ബംഗളൂരു: കർണാടയിൽ ഭരണകക്ഷിയായ കോൺഗ്രസിൽ അധികാരത്തർക്കമെന്ന് അഭ്യൂഹങ്ങൾ തള്ളി ഉപമുഖ്യമന്ത്രിയും സംസ്ഥാന കോൺഗ്രസ് അധ്യക്ഷനുമായ ഡി.കെ. ശിവകുമാർ.
എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിൽ പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനും ഭരണപരമായ കാര്യങ്ങളെക്കുറിച്ചും മാത്രമാണു ചർച്ച ചെയ്തെന്ന് അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാന നേതൃത്വവുമായി ബന്ധപ്പെട്ട തർക്കങ്ങളും മന്ത്രിസഭാ വികസനം സംബന്ധിച്ചുള്ള അഭ്യൂഹങ്ങളും ശക്തമാകുന്നതിനിടെയാണ് ശിവകുമാറിന്റെ പ്രതികരണം. രാഹുൽ ഗാന്ധി ക്ഷണിച്ചാൽ മേയ് അവസാനവാരം താൻ ഡൽഹിയിൽ വീണ്ടുമെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്നലെ കർണാടക സർക്കാർ മൂന്നു വർഷം പൂർത്തിയാക്കി.
നേതൃമാറ്റം സംബന്ധിച്ചുള്ള ചർച്ചകളൊന്നും നടന്നിട്ടില്ല. പാർട്ടിയെ ശക്തിപ്പെടുത്തി വീണ്ടും അധികാരത്തിലെത്തുന്നതിനെപ്പറ്റിയാണു കഴിഞ്ഞദിവസങ്ങളിൽ ചർച്ചചെയ്തെന്ന് ഡി.കെ. ശിവകുമാർ പറഞ്ഞു.