തിരുവനന്തപുരം: ന്യൂനപക്ഷങ്ങളെ എല്ലാ കാലത്തും ചേര്‍ത്ത് പിടിച്ച പാരമ്പര്യമാണ് ഇടതുപക്ഷത്തിനുള്ളതെന്നും ന്യൂനപക്ഷ സംരക്ഷണം ഏതെങ്കിലും തെരഞ്ഞെടുപ്പ് ഫലംകൊണ്ട് അളക്കാനാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നയിക്കുന്ന ശതാബ്ദി സന്ദേശ യാത്രയുടെ സ്വീകരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
തന്റെ സർക്കാർ ന്യൂനപക്ഷങ്ങളെ ചേർത്ത് പിടിക്കുന്നത് തുടരുമെന്ന് ഉറപ്പ് നൽകുന്നു. രാജ്യത്ത് ആരാധനാ സ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെടുന്ന അവസ്ഥയുണ്ടാകുന്നു. ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനും വസ്ത്രം കഴിക്കാനും മാതൃഭാഷ സംസാരിക്കാനുള്ള അവകാശംപോലും നിഷേധിക്കപ്പെടുന്നു.
ഇവയ്ക്ക് നേരെ കണ്ണടയ്ക്കുന്ന കൂട്ടരുണ്ട്. ഇതിനെതിരെ നിലപാട് സ്വീകരിക്കുന്ന കൂട്ടരുമുണ്ട്. അവ ഏതൊക്കെയെന്ന് തിരിച്ചറിയാൻ സമസ്തയെ പോലുള്ള സംഘടനയ്ക്ക് കഴിയണം. മതനിരപേക്ഷ വേഷം ധരിച്ച് മതേതര വിരുദ്ധർ പ്രവർത്തിക്കുന്ന അവസ്ഥയുണ്ട്. അവരെ തിരിച്ചറിയാൻ കഴിയേണ്ടതുണ്ട്.
ഭൂരിപക്ഷ വർഗീയത ഉയർന്നുവരുമ്പോൾ ന്യൂനപക്ഷ വർഗീയതകൊണ്ട് അതിനെ ചെറുക്കാം എന്ന് കരുതന്നവരോടും വിട്ടുവീഴ്ച ചെയ്യരുത്. ഏത് വർഗീയതയും നാടിന് ആപത്ത് മാത്രമേ വരുത്തുകയുള്ളൂ.
വർഗീയതയോടുള്ള വിമർശനം ഏതെങ്കിലും മതവിഭാഗത്തിനോടുള്ള വിമർശനമല്ല. ഭൂരിപക്ഷ വർഗീയതയെ വിമർശിക്കുന്ന ഭൂരിപക്ഷ വിഭാഗത്തിൽപ്പെട്ട മതത്തെയല്ല. ന്യൂനപക്ഷ വർഗീയതയെ വിമർശിക്കുമ്പോൾ ന്യൂനപക്ഷ മതങ്ങളേയോ അതുമായി ബന്ധപ്പെട്ടവരെയോ അല്ല വിമർശിക്കുന്നത്.
രണ്ട് വർഗീയതയും പരസ്പര പൂരകങ്ങളാണ്. അത് തിരിച്ചറിയാനും മനസിലാക്കാനും കഴിയണം. മതവിശ്വാസവും വർഗീയതയും രണ്ട് വിരുദ്ധ ധ്രുവങ്ങളാണ്. വർഗീയതയോടുള്ള വിമർശനം മതവിശ്വാസികളോടുള്ള വിമർശനമായി ഉയർത്തിക്കാട്ടുന്നത് വർഗീയവാദികളുടെ ആവശ്യമാണ്. അവർക്ക് അതിന്റെ മറവിൽ രക്ഷപ്പെടാനാണ്.
സമസ്ത അതിന് അനുവദിക്കരുത്. സത്യമാണെന്ന് തോന്നുന്ന രീതിയിൽ നുണ നല്ല രീതിയിൽ പ്രചരിപ്പിക്കുക എന്നതാണ് എല്ലാ വർഗീയവാദികളുടേയും പ്രത്യേക സ്വഭാവം. വർഗീയ സംഘടനകൾക്ക് അതിന് പ്രത്യേക പരിശീലനവുമുണ്ട്. നുണ പ്രചാരണത്തിൽ പ്രൊഫഷണലുകളെ സൃഷ്ടിക്കാൻ വർഗീയ സംഘടനകൾക്ക് കഴിയുന്നുവെന്നതും നാം കാണേണ്ടതുണ്ട്.
1926 ല്‍ രൂപീകൃതമായ കാലം മുതല്‍ കേരളത്തിലെ മുസ്ലീം ജനവിഭാഗങ്ങള്‍ക്കിടയില്‍ മതപരമായ ചിട്ടയും വിജ്ഞാനവും പകരുന്നതിനൊപ്പം സമൂഹത്തില്‍ സമാധാനവും സഹവര്‍ത്തിത്വവും നിലനിര്‍ത്തുന്നതിനും സമസ്ത ശ്രദ്ധിച്ചിട്ടുണ്ട്.
നൂറു വര്‍ഷം എന്നത് ഒരു പ്രസ്ഥാനത്തെ സംബന്ധിച്ചിടത്തോളം ചെറിയ കാലയളവല്ല. ഇത്രയേറെക്കാലം പൊതുസമൂഹത്തിന്റെ ഭാഗമായി ഈ പ്രസ്ഥാനം നിലനിന്നതിനു പിന്നില്‍ ഈ സംഘടനയെ നാളിതുവരെ നയിച്ച പണ്ഡിത ശ്രേഷ്ഠന്മാരുടെയെല്ലാം സംഭാവനകളുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.