കൂടരഞ്ഞി: കോൺക്രീറ്റ് നടപ്പാലത്തിന്റെ മധ്യഭാഗത്ത് വലിയ വിള്ളൽ രൂപപ്പെട്ടതായി പരാതി.പൂവാറൻതോട് കെഎസ്ഇബിയുടെ ജലവൈദ്യുത പദ്ധതിക്ക് സമീപം 1987ൽ വെസ്റ്റേൺ ഘട്ട് വികസന പദ്ധതിയുടെ ഭാഗമായി നിർമിച്ച നടപ്പാലത്തിലാണ് വിള്ളൽ രൂപപ്പെട്ടത്.
ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി സമീപത്ത് നടന്ന കല്ല് പൊട്ടിക്കലിന്റെ ആഘാതമാണ് നടപ്പാലത്തിൽ വിള്ളൽ രൂപപ്പെടാൻ കാരണമായതെന്ന് പ്രദേശവാസികൾ പറയുന്നു. ഇതേ പ്രദേശത്തെ വീടുകൾക്ക് മുമ്പ് സമാനമായ കേടുപാടുകൾ സംഭവിച്ചപ്പോൾ പദ്ധതിയുടെ കരാറുകാർ നഷ്ടപരിഹാരം നൽകിയിരുന്നുവെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടി.
പൂവാറൻതോട്ടിൽ നിന്ന് ഓളിക്കൽ ഭാഗത്തേക്കുള്ള ജനങ്ങളുടെ ഏക യാത്രാമാർഗമാണ് ഈ നടപ്പാലം. പഞ്ചായത്ത് പ്രസിഡന്റ് ബോബി ഷിബു, വാർഡ് അംഗം റോയി ആക്കേൽ, വില്ലേജ് ഓഫീസർ കെ.ജി. രാജേഷ്, പഞ്ചായത്ത് ഓവർസിയർ നജീബ് എന്നിവർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
പാലത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനും ആവശ്യമായ തുടർനടപടികൾ സ്വീകരിക്കുന്നതിനുമായി ബന്ധപ്പെട്ട വകുപ്പുകൾക്ക് റിപ്പോർട്ട് നൽകുമെന്ന് അധികൃതർ അറിയിച്ചു.