കാന്താരയിലെ നെഗറ്റീവ് വേഷം തെരഞ്ഞെടുക്കാൻ കാണിച്ച തീരുമാനത്തെക്കുറിച്ച് വെളിപ്പെടുത്തി നടി രുക്മിണി വസന്ത്. കരിയറിൽ നായികയായി തിളങ്ങിനിൽക്കുമ്പോഴാണ് ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത ചിത്രത്തിൽ നെഗറ്റീവ് കഥാപാത്രം ചെയ്യാൻ തീരുമാനിച്ചത്. അത് തന്റെ സിനിമ കരിയറിനെ ബാധിക്കുമോ എന്ന് ഭയമുണ്ടായിരുന്നു എന്നും രുക്മിണി പറഞ്ഞു.
നായികയായി എത്തി സിനിമ മേഖലയിൽ അഞ്ച് വർഷം പിന്നിടുമ്പോഴാണ് പ്രതിനായിക വേഷത്തിലേക്ക് ഋഷഭ് ഷെട്ടി വിളിക്കുന്നത്. നടിമാർ ചില പ്രത്യേക തരം വേഷങ്ങൾ മാത്രമേ ചെയ്യാവൂ എന്ന തരത്തിലുള്ള മുൻവിധികൾ സിനിമ മേഖലയിൽ നിലനിൽക്കുന്നതിനാൽ ആദ്യം ചെറിയ സമ്മർദം ഉണ്ടായിരുന്നു.
ഋഷഭ് ഷെട്ടി സാര്‍ വിളിച്ചപ്പോള്‍ അതീവ സന്തോഷം തോന്നി, അപ്പോഴാണ് അദ്ദേഹം പറയുന്നത് ഇതില്‍ വില്ലത്തി നീയാണ് എന്ന്. ഇങ്ങനെയാരു വലിയ സിനിമയുടെ ഭാഗമാകാന്‍ അവസരം ലഭിച്ചതില്‍ അതിയായ സന്തോഷം തോന്നി. പക്ഷേ റീലീസ് തിയതി അടുക്കുന്തോറും ഭയമായി.
ഈ നെഗറ്റീവ് കഥാപാത്രം ഇനിയുളള സിനിമാ ജീവിതത്തെ ബാധിക്കുമോ എന്നതായിരുന്നു പേടി. എന്നാല്‍ സിനിമ പുറത്തിറങ്ങിയതോടെ വലിയ രീതിയിലുളള പ്രശംസയാണ് തനിക്ക് ലഭിച്ചതെന്നും രുക്മിണി പറയുന്നു. സ്ത്രീകള്‍ക്ക് വ്യത്യസ്ത തലങ്ങളുള്ള വേഷങ്ങൾ ചെയ്യാൻ സാധിക്കുമെന്ന് ആളുകൾ തിരിച്ചറിഞ്ഞത് തനിക്ക് വലിയ പ്രചോദനമായെന്നും രുഗ്മിണി കൂട്ടിച്ചേർത്തു.
‘മദ്രാസി’, ‘സപ്ത സാഗരദാച്ചേ എല്ലോ’ എന്നീ സിനിമകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ രുക്മിണി വസന്തിന്റെ കരിയറിലെ സൂപ്പർ ഹിറ്റ് സിനിമകളിൽ ഒന്നായിരുന്നു കാന്താര ചാപ്റ്റർ 1. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത ടോക്സിക്’ ആണ് രുക്മിണിയുടെ പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം.