കൊച്ചി: കോൺഗ്രസ് മുക്തഭാരതം എന്നു പരസ്യമായി പ്രഖ്യാപിച്ച ബിജെപിക്ക് എന്തുകൊണ്ടാണ് സിപിഎം മുക്തകേരളം എന്നു പറയാനാവാത്തതെന്ന് എഐസിസി ജനറൽ സെക്രട്ടറി സച്ചിൻ പൈലറ്റിന്റെ ചോദ്യം. ഇരുപാർട്ടികളും തമ്മിൽ ഡീൽ ഉണ്ടെന്നതിന്റെ വ്യക്തമായ തെളിവാണിത്. യുഡിഎഫ് അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ കാലതാസമുണ്ടാവില്ല.
തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി കൊച്ചിയിലെത്തിയ രാജസ്ഥാൻ മുൻ ഉപമുഖ്യമന്ത്രി കൂടിയായ സച്ചിൻ പൈലറ്റ് കോൺഗ്രസിലെ പ്രതീക്ഷകളും സിപിഎം-ബിജെപി ഡീൽ വിവാദവും ഉൾപ്പെടെ വിവിധ വിഷയങ്ങളിൽ നിലപാടുകൾ വ്യക്തമാക്കി:
സിഎം-പിഎം സെയിം!
മോദിയും പിണറായിയും ഒരേ വഴിയിലാണ്. പല കാര്യങ്ങളിലും ഇരുവരും രണ്ടല്ല, ഒന്നാണ്. ഇടതുപക്ഷത്തിന്റെ പ്രചാരണ പോസ്റ്ററുകളിൽ പിണറായിയുടെ ചിത്രം മാത്രമാണ് അവതരിപ്പിക്കുന്നത്. ഇതുപോലെ ബിജെപി മോദിയുടെയും. ഇരു പാർട്ടികൾക്കും മറ്റു നേതാക്കളെ ഉയർത്തിക്കാട്ടാൻ ഭയമാണ്.
ബിജെപിയുമായി ധാരണയുള്ളതുകൊണ്ടാണ് സിപിഎം അവർക്കെതിരേ തെരഞ്ഞെടുപ്പിൽ ഒന്നും മിണ്ടാത്തത്. എല്ലാറ്റിനും സമരം ചെയ്യുന്ന സിപിഎമ്മിന് പാചകവാതക ക്ഷാമം രൂക്ഷമായിട്ടും കേന്ദ്രത്തിനെതിരേ സമരത്തിനോ പ്രതിഷേധത്തിനോ മടിയാണ്. ഇക്കാര്യത്തിൽ മോദിക്കെതിരെ മുഖ്യമന്ത്രി ഒരു വാക്കു പറഞ്ഞിട്ടില്ല.
ബിജെപിക്കെതിരേ മൗനം പാലിക്കുന്ന മുഖ്യമന്ത്രി രാഹുൽഗാന്ധിക്കെതിരേ തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുന്നത് ശീലമാക്കിയിരിക്കുകയാണ്. മോദിയും ഇതു ചെയ്യുന്നുണ്ടല്ലോ. മോദിയെയും അമിത് ഷായെയും തൃപ്തിപ്പെടുത്തുകയാണ് പിണറായി വിജയന്റെ അജണ്ട.
ഇഡിയിലും ഡീൽ
ഇഡി അന്വേഷണങ്ങളുടെ കാര്യത്തിലും സിപിഎം-ബിജെപി ധാരണ വ്യക്തമാണ്. സാമ്പത്തിക ക്രമക്കേട് ഉൾപ്പെടെ എത്രയോ ഗുരുതര ആരോപണങ്ങളാണ് സിപിഎമ്മിന്റെ മുതിർന്ന നേതാക്കൾക്കും സ്ഥാപനങ്ങൾക്കുമെതിരേ ഉയർന്നത്. അവരെ ചോദ്യം ചെയ്യാൻ പോലും ഇഡി തയാറായില്ല. ബിജെപി ഭരിക്കുന്ന കേന്ദ്രസർക്കാർ ഇതുവരെ, ക്രമക്കേട് തെളിഞ്ഞ സിപിഎമ്മിന്റെ ഏതെങ്കിലും ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചില്ല.
ഇഡി, ഐടി തുടങ്ങിയ കേന്ദ്ര ഏജൻസികൾ കോൺഗ്രസിലെ രാഹുൽ ഗാന്ധിയെയും സോണിയ ഗാന്ധിയെയും മറ്റു നേതാക്കളെയും എത്രയോ തവണയാണ് അനാവശ്യമായും അകാരണമായും ബുദ്ധിമുട്ടിച്ചത്. പക്ഷേ, ഒരു സിപിഎം നേതാവിനെയും ഇഡി ശല്യം ചെയ്തില്ല. അഴിമതിക്കാരായ സിപിഎം നേതാക്കൾക്ക് സംരക്ഷണം ഒരുക്കുന്നത് ബിജെപി ബോധപൂർവം ചെയ്യുന്നതാണ്.
ഇഡി അന്വേഷണങ്ങളിലുള്ള ഡീലുകളുടെ തുടർച്ചയാണ് നിയമസഭാ തെരഞ്ഞെടുപ്പിലെ സിപിഎം-ബിജെപി ഡീൽ.
നിരാശരാണ് മലയാളികൾ
കേരളത്തിനു നഷ്ടങ്ങൾ ഏറെയുണ്ടായ കാലഘട്ടമാണ് കഴിഞ്ഞ പത്തു വർഷം. എത്രയോ ചെറുപ്പക്കാരാണ് സുരക്ഷിത ജീവിതമാർഗം തേടി കേരളം വിട്ടത്. ഇവിടെ ക്രിയാത്മകമായ നിക്ഷേപങ്ങളോ വലിയ വ്യവസായങ്ങളോ വന്നില്ല.
കഴിഞ്ഞ രണ്ടു തവണയും ഇടതുപക്ഷത്തിന് വോട്ട് ചെയ്ത കേരളീയർ ഇന്നു വലിയ നിരാശയിലാണ്. പിണറായിഭരണം കേരളം മടുത്തു. തോന്നുംപോലെ വായ്പകളെടുത്തും കുടിശിക പെരുകിയും കേരളം പ്രതിസന്ധിയിലാണ്. മികച്ച ഭൂരിപക്ഷത്തോടെ യുഡിഎഫിനെ കേരളം ഭരണമേൽപ്പിക്കും.
യുഡിഎഫിൽ മുഖ്യമന്ത്രി തർക്കമില്ല
ജനാധിപത്യ സ്വഭാവമുള്ള കോൺഗ്രസിൽ സ്ഥാനാർഥിനിർണയത്തിൽ തർക്കങ്ങളുണ്ടായിട്ടുണ്ട്. അതെല്ലാം ഹൈക്കമാൻഡും നേതാക്കളും ഇടപെട്ടു പരിഹരിച്ചു. ഇപ്പോൾ ഒരിടത്തും തർക്കങ്ങളില്ല. മികച്ച സ്ഥാനാർഥിപ്പട്ടികയാണ് കോൺഗ്രസിന്റേത്.
യുഡിഎഫ് പട്ടികയിൽ യുവാക്കൾക്കും സ്ത്രീകൾക്കും മികച്ച പരിഗണന നൽകി. അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രിയെ കൂടിയാലോചനകളിലൂടെ തീരുമാനിക്കുന്നതിൽ യുഡിഎഫിൽ യാതൊരു കാലതാമസവുമുണ്ടാകില്ല. കേരളത്തിൽ സമ്പൂർണ വിജയത്തിനുവേണ്ടിയാണ് യുഡിഎഫ് മത്സരിക്കുന്നത്.