ചമ്പക്കുളം: നെടുമുടി പഞ്ചായത്ത് 9 -ാം വാർഡിൽ തെരുവുനായ ശല്യം രൂക്ഷം. ചമ്പക്കുളം ബസിലിക്കയുടെ പരിസരം, ബസിലിക്ക ബസ്സ്റ്റാൻഡ്, സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ പരിസരങ്ങൾ എന്നിവിടങ്ങളിലാണ് രാവിലെ മുതൽത്തന്നെ തെരുവുനായകളുടെ ഉപദ്രവം തുടങ്ങുന്നത്.
സ്കൂൾ കുട്ടികൾ എത്തുംമുൻപ് നാട്ടുകാർ സ്കൂൾ പരിസരങ്ങൾ കൈയടക്കുന്ന നായകളെ ഓടിച്ച് വിടുന്നതുകൊണ്ട് വലിയ അപകടമുണ്ടാകുന്നില്ലെന്നു മാത്രം. തെരുവുനായ ശല്യം ഒഴിവാക്കാൻ വേണ്ടനടപടികൾ ബന്ധപ്പെട്ട അധികാരികളുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ചരിത്ര പ്രസിദ്ധമായ മൂലം ജലോത്സവം തിങ്കളാഴ്ച നടക്കുകയാണ്. ആയിരക്കണക്കിന് വള്ളംകളി പ്രേമികൾ ഇവടെയെത്തുമ്പോൾ തെരുവു നായ്ക്കളുടെ എണ്ണം കൂടുന്നത് ഇവർക്കും ഭീഷണിയാണ്.