തൊടുപുഴ: അപകടങ്ങള്‍ വര്‍ധിച്ചുവരുമ്പോഴും നിയമങ്ങള്‍ കാറ്റില്‍ പറത്തി ജില്ലയിലെ നിരത്തുകളിലൂടെ ടിപ്പര്‍ ലോറികള്‍ അമിത വേഗത്തില്‍ പായുന്നു. സ്കൂള്‍ സമയങ്ങളിലും മറ്റും ടിപ്പറുകളുടെ സഞ്ചാരത്തിനു നിയന്ത്രണമുണ്ടെങ്കിലും ഇതിനെയെല്ലാം വെല്ലുവിളിച്ചാണ് ഇവ ചീറിപ്പായുന്നത്. വീതി കുറവായ ഗ്രാമീണ റോഡുകളിലടക്കം അമിത വേഗത്തിലാണ് പല ടിപ്പറുകളും ടോറസ് ലോറികളും സഞ്ചരിക്കുന്നത്. ടിപ്പറുകളുടെയും ടോറസുകളുടെയും നിയമം ലംഘിച്ചുള്ള സഞ്ചാരത്തെ നിയന്ത്രിക്കേണ്ട അധികൃതരാകട്ടെ ഇത് കണ്ടില്ലെന്നു നടിക്കുകയാണ്.
വാഹനങ്ങളില്‍ ലോഡ് കയറ്റുമ്പോള്‍ സ്വീകരിക്കേണ്ട മാനദണ്ഡങ്ങളും പലപ്പോഴും പാലിക്കാറില്ല. ശരിയായ രീതിയില്‍ മൂടാതെ വലിയ പാറക്കഷണങ്ങളും മറ്റും ഏതുനിമിഷവും പുറത്തേക്കു തെറിച്ചുവീഴത്തക്ക നിലയിലാണ് പല ടിപ്പറുകളുടെയും സഞ്ചാരം. അനുവദനീയമായതിലും കൂടുതല്‍ ഭാരവുമായാണ് വഴിയാത്രക്കാര്‍ക്കും മറ്റു വാഹനങ്ങള്‍ക്കും ഭീഷണിയായി ഇത്തരം വാഹനങ്ങള്‍ അമിത വേഗത്തില്‍ പായുന്നത്.
മണലും മെറ്റലുമായി റോഡിലൂടെ പോകുന്ന ലോറികളുടെ മുകള്ഭാഗം മൂടണമെന്നാണ് നിയമം. എന്നാല്‍ ഇതു കൃത്യമായി പാലിക്കാറില്ല.
സ്കൂള്‍ കുട്ടികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് ഭീഷണിയായി നിരോധിത സമയത്തും ചീറിപ്പായുന്ന ടിപ്പറുകള്‍ പതിവു കാഴ്ചയാണ്. ജില്ലയില്‍ രാവിലെ 8.30 മുതല്‍ 10 വരെയും വൈകുന്നേരം നാലു മുതല്‍ അഞ്ചുവരെയും ടിപ്പര്‍ ഉള്‍പ്പടെയുള്ള ഭാരവാഹനങ്ങളുടെ സഞ്ചാരത്തിന് നിയന്ത്രണമുണ്ട്.
എന്നാല്‍, പലയിടങ്ങളിലും ഇതു ലംഘിച്ചും ടിപ്പറുകള്‍ ഓടുന്നുണ്ട്. അമിതഭാരം കയറ്റിയുള്ള ടിപ്പര്‍- ടോറസ് ലോറികളുടെ പതിവു സഞ്ചാരം റോഡുകളുടെ തകര്‍ച്ചയ്ക്കും വഴിതെളിക്കുന്നതായി നാട്ടുകാര്‍ പറയുന്നു. അമിത ശബ്ദത്തോടെ ഹോണ്‍ മുഴക്കി പായുന്ന ടിപ്പര്‍, ടോറസ് ലോറികള്‍ മറ്റു വാഹനങ്ങള്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്.
നിയമം ലംഘിച്ചു പായുന്ന ടിപ്പറുകള്‍ ഉള്‍പ്പടെയുള്ള ഭാരവാഹനങ്ങള്ക്കെതിരേ കര്‍ശന നടപടിയെടുക്കാന്‍ പൊലിസ്, മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ തയാറാകണമെന്ന ആവശ്യം ശക്തമാണ്.