ആലപ്പുഴ: ഗർഭപാത്രം നീക്കം ചെയ്യൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ പുന്നപ്ര നാൽപ്പതിൽച്ചിറയിൽ ഉഷ ജോസഫിന്റെ (51) വയറ്റിൽ ശസ്ത്രക്രിയാ ഉപകരണം കണ്ടെത്തിയ സംഭവത്തിൽ അന്നത്തെ മെഡിക്കൽ സംഘത്തിന് വീഴ്ചയുണ്ടായെന്ന് നാലംഗസമിതി റിപ്പോർട്ട്.
ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ 2021 ലായിരുന്നു ശസ്ത്രക്രിയ. വയറുവേദനയെത്തുടർന്ന് നടത്തിയ എക്സ്റേ പരിശോധനയിലാണ് ശസ്ത്രക്രിയ ഉപകരണം കണ്ടെത്തിയത്. വയറ്റിൽ കത്രികയുമായി അഞ്ചു വർഷം നടന്ന ഇവർ വയറുവേദനയുമായി ആശുപത്രിയിലെത്തുന്പോഴെല്ലാം വേദനയ്ക്കുള്ള മരുന്നു നൽകി വിടുകയായിരുന്നെന്നാണ് ഇവർ പറയുന്നത്.
വിഷയം വിവാദമായതോടെ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ.ബി. പത്മകുമാർ നിയോഗിച്ച ഡോക്ടർമാരുടെ സംഘമാണ് അന്വേഷണം നടത്തിയത്. അന്വേഷണ റിപ്പോർട്ട് ഡയറക്ടർ ഓഫ് മെഡിക്കൽ എജ്യുക്കേഷന് (ഡിഎംഇ) കൈമാറി. ഇതിനിടെ, ആരോഗ്യവകുപ്പ് നിയോഗിച്ച മൂന്നംഗ വിദഗ്ധ സംഘവും മെഡിക്കൽ കോളജിലെത്തി വിവരങ്ങൾ ശേഖരിച്ചു. ഇവർ ഇന്ന് റിപ്പോർട്ട് നൽകും. ഇരു റിപ്പോർട്ടുകളും പരിഗണിച്ചാവും തുടർ നടപടി.
ആരോഗ്യമന്ത്രി വീണ ജോർജിന്റെ നിർദ്ദേശപ്രകാരം ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ.ജയശ്രീ വാമനൻ, ഡോ.രഞ്ജു രവീന്ദ്രൻ, ഡോ. തോമസ് എന്നിവരടങ്ങുന്ന സംഘമാണ് വിശദപരിശോധനയ്ക്കായി എത്തിയത്. ആലപ്പുഴ മെഡിക്കൽ കോളജ് ആർഎംഒ ഡോ.പി.എൽ. ലക്ഷ്മി ചെയർപേഴ്സണും സർജറി വിഭാഗം മേധാവി ഡോ. എൻ.ആർ.സജികുമാർ, ഗൈനക്കോളജി വിഭാഗം പ്രഫസർ ഡോ.പി.എസ്.അനുസൂയ, ഫോറൻസിക് വിഭാഗം അസോ. പ്രഫസർ ഡോ.കെ.ബി.രാഖിൻ എന്നിവരടങ്ങിയ ആഭ്യന്തര സംഘമാണ് അന്വേഷണം നടത്തിയത്.
കോവിഡ് കാലമായതിനാൽ സ്റ്റാഫുകളുടെ എണ്ണം കുറവായിരുന്നു. പി.പി.ഇ കിറ്റും ഷീൽഡുമടക്കം ധരിച്ചാണ് ശസ്ത്രക്രിയ നടത്തിയത്. പരിമിതികളിൽ നിന്നും കാര്യങ്ങൾ നന്നായി ചെയ്തുവെന്നാണ് ഡോക്ടർമാരും നഴ്സുമാരും മൊഴി നൽകിയത്. ടീം വർക്കിന്റെ കാര്യത്തിൽ വീഴ്ചയുണ്ടായെന്നും ഇതു സംഭവിക്കാൻ പാടില്ലാത്തതായിരുന്നെന്നും റിപ്പോർട്ടിൽ പരാമർശമുണ്ടെന്നാണ് സൂചന.
ഗൈനക്കോളജി വിഭാഗം മേധാവിയായിരുന്ന ഡോ. ലളിതാംബികയുടെ യൂണിറ്റിനു കീഴിൽ അസിസ്റ്റന്റ് ഡോ.ഷാഹീദയുടെ നേതൃത്വത്തിലുള്ള ടീമിനെ സഹായിക്കാൻ രണ്ട് ഡോക്ടർമാരും മൂന്ന് അനസ്ത്യേഷ്യ ഡോക്ടർമാരും നഴ്സിംഗ് ഓഫീസറും രണ്ട് നഴ്സുമാരും ഉൾക്കൊള്ളുന്ന മെഡിക്കൽ സംഘമാണ് 2021 മേയ് 12ന് ഉഷയുടെ ശസ്ത്രക്രിയ നടത്തിയത്. ആശുപത്രിയിൽ നിലവിൽ ജോലി ചെയ്യുന്നവരിൽനിന്ന് നേരിട്ടും സ്ഥലംമാറിപ്പോയവരിൽ നിന്ന് ഓൺലൈനായുമാണ് മൊഴി രേഖപ്പെടുത്തിയത്.
ഉഷയുടെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട കേസ് ഷീറ്റുകളും മറ്റുരേഖകളും പരിശോധിച്ചാണ് റിപ്പോർട്ട് തയാറാക്കിയത്. ശസ്ത്രകിയ നടത്തുമ്പോൾ ചെറിയ രക്തക്കുഴലുകൾ മുറിഞ്ഞ് രക്തം പോകുന്നത് തടയാനായി ഉപയോഗിക്കുന്ന ആർട്ടറി ഫോർസെപ്സ് എന്ന ഉപകരണമാണ് പുന്നപ്ര സ്വദേശിനി ഉഷ ജോസഫിന്റെ വയറ്റിൽ കണ്ടെത്തിയത്. ചികിത്സാപ്പിഴവിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
നിർഭാഗ്യകരമായ സംഭവം: ആശുപത്രി അധികൃതർ
ഉഷയുടേത് നിർഭാഗ്യകരമായ സംഭവമാണെന്ന് മെഡിക്കൽകോളജ് പ്രിൻസിപ്പൽ ഡോ.ബി.പത്മകുമാർ, സൂപ്രണ്ട് ഡോ.എ.ഹരികുമാർ, ആർഎംഒ തോമസ് കോശി എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വീഴ്ചകൾ സംഭവിക്കാൻ പാടില്ലായിരുന്നു. പ്രോട്ടോക്കോൾ അനുസരിച്ച് വേണമായിരുന്നു പ്രവർത്തിക്കാൻ.
കോവിഡുകാലത്താണ് ശസ്തക്രിയ നടന്നത്. അതിനാൽ ഫ്ലോർ നഴ്സ് അടക്കമുളള സ്റ്റാഫിന്റെ കുറവുണ്ടായി. ഉപകരണങ്ങൾ എഴുതി സൂക്ഷിക്കുന്നതിൽ വീഴ്ചയുണ്ടായിട്ടില്ല. ഇത് രേഖകൾ പരിശോധിച്ചപ്പോൾ ബോധ്യമായി. 3.2 കിലോ ഭാരമുള്ള ട്യൂമറാണ് ഉഷയുടെ വയറ്റിൽ നിന്ന് നീക്കം ചെയ്തത്. ട്യൂമർ ദോഷകരമല്ലാത്തതിനാൽ കൂടുതൽ ചികിത്സ ആവശ്യമില്ലായിരുന്നു.
സമാനമായ പരാതിയുമായി ഉഷ മുമ്പ് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയെ സമീപിച്ചിട്ടില്ല. ആലപ്പുഴയിലെ മെഡിക്കൽ ഉപകരണ ആണോ വയറ്റിൽ കുടുങ്ങിയതെന്ന് അറിയാൻ പുറത്തെടുത്ത് പരിശോധിക്കണം. 2021 മേയ് 10നാണ് പുന്നപ്ര സ്വദേശിയായ ഉഷാ ജോസഫ് മെഡിക്കൽകോളജിൽ ചികിത്സക്കെത്തിയത്.
പരിശോധനയിൽ ഗർഭപാത്രത്തിലെ മുഴയാണെന്ന് തിരിച്ചറിഞ്ഞു. മേയ് 12നായിരുന്നു ശസ്ത്രക്രിയ. രണ്ടുദിവസം കഴിഞ്ഞ് ഡിസ്ചാർജായി. മെഡിക്കൽകോളജിൽ തുടർചികിത്സക്ക് എത്തിയതായി രേഖകളില്ല. കഴിഞ്ഞദിവസം യൂറോളജിസ്റ്റിനെ കാണിച്ച് എക്സ്റേ എടുത്തപ്പോഴാണ് ഉപകരണം വയറ്റിൽ കണ്ടെത്തിയത്. വ്യാഴാഴ്ച ഗൈനക്കോളജിവിഭാഗത്തിൽ വന്ന് ഡോക്ടറെ കണ്ടു. ആവശ്യമായ രക്തപരിശോധന നടത്തി അഡ്മിറ്റാകാൻ നിർദ്ദേശിച്ചെങ്കിലും അതിന് തയാറാകാതെ മടങ്ങുകയായിരുന്നു. ഉഷയ്ക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിരുന്നെന്നും, വിവരം പുറത്ത്പറയരുതെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി.