ബുഡാപെസ്റ്റ്: വിക്തർ ഓർബാന്റെ റഷ്യാ അനുകൂല നിലപാട് തന്നിൽനിന്നു പ്രതീക്ഷിക്കേണ്ടെന്ന് ഹംഗേറിയിലെ അടുത്ത പ്രധാനമന്ത്രി പീറ്റർ മാജാർ.
16 വർഷമായി ഭരിക്കുന്ന ഓർബാനെ പാർലമന്റ് തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തിയശേഷം പത്ത് യൂറോപ്യൻ നേതാക്കളുമായി ഫോണിൽ സംസാരിച്ചുവെന്നും എന്നാൽ, റഷ്യൻ പ്രസിഡന്റ് പുടിനെ ഫോണിൽ വിളിക്കില്ലെന്നും മാജാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പുടിൻ ഇങ്ങോട്ട് വിളിച്ചാൽ ഫോൺ എടുക്കും. യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെടും.
മാജാറിന്റെ വിജയം അംഗീകരിക്കുന്നുവെന്നും ഹംഗറിയുമായി പ്രായോഗിക ബന്ധം തുടരാൻ ആഗ്രഹിക്കുന്നുവെന്നും റഷ്യ നേരത്തേ പറഞ്ഞിരുന്നു.
ഊർജാവശ്യങ്ങൾക്കായി റഷ്യയെ അമിതമായി ആശ്രയിക്കുന്ന രാജ്യമാണ് ഹംഗറി. റഷ്യൻ അനുകൂലിയായ വിക്തർ ഓർബാൻ യുക്രെയ്ൻ യുദ്ധത്തിന്റെ പേരിൽ യൂറോപ്യൻ യൂണിയൻ നേതാക്കളെ വിമർശിക്കുകയും റഷ്യക്കെതിരായ ഉപരോധം പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.