിശ്ചയിച്ചിരുന്ന ടാർഗറ്റ് 35 യൂണിറ്റുകൾ നേടി. അന്നത്തെ മൊത്തം വരുമാനം കെഎസ്ആർടിസിയുടെ വരുമാനത്തിൽ രണ്ടാമത്തെ റിക്കാർഡ് നേട്ടം. ടിക്കറ്റ് വരുമാനത്തിലൂടെ നേടിയത് 9.72 കോടിയാണ്. ടിക്കറ്റ് ഇതര വരുമാനത്തിലൂടെ 77.9 ലക്ഷം രൂപയും നേടി. ആകെ അന്നത്തെ വരുമാനം 10.5 കോടി രൂപയാണ്.
കെഎസ്ആർടിസിയുടെ ചരിത്രത്തിൽ ഏറ്റവും വലിയ വരുമാനം നേടുന്നത് കഴിഞ്ഞ സെപ്റ്റംബർ എട്ടിനായിരുന്നു. ഓണം കഴിഞ്ഞ ആദ്യതിങ്കളാഴ്ചയായ അന്ന് 10.19 കോടിയായിരുന്നു ടിക്കറ്റ് വരുമാനം. ടിക്കറ്റ് ഇതര വരുമാനമായി 85 ലക്ഷം രൂപയും ലഭിച്ചു. ടിക്കറ്റ് വരുമാനത്തിലൂടെ മാത്രം അന്ന് 1.57 കോടി ലാഭമുണ്ടാക്കാൻ കഴിഞ്ഞു.കെഎസ്ആർടിസിയുടെ ചരിത്രത്തിൽ 40 വർഷത്തിനു ശേഷമായിരുന്നു 1.57 കോടി ലാഭമുണ്ടാക്കാൻ കഴിഞ്ഞത്.
ഈ ഡിസംബർ ഒന്നിന് 10.5 കോടി നേടിയപ്പോൾ കഴിഞ്ഞ വർഷം ഇതേ ദിവസം 7.79 കോടി രൂപയായിരുന്നു ടിക്കറ്റ് വരുമാനം.അടുത്തകാലത്തായി കെഎസ്ആർടിസി നടപ്പാക്കിയ പരിഷ്കരണ പദ്ധതികളും ജീവനക്കാരുടെയും സൂപ്പർവൈസർമാരുടെയും ഓഫീസർമാരുടെയും ഏകോപിതമായ പരിശ്രമങ്ങളുമാണ് തുടർച്ചയായി മികച്ച വരുമാനം നേടി മുന്നേറുന്നതിന് കെഎസ്ആർടിസിക്ക് സഹായകരമാകുന്നത്.
ചിട്ടയായ പ്രവർത്തനങ്ങളിലൂടെ കെഎസ്ആർടിസിയുടെ 93 ഡിപ്പോകളും നിലവിൽ പ്രവർത്തന ലാഭത്തിലാണ്. മികച്ച ടിക്കറ്റ് വരുമാനം നേടുന്നതിനായി കെഎസ്ആർടിസി നിശ്ചയിച്ചു നൽകിയിരുന്ന ടാർജറ്റ് 35 ഡിപ്പോകൾക്ക് നേടാനായതും മികച്ച വരുമാനം നേടുന്നതിന് കാരണമായി.
പുതിയ ബസുകളുടെ വരവും, ഓഫ് റോഡ് കുറച്ച് പരമാവധി ബസുകൾ നിരത്തിലിറക്കാനായതും ടിക്കറ്റ് വരുമാനം വർധിക്കാൻ ഇടയാക്കിയിട്ടുണ്ട്. ഒക്ടോബർ ആറിലെ 9.41 കോടിയും നവംബർ 24ന് നേടിയ 9.29 കോടിയുമാണ് ഇതിന് മുമ്പുള്ള മികച്ച വരുമാനം.
District News
പത്തനംതിട്ട: റവന്യു രംഗത്ത് വിപ്ലവകരമായ മാറ്റത്തിനാണ് സംസ്ഥാനം സാക്ഷ്യം വഹിക്കുന്നതെന്ന് മന്ത്രി കെ. രാജൻ. ആറന്മുള, ചെന്നീര്‍ക്കര, പുറമറ്റം, നിരണം, കൂടൽ, കോന്നിത്താഴം സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സുതാര്യവും കൃത്യതയോടുമുള്ള പ്രവര്‍ത്തനത്തിലൂടെ ജനങ്ങള്‍ക്ക് റവന്യു സേവനങ്ങള്‍ വേഗത്തിൽ ലഭ്യമാക്കി. ഡിജിറ്റല്‍ റീസര്‍വേയിലൂടെ രണ്ടുവര്‍ഷത്തില്‍ കേരളത്തിന്റെ മൂന്നിലൊന്ന് ഭൂമി അളന്ന് തിട്ടപ്പെടുത്തി.
ഭൂഉടമകള്‍ക്ക് ഭൂമിയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഡിജിറ്റല്‍ പ്രോപ്പര്‍ട്ടി സ്മാര്‍ട്ട് കാര്‍ഡ് ഉടന്‍ നല്‍കും. 632 വില്ലേജുകളെ സ്മാര്‍ട്ട് ആക്കിയതായും നാനൂറോളം വില്ലേജ് ഓഫീസുകള്‍ പുനര്‍നിര്‍മിച്ചതായും മന്ത്രി പറഞ്ഞു.
ആറന്മുള ഇടശേരിമല എന്‍എസ്എസ് കരയോഗ ഓഡിറ്റോറിയത്തില്‍ ആറന്മുള, ചെന്നീര്‍ക്കര സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടന ചടങ്ങില്‍ മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിച്ചു.
ജില്ലയില്‍ ഭരണാനുമതി ലഭിച്ച 41 ല്‍ 32 എണ്ണം സ്മാര്‍ട്ട് വില്ലേജാക്കി മാറ്റാന്‍ സാധിച്ചതായി മന്ത്രി പറഞ്ഞു. ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണൻ, എഡിഎം ബി. ജ്യോതി, മുന്‍ എംഎല്‍എ മാലേത്ത് സരള ദേവി, പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. എസ്. അനീഷ് മോൻ, ആറന്മുള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ റ്റി. റ്റോജി തുടങ്ങിയവർ പ്രസംഗിച്ചു
പുറമറ്റം സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനത്തില്‍ മാത്യു ടി.തോമസ് എംഎല്‍എ അധ്യക്ഷത വഹിച്ചു. സംസ്ഥാന നിര്‍മിതി കേന്ദ്രം കോഴഞ്ചേരി റീജിയണല്‍ ഹെഡ് എ.കെ. ഗീതമ്മാള്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി സൂസന് ജോസഫ്, പുറമറ്റം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജൂലി കെ.വര്‍ഗീസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. നിരണം വില്ലേജ് ഓഫീസ് ഉദ്ഘാടന ചടങ്ങില്‍ മാത്യു ടി.തോമസ് എംഎല്‍എ അധ്യക്ഷത വഹിച്ചു.
തിരുവല്ല പിഡബ്ല്യൂഡി സബ് ഡിവിഷന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയര്‍ വി.കെ.ശ്രുതി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ.അനു, നിരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ ജോര്‍ജ് തുടങ്ങിയവര്‍ പ്രസംഗിച്ചു. കൂടല്‍ വില്ലേജ് ഓഫീസ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ കെ. യു. ജനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.
പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. പി. മണിയമ്മ, കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. വി. പുഷ്പവല്ലി തുടങ്ങിയവര്‍ പ്രസംഗിച്ചു.കോന്നി - താഴം വില്ലേജ് ഓഫീസ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ കെ. യു. ജനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.
കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനി സാബു, മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രീജ പി.നായര്‍, തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജി കെ സാമുവേൽ, ജില്ലാ പഞ്ചായത്തംഗം ജിജോ മോഡി, ഗ്രാമപഞ്ചായത്തംഗങ്ങൾ തുടങ്ങിയവര്‍ പ്രസംഗിച്ചു.