തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് അടൂർപ്രകാശിനെ എസ്ഐടി ചോദ്യം ചെയ്തതിൽ പ്രതികരണവുമായി മന്ത്രി വി. ശിവൻകുട്ടി. അടൂർ പ്രകാശ് എംപിയോട് പ്രതിപക്ഷനേതാവ് രാജി ആവശ്യപ്പെടുമോ.
അടൂർപ്രകാശിനെ ചോദ്യംചെയ്യുമെന്നത് മുൻകൂട്ടി കണ്ടാണ് പ്രതിപക്ഷ നേതാവ് എസ്ഐടിയിൽ വിശ്വാസം ഇല്ലെന്ന് പറഞ്ഞതെന്നും ശിവൻകുട്ടി പറഞ്ഞു. അടൂർപ്രകാശ് പത്തനംതിട്ടയിൽ മത്സരിച്ചാൽ അയ്യപ്പൻ കൈകാര്യം ചെയ്തോളുമെന്നും മന്ത്രി പറഞ്ഞു.
അടൂർ പ്രകാശിനെ എസ്ഐടി ചോദ്യംചെയ്തതിനു പിന്നാലെ യുഡിഎഫിനെ പരോക്ഷമായി പരിഹസിച്ചുകൊണ്ട് ഫേസ്ബുക്ക് കുറിപ്പും ശിവൻകുട്ടി പങ്കുവെച്ചിരുന്നു. ആ പാരഡി പാട്ടൊന്ന് മാറ്റി പാടിയാലോ... എന്നായിരുന്നു അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്.
സ്വർണ്ണം കട്ടത് ആരപ്പാ എന്ന ഗാനം തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ യുഡിഎഫ് വൻതോതിൽ ഉപയോഗിച്ചിരുന്നു. എന്നാൽ പിന്നീട് കോൺഗ്രസിനെതിരേ എൽഡിഎഫ് ഇതേ പാരഡി ഗാനം തന്നെ ആയുധമാക്കിയിരുന്നു.