തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് എൻഡിഎയ്ക്ക് രണ്ടക്ക സംഖ്യയിൽ എംഎൽഎമാരെ ലഭിക്കുമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷ്. എൽഡിഎഫിനോ യുഡിഎഫിനോ ഭൂരിപക്ഷത്തിമില്ലാത്ത തൂക്ക് സഭയായിരിക്കും വരികയെന്നും സുരേഷ് പറഞ്ഞു. എൻഡിഎ നിർണായക ശക്തിയാകുമെന്നും സുരേഷ് അവകാശപ്പെട്ടു.
ഇടതുപക്ഷവും വലതുപക്ഷവും വർഗീയവാദ പക്ഷമായി മാറി. മതമൗലികവാദികളുടെ മുദ്രാവാക്യമുയർത്തി കേരളത്തിന്റെ ഭാവി തുലക്കാൻ നിൽക്കുകയാണ് ഇരുമുന്നണികളുമെന്ന് സുരേഷ് ആരോപിച്ചു.
വികസനമാണ് എൻഡിഎയുടെ മുദ്രാവാക്യം. 50 % ലേറെ മണ്ഡലങ്ങളിൽ ത്രികോണ മത്സരമാണ് നടക്കുന്നത്. ഇടതുപക്ഷത്തിന്റെയും വലതുപക്ഷത്തിന്റെയും പ്രാമുഖ്യം ഈ തെരഞ്ഞെടുപ്പോടെ അവസാനിക്കും. നേമത്ത് എൽഡിഎഫ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നു. അപരനെ ഇറക്കാൻ ശിവൻകുട്ടിയുടെ നേതൃത്വത്തിൽ ശ്രമം നടന്നു.
പോളിംഗ് ഉദ്യോഗസ്ഥരെ നിയമിക്കുന്നതിലും ശിവൻകുട്ടി ഇടപെട്ടു. തിരുവനന്തപുരം നഗരത്തിൽ സർക്കാർ കുടിവെള്ളം മുട്ടിക്കുന്നു. ബിജെപി കൗൺസിലർമാർ ജയിച്ച വാർഡുകളിൽ കുടിവെള്ളം മുടക്കുന്നു. സംസ്ഥാന സർക്കാരിന്റെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ ഗൂഢശ്രമം നടക്കുന്നു.
ബിജെപിയെ കരിവാരിത്തേക്കുന്നതിനുള്ള ശ്രമമാണിത്. എല്ലാവർക്കും കുടിവെള്ളം ലഭ്യമാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാകണം. വിഷയത്തിൽ അടിയന്തരമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടണം. അങ്ങേയറ്റം നീചവും ദൗർഭാഗ്യകരവുമായ സംഭവമാണിത്. ഇതിൽനിന്ന് ശിവൻകുട്ടി പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.