ബംഗളൂരു: കർണാടകയിലെ മാണ്ഡ്യ ജില്ലയിൽ കാവേരി നദിയിൽ ഒരു കുടുംബത്തിലെ നാല് പേർ ഉൾപ്പെടെ അഞ്ച് പേർ മുങ്ങിമരിച്ചു. ബംഗളൂരുവിലെ ബ്യാദരഹള്ളി സ്വദേശികളായ ശ്വേത (38), ചൈത്ര (20), വിജയമ്മ (50), പ്രിയങ്ക (28), ഡ്രൈവറായ മഹേഷ് എന്നിവരാണ് മരിച്ചത്. വിനോദസഞ്ചാര കേന്ദ്രമായ മുത്തത്തിക്ക് സമീപമാണ് അപകടമുണ്ടായത്.
കബ്ബാല ക്ഷേത്രത്തിലെ ദർശനത്തിന് ശേഷം നദിക്കരയിലെത്തിയതായിരുന്നു കുടുംബം. നദിക്കരയിൽ നിന്ന് ഫോട്ടോ എടുക്കുന്നതിനിടെ വിജയമ്മ കാൽവഴുതി നദിയുടെ ആഴമേറിയ ഭാഗത്തേക്ക് വീഴുകയായിരുന്നു. തുടർന്ന് വിജയമ്മയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മറ്റുള്ളവർ ഒഴുക്കിൽപ്പെടുകയായിരുന്നു.
അപകടത്തിൽപ്പെട്ട മറ്റൊരാളെയും നാലു വയസുള്ള കുട്ടിയെയും നാട്ടുകാർ രക്ഷപ്പെടുത്തി. ഹോംഗാർഡുകളുടെ മുന്നറിയിപ്പ് അവഗണിച്ചാണ് സംഘം നദിയിലേക്ക് ഇറങ്ങിയതെന്ന് അധികൃതർ പറഞ്ഞു. അഗ്നിരക്ഷാസേനയും ദുരന്തനിവാരണ സേനയും ചേർന്നാണ് മൃതദേഹങ്ങൾ കരയ്ക്കെത്തിച്ചത്. തുടർന്ന് മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.