Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ നിയമസഭ പ്രക്ഷുബ്ധം. രൂക്ഷമായ വാദപ്രതിവാദങ്ങളാണ് സഭയിൽ നടക്കുന്നത്.
സഭാനടപടികൾ ആരംഭിച്ചതിനു പിന്നാലെ പ്ലക്കാർഡുമായി പ്രതിപക്ഷം നടുത്തളത്തിലേക്കിറങ്ങി. സ്പീക്കറുടെ ഇരിപ്പിടം മറച്ചുകൊണ്ട് ബാനർ ഉയർത്തി മുദ്രാവാക്യം വിളിച്ചായിരുന്നു പ്രതിഷേധം. പോറ്റി പാട്ടും പ്ലക്കാർഡുകളിലുണ്ട്. പ്രതിഷേധങ്ങൾക്കിടെ സഭ നന്ദിപ്രമേയ ചർച്ചയിലേക്ക് കടന്നു.
ദേവസ്വം മന്ത്രി രാജിവയ്ക്കണമെന്നും എസ്ഐടിക്ക് മീതെ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സമ്മർദം അവസാനിപ്പിക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു.
അതേസമയം, ശബരിമല സ്വർണക്കൊള്ളയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകാത്തതിൽ പ്രതിപക്ഷത്തെ പരിഹസിച്ചുകൊണ്ടായിരുന്നു ഭരണപക്ഷത്തിന്റെ പ്രതികരണം. അടിയന്തര പ്രമേയ നോട്ടീസ് നൽകാൻ പ്രതിപക്ഷത്തിന് ഭയമാണെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.
വിഷയം ചർച്ച ചെയ്യേണ്ടി വരുമെന്ന ഭയമാണ്. പ്രതിപക്ഷത്തിന് ഭീരുത്വമാണെന്നും തിണ്ണമിടുക്ക് കാണിക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇതിനു പിന്നാലെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയതോടെ, ഭരണപക്ഷ എംഎൽഎമാരും എഴുന്നേറ്റ് നിന്നു.
പോറ്റിയേ കേറ്റിയേ എന്ന പാരഡി ഗാനം പാടി പ്രതിപക്ഷം പ്രതിഷേധിച്ചപ്പോൾ സ്വർണം കട്ടത് ആരപ്പാ എന്ന് അടൂർ പ്രകാശിനോട് ചോദിക്കൂവെന്നും ഹൈക്കോടതിയിൽ തോറ്റപ്പോൾ സഭയിൽ സമരം ചെയ്യുകയാണെന്നും എം.ബി. രാജേഷ് പറഞ്ഞു. ഇതിനു പിന്നാലെ ‘സ്വർണം കട്ടത് ആരപ്പാ, കോൺഗ്രസ് ആണ് അയ്യപ്പാ.. ’എന്ന് തിരിച്ചു പാടി ഭരണപക്ഷം പ്രതിരോധിച്ചു.
സോണിയ ഗാന്ധിയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണമെന്നും വീട് റെയ്ഡ് ചെയ്യണമെന്നും മന്ത്രി വി. ശിവൻകുട്ടി ആവശ്യപ്പെട്ടു. സോണിയയുടെ വീട്ടിൽ പോറ്റി രണ്ട് തവണ പോയത് എന്തിനാണെന്നും സോണിയയുടെ കൈയിൽ സ്വർണം കെട്ടിക്കൊടുത്തുവെന്നും മന്ത്രി പറഞ്ഞു.
പ്രതിപക്ഷം ഒളിച്ചോടുന്നുവെന്നും കളവ് ചെയ്തത് പ്രതിപക്ഷമാണെന്നും മന്ത്രി വീണാ ജോർജും പറഞ്ഞു.
Kerala
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാര്‍ ഉള്‍പ്പടെ മൂന്ന് പ്രതികളുടെ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളി.
എ. പത്മകുമാര്‍, മുരാരി ബാബു, ബെല്ലാരിയിലെ സ്വര്‍ണ വ്യാപാരി ഗോവര്ധന് എന്നിവരുടെ ജാമ്യഹര്‍ജികളാണ് ജസ്റ്റീസ് എ. ബദറൂദ്ദീന്റെ ബെഞ്ച് തള്ളിയത്.
പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷനും അന്വേഷണ സംഘവും എതിര്‍ത്തു. പ്രതികള്‍ക്കെതിരെ ഗൗരവമായ തെളിവുകളുണ്ടെന്നും അന്വേഷണം നിര്‍ണായക ഘട്ടത്തിലാണെന്നുമാണ് സര്‍ക്കാരിന്റെ വാദം.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ എ. പത്മകുമാറിനെ നവംബര്‍ 20 നാണ് എസ്ഐടി അറസ്റ്റ് ചെയ്തത്. കട്ടിളപ്പാളിയിലെ സ്വര്‍ണം ഉണ്ണിക്കൃഷ്ണന് പോറ്റിക്ക് കൈമാറിയതില്‍ പത്മകുമാര്‍ അടങ്ങുന്ന ബോര്‍ഡിന് വീഴ്ചയുണ്ടായെന്ന കണ്ടെത്തലിന് പിന്നാലെയായിരുന്നു അറസ്റ്റ്.
അതേസമയം, ദ്വാരപാലക ശിൽപങ്ങളിലെ സ്വർണപാളികൾ മോഷ്ടിച്ച കേസിൽ ഒന്നാം പ്രതിയായ ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് കൊല്ലം വിജിലൻസ് കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചിരുന്നു.
അറസ്റ്റിലായി 90 ദിവസം പിന്നിട്ടിട്ടും അന്വേഷണസംഘം കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണിത്. എന്നാൽ സ്വർണക്കട്ടിളപാളി കേസിൽ ജാമ്യം ലഭിക്കാത്തതിനാൽ ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് നിലവിൽ ജയിൽ മോചിതനാകാൻ കഴിയില്ല
Kerala
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ മൂന്നാം പ്രതിയായ തിരുവിതാംകൂർ ദേവസ്വം മുൻ പ്രസിഡന്റും കമ്മീഷണറുമായ എൻ. വാസുവിന്റെ റിമാൻഡ് കാലാവധി ഇന്ന് അവസാനിക്കും. വാസുവിനെ റിമാൻഡ് നീട്ടുന്നതിനായി കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കും.
കേസിൽ എൻ. വാസു സമർപ്പിച്ച ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി ഡിസംബർ മൂന്നിന് തള്ളിയിരുന്നു. ദേവസ്വം കമ്മീഷണറായിരുന്ന കാലയളവിൽ വാസുവിന്റെ ശിപാർശയിലാണ് കട്ടിളപ്പാളിയിലെ സ്വർണ്ണം ചെമ്പെന്ന് രേഖപ്പെടുത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
അതേസമയം താൻ വിരമിച്ചതിന് ശേഷമാണ് പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയതെന്നും കുറ്റക്കാരനല്ലെന്നുമാണ് എൻ വാസുവിന്റെ വാദം. മുരാരി ബാബു നൽകിയ കത്ത് ഉചിതമായ തീരുമാനമെടുക്കുന്നതിന് ബോർഡിന് കൈമാറുക മാത്രമാണ് ചെയ്തതെന്നും വാസു ആരോപിച്ചിരുന്നു.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ്. ജയശ്രീയുടെയും മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ്. ശ്രീകുമാറിന്റെയും ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
കേസിൽ എസ്. ജയശ്രീ നാലാം പ്രതിയും എസ്. ശ്രീകുമാർ ആറാം പ്രതിയുമാണ്. ജയശ്രീയുടെ അറസ്റ്റ് നേരത്തെ സിംഗിൾ ബെഞ്ച് തൽക്കാലത്തേക്ക് തടഞ്ഞിരുന്നു. ശബരിമലയിലെ സ്വർണപാളികൾ
ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറാൻ ഉത്തരവിറക്കിയെന്നാണ് ജയശ്രീക്കെതിരെയുള്ള ആരോപണം.
2019ൽ ആണ് ജയശ്രീ ഇതുസംബന്ധിച്ച ഉത്തരവിറക്കിയതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഇതുസംബന്ധിച്ച മഹസറിൽ ഒപ്പുവച്ചയാളാണ് എസ്. ശ്രീകുമാർ. ഇരുവരുടെയും ജാമ്യാപേക്ഷയാണ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കുക.
Kerala
ആലപ്പുഴ: ഹൈന്ദവ വിശ്വാസത്തെ അവഹേളിക്കുന്ന നിലയിലേക്ക് ദേവസ്വം ബോർഡുകളുടെ ഭരണം മാറിയെന്ന് വെള്ളാപ്പള്ളി നടേശൻ. ദേവസ്വം ബോർഡുകൾ അഴിമതിയിലും കൊള്ളയിലും മുങ്ങിക്കുളിച്ചു. മാറിമാറി ഭരിച്ച ഒരു സർക്കാരിനും ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിയാനാവില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
ശബരിമല സ്വർണക്കൊള്ള വിവാദം അന്തമില്ലാതെ തുടരുന്നു. അത് സംസ്ഥാന സർക്കാരിനെയും തിരുവിതാംകൂർ ദേവസ്വം ബോർഡിനെയും പ്രതിസന്ധിയിലാക്കി. കാണിക്കവഞ്ചിയിൽ കൈയിട്ടുവാരാത്തവർ ചുരുക്കമാണ്. മോന്തായം വളഞ്ഞാൽ കഴുക്കോലുകളുടെ കാര്യം പറയാനില്ലെന്ന പോലെയാണ് ദേവസ്വം ബോർഡുകളിലെ ജീവനക്കാരുടെ സ്ഥിതി.
നൂറുകണക്കിന് മുരാരി ബാബുമാർ അഞ്ചു ദേവസ്വം ബോർഡുകളിലുമായുണ്ട്. ഹൈക്കോടതി ഇടപെടൽ ഇല്ലെങ്കിൽ പ്രതിഷ്ഠവരെ പൊളിച്ചു കടത്തിയേനെ. ദേവസ്വം ഭരണരീതികൾ മാറ്റണം. ആത്മാർഥതയുണ്ടെങ്കിൽ അഞ്ച് ദേവസ്വം ബോർഡുകളും സർക്കാർ പിരിച്ചുവിടണം. പ്രഫഷണൽ ഭരണമുള്ള ഒന്നോ രണ്ടോ ദേവസ്വം ബോർഡ് മതിയെന്നും വെള്ളാപ്പള്ളി പറഞ്ഞു.