ഇരിട്ടി: കീഴ്പള്ളി അത്തിക്കലിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് റോഡിൽ തെറിച്ചുവീണ സ്കൂട്ടർ യാത്രികൻ ടിപ്പർ ലോറി കയറി മരിച്ചു. കീഴ്പള്ളിയിലെ നിർമല മെഡിക്കൽസ് ഉടമ സാബു മൈക്കിളാണ് (43) മരിച്ചത്.
സാബു സഞ്ചരിച്ച സ്കൂട്ടറും എതിർ ദിശയിൽനിന്ന് വന്ന ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ സാബു മൈക്കിളിന്റെ തലയിലൂടെ ടിപ്പറിന്റെ പിറകിലെ ടയർ കയറിയിറങ്ങി. സംഭവസ്ഥലത്ത് തന്നെ സാബു മരിച്ചു.
ഇന്നലെ രാവിലെയായിയുരന്നു അപകടം. കച്ചേരിക്കടവ് സ്വദേശിയായ സാബു കീഴ്പള്ളി കുണ്ടുമാങ്ങോട് വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. കച്ചേരിക്കടവ് കുഴിപ്പള്ളിയിൽ തങ്കച്ചൻ-ലില്ലി ദമ്പതികളുടെ മകനാണ്.
കണ്ണൂർ ഗവ. മെഡിക്കൽ കോളജിലെ പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്നു വൈകുന്നേരത്തോടെ കച്ചേരിക്കടവിലെ വീട്ടിലെത്തിക്കുന്ന മൃതദേഹം നാളെ 9.30ന് കച്ചേരിക്കടവ് സെന്റ് ജോർജ് പള്ളിയിൽ സംസ്കരിക്കും.
ഭാര്യ: സോണിയ. മകൾ: ഹെയ്സൽ. സഹോദരങ്ങൾ: സാജൻ (മെഡിക്കൽ ഷോപ്പ്, ഉളിക്കൽ), സിന്ധു.