ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ പതിമൂന്നുകാരിയായ ക്രിസ്ത്യൻ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി നിർബന്ധിത മതപരിവർത്തനത്തിനും ബാലവിവാഹത്തിനും ഇരയാക്കിയ കേസിൽ പാക് ഫെഡറൽ ഭരണഘടനാ കോടതി മുൻ വിധി പുനഃപരിശോധിക്കുന്നു.
2025 ജൂലൈയിൽ ഷെഹ്രയാർ അഹമ്മദ് എന്ന 30കാരൻ തട്ടിക്കൊണ്ടുപോയ മരിയ ഷഹബാസ് എന്ന പെൺകുട്ടിയെ അക്രമിക്കൊപ്പം വിട്ടയച്ച കോടതിയുടെ വിവാദ ഉത്തരവാണ് പുനഃപരിശോധിക്കുന്നത്. ജനന സർട്ടിഫിക്കറ്റ് അവഗണിച്ച്, ശാരീരിക രൂപം മാത്രം നോക്കി പ്രായം വിലയിരുത്തിയാണ് മുന്പ് കോടതി കുട്ടിയെ അക്രമിക്കൊപ്പം വിട്ടയച്ചിരുന്നത്. ഇതിനെതിരേ വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾ ഉയർന്നിരുന്നു.
ആഗോളതലത്തിൽ മതസ്വാതന്ത്ര്യത്തിനുവേണ്ടി വാദിക്കുന്ന അലൈൻസ് ഡിഫെൻഡിംഗ് ഫ്രീഡം (എഡിഎഫ്) ഇന്റർനാഷണൽ എന്ന സംഘടനയുടെ പിന്തുണയോടെ നടക്കുന്ന ഈ കേസിൽ ഈ മാസം 24ന് കോടതി ആദ്യ വാദം കേൾക്കും. വിഷയത്തിൽ യൂറോപ്യൻ പാർലമെന്റ് ഉൾപ്പെടെ ഇടപെടുകയും കുട്ടിയെ ഉടൻ കുടുംബത്തിനു കൈമാറണമെന്നാവശ്യപ്പെട്ടു പ്രമേയം പാസാക്കുകയും ചെയ്തിരുന്നു. പാക്കിസ്ഥാനിൽ പ്രതിവർഷം ആയിരത്തിലധികം ന്യൂനപക്ഷ പെൺകുട്ടികൾ നിർബന്ധിത മതപരിവർത്തനങ്ങൾക്കും ബാലവിവാഹങ്ങൾക്കും ഇരയാകുന്നുണ്ടെന്നാണു കണക്കുകൾ.
ഈ സാഹചര്യത്തിൽ വരാനിരിക്കുന്ന കോടതിവിധി ഏറെ നിർണായകമാണ്.
മരിയയുടെ കേസിലുണ്ടാകുന്ന അനുകൂല വിധി, രാജ്യത്ത് ഇത്തരം ക്രൂരതകൾ നേരിടുന്ന ആയിരക്കണക്കിന് പെൺകുട്ടികൾക്ക് സുരക്ഷയൊരുക്കുന്നതിനുള്ള വലിയൊരു മാതൃകയായി മാറുമെന്ന് എഡിഎഫ് ഇന്റർനാഷണൽ ഡയറക്ടർ കെൽസി സോർസി പറഞ്ഞു.
യൂണിസെഫിന്റെ കണക്കുകൾ പ്രകാരം ഈ ദശകത്തിൽ ലോകമെമ്പാടുമായി ഏകദേശം പത്തു കോടി പെൺകുട്ടികളാണ് ബാലവിവാഹ ഭീഷണി നേരിടുന്നത്. കോവിഡ് മഹാമാരിക്കു പിന്നാലെയുണ്ടായ ദാരിദ്ര്യവും വിദ്യാഭ്യാസത്തിന്റെ കുറവുമാണ് ഈ നിരക്ക് വർധിക്കാൻ പ്രധാന കാരണം. ഈ സാഹചര്യത്തിൽ പാക്കിസ്ഥാൻ കോടതിയുടെ വരാനിരിക്കുന്ന പുനഃപരിശോധനാ വിധി ഏറെ പ്രാധാന്യത്തോടെയാണ് ലോകം ഉറ്റുനോക്കുന്നത്