ആലുവ: കുഞ്ചാട്ടുകരയിൽ യുവാവിനെ ഇരുമ്പുവടിക്ക് ആക്രമിച്ച കേസിൽ ആറര മാസത്തോളം ഒളിവിലായിരുന്ന ഒന്നാംപ്രതി പിടിയിൽ. എടത്തല കുഞ്ചാട്ടുകര ഓൾഡ് ജിസിഡിഎ മുരിങ്ങാശേരി വീട്ടിൽ ഹാരീസ് മുസ്തഫ(40)യെയാണ് എടത്തല സിഐ കെ. സെനോദിന്റെ നേതൃത്വത്തിൽ ചൊവ്വാഴ്ച്ച രാത്രി കളമശേരി എച്ച്എംടി കോളനി ഭാഗത്തുനിന്നു പിടികൂടിയത്.
പഴങ്ങനാട് സ്വദേശി അമലിനെയാണ് പ്രതികൾ ക്രൂരമായി ആക്രമിച്ചത്. കഴിഞ്ഞ സെപ്റ്റംബർ ഒന്നിന് പുലർച്ചെ രണ്ടിനായിരുന്നു സംഭവം. എടത്തല കുഞ്ചാട്ടുകരയിൽ പ്രതികൾ സഞ്ചരിച്ചിരുന്ന കാറിനെ അമൽ ഓടിച്ചിരുന്ന പിക്കപ്പ് വാഹനം മറികടന്നതാണ് പ്രകോപനമായത്.
ഭീഷണിപ്പെടുത്തി വാഹനം നിർത്തിച്ച് മുഖ്യപ്രതിയുടെ നേതൃത്വത്തിൽ കമ്പിവടി ഉപയോഗിച്ച് അമലിനെ ആക്രമിക്കുകയായിരുന്നു. മൂക്കിന്റെ അസ്ഥിക്ക് പൊട്ടലും വലതുകണ്ണിന് മുകളിൽ മുറിവുമുണ്ടായി. പ്രതിയെ ആലുവ കോടതി റിമാൻഡ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ പിടിയിലായ മൂന്നുപേരെയും കോടതി റിമാൻഡ് ചെയ്തിരുന്നു.