മട്ടന്നൂർ: ജില്ലയിൽ ഇടയ്ക്കിടെ വാഹനാപകടങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ അടിയന്തര യോഗം വിളിച്ചു ചേർക്കണമെന്ന് ആവശ്യപ്പെട്ട് വി.കെ. സനോജ് എംഎൽഎ ജില്ലാ കളക്ടർക്ക് കത്തുനൽകി. ഇരിട്ടി-മട്ടന്നൂർ കെഎസ്ടിപി റോഡിൽ കൂരൻമുക്കിൽ ജൂലൈ ഒന്നിനുണ്ടായ ബസ് അപകടത്തിൽ മട്ടന്നൂർ മണ്ഡലത്തിലെ കൊളാരിയിലെ അച്ഛനും മകനുമാണ് മരണപ്പെട്ടത്. വെള്ളിയാഴ്ച അർധരാത്രി മേലെ ചൊവ്വ-മട്ടന്നൂർ റോഡിൽ മട്ടന്നൂർ മണ്ഡലത്തിലെ കുംഭത്ത് കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ നാലു ജീവനുകളാണ് നഷ്ടപ്പെട്ടത്. രണ്ടാഴ്ചയ്ക്കകം ആറുപേരാണ് മരണപ്പെട്ടത്. ജില്ലയിൽ പല ഭാഗങ്ങളിലും സിസിടിവി കാമറകൾ ഉണ്ടെങ്കിലും പലതും പ്രവർത്തനരഹിതമാണെന്നാണ് അറിയുന്നത്.
ജില്ലയിലെ അപകടമുണ്ടായിക്കൊണ്ടിരിക്കുന്ന ഹോട്ട് സ്പോട്ടുകൾ കണ്ടെത്തി അവിടങ്ങളിൽ സ്പീഡ് ബ്രേക്കറുകൾ സ്ഥാപിക്കുന്നതിനും വാഹനങ്ങളുടെ സ്പീഡ് പരിശോധിക്കുന്നതിനും ആവശ്യമായ കാമറകൾ സ്ഥാപിക്കുന്നതിനും അടിയന്തര നടപടി സ്വീകരിക്കേണ്ടതായിട്ടുണ്ട്. ഇക്കാര്യങ്ങളൊക്കെ കണക്കിലെടുത്ത് ഇനിയും റോഡിൽ മനുഷ്യ ജീവൻ നഷ്ടപ്പെടാതിരിക്കാൻ കളക്ടർ അടിയന്തരയോഗം വിളിച്ചു ചേർത്ത് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് വി.കെ. സനോജ് എംഎൽഎ കത്ത് നൽകിയത്.