ന്യൂഡൽഹി: രാജ്യത്തിന്റെ അന്തസും അഭിമാനവും സംരക്ഷിക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പരാജയപ്പെട്ടതായി കോണ്‍ഗ്രസ്. ഒമാൻ തീരത്ത് അമേരിക്കൻ ആക്രമണത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടതിനെത്തുടർന്ന് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറുമായി നടത്തിയ ഫോണ്‍സംഭാഷണത്തിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ നടത്തിയ പ്രസ്താവനയ്ക്കെതിരേയാണു കോണ്‍ഗ്രസ് രംഗത്തുവന്നത്.
വാണിജ്യ കപ്പലുകൾ അമേരിക്കൻ സേനയുടെ നിർദേശങ്ങൾ പാലിക്കണമെന്ന് റൂബിയോ ജയ്ശങ്കറിനോടു വ്യക്തമാക്കിയതായാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പുറത്തുവിട്ട വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഇറേനിയൻ തുറമുഖങ്ങളിൽ അമേരിക്ക ഏർപ്പെടുത്തിയിട്ടുള്ള ഉപരോധം ലംഘിക്കാൻ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയതായാണു വിവരം.
എന്നാൽ, അമേരിക്ക ഇന്ത്യക്കുനേരേ ഉയത്തിയത് ഭീഷണിയുടെ സ്വരമാണെന്നും ഒരു പരമാധികാര രാജ്യത്തിന് ഇത്തരം ഭാഷ ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു.
നമ്മുടെ പ്രധാനമന്ത്രി ദാസനെപ്പോലെ മിണ്ടാതിരുന്ന് ഈ ഉത്തരവുകൾ അനുസരിക്കുകയാണ്. രാജ്യത്തെ അപമാനിക്കുന്നവർക്കുമുന്നിൽ കീഴടങ്ങുന്ന പ്രധാനമന്ത്രിക്ക് രാജ്യത്തിന്റെ അന്തസ് സംരക്ഷിക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിജെപിസർക്കാർ ഇന്ത്യയുടെ വിദേശ താത്പര്യങ്ങൾ ഓരോ ദിവസവും അടിയറവ് വയ്ക്കുകയാണെന്നും വിദേശനയങ്ങളിൽ ഇന്ത്യൻ പൗരന്മാരുടെ ജീവനു വില കല്പിക്കുന്നില്ലെന്നും കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ കുറ്റപ്പെടുത്തി. മാർക്കോ റൂബിയോയുമായുള്ള ജയ്ശങ്കറിന്റെ ഫോണ്‍സംഭാഷണം പൂർണമായും പുറത്തു വിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
റൂബിയോയുമായുള്ള സംഭാഷണത്തിൽ ഇന്ത്യയുടെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയതായാണ് ജയ്ശങ്കർ പറഞ്ഞത്. ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടതിനുപിന്നാലെ യുഎസ് ചാർജ് ഡി അഫയേഴ്സ് ജേസണ്‍ മീക്സിനെ വിളിച്ചുവരുത്തി വിദേശകാര്യ മന്ത്രാലയം പ്രതിഷേധം അറിയിച്ചിരുന്നു.