കോട്ടയം: സര്‍വകലാശാലകളുടെ കാവിവത്കരണത്തെ പ്രതിരോധിക്കാനുള്ള ശ്രമം സര്‍ക്കാരിന്റെ ഭാഗത്തു നിന്നുമുണ്ടാകുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്‍. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദേഹം.
ഇപ്പോള്‍ വിമര്‍ശനമുന്നയിക്കുന്നവരുടെ കാലഘട്ടത്തില്‍ എന്താണ് നടന്നതെന്ന് ചിന്തിക്കുന്നതു നന്നായിരിക്കും. ഇത്തരത്തില്‍ ചാന്‍സലര്‍മാരും ഗവര്‍ണര്‍മാരും യൂണിവേഴ്സിറ്റികളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്ന രീതി കേരളത്തില്‍ ആരംഭിച്ചത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയുമായി ബന്ധമുള്ള എത്രയോ ആളുകളെ സെനറ്റിലേക്കും സിന്‍ഡിക്കറ്റിലേക്കും വൈസ്ചാന്സലര്മാരായും കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിയമിച്ചതു നമ്മുടെ ശ്രദ്ധയിലുണ്ട്. ഇന്നു സമരം ചെയ്യുന്നവരൊക്കെ അന്ന് എന്തു ചെയ്യുകയായിരുന്നു.
പീന്നിട് ഒരു കാലത്ത് ഗവര്‍ണര്‍-സര്‍ക്കാര്‍ മോക്ക് ഫൈറ്റ് നടന്നു. അന്നത്തെ മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മില്‍ കൂടിക്കാഴ്ച നടന്നു. അപ്പോള്‍ സ്വിച്ചിട്ടതുപോലെ സമരങ്ങള്‍ അവസാനിച്ചു. അന്ന് അവസാനിച്ച സമരങ്ങള്‍ ഇപ്പോള്‍ നടക്കുന്നതു നടക്കട്ടെ. സമരം ചെയ്യുന്നവരുടെ താത്പര്യങ്ങളും കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നടന്നതും പൊതുസമൂഹത്തിന്റെ മുന്നിലുണ്ട്. അതൊന്നും ആരും മറന്നിട്ടില്ല.
ഈ സര്‍ക്കാര്‍ കാവിവത്കരണത്തോടും അത്തരം നിലപാടുകളോടും ഒരു കാരണവശാലും യോജിക്കില്ല. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ഐഎഎസുകാരെ ഏതുസ്ഥാനത്ത് നിയമിക്കണമെന്നതു ഗവണ്മെന്റിന്റെ അവകാശമാണ്.
കഴിഞ്ഞ ഗവണ്മെന്റിന് അനഭിമതരായ ആളുകളെ ഈ ഗവണ്മെന്റ് ഒരു സ്ഥാനത്ത് വയക്കാന്‍ പാടില്ലെന്ന് പറയുന്നവർ ഏതു ലോകത്താണ് ജീവിക്കുന്നത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കൊള്ളരുതായ്മകളെ വിമര്‍ശിച്ചതിന്റെ പേരില്‍ പുറത്താക്കപ്പെട്ട ഉദ്യോഗസ്ഥനാണ് ബി. അശോക്. അദേഹത്തെ ഈ ഗവണ്മെന്റ് സര്‍വീസില്‍ തിരിച്ചെടുത്തപ്പോള്‍ കൃത്യമായ പോസ്റ്റിംഗ് കൊടുക്കുകയാണു ചെയ്തത്. ഭരണം മാറുമ്പോള്‍ അതിന്റെ മാറ്റം എല്ലാതലങ്ങളിലും കാണുമെന്നും റോജി എം. ജോണ്‍ പറഞ്ഞു.