District News
കാഞ്ഞിരപ്പള്ളി: തകര്ന്നടിയുന്ന കാര്ഷിക മേഖലയ്ക്ക് ആശ്വാസമായി ചന്ദനകൃഷി വ്യാപകമാക്കി കര്ഷകരുടെ വരുമാനം ഇരട്ടിയാക്കാന് കാഞ്ഞിരപ്പള്ളി കാര്ഷിക ഗ്രാമവികസന ബാങ്ക് മുന്കൈയെടുക്കുമെന്ന് പ്രസിഡന്റ് ജോര്ഡിന് കിഴക്കേത്തലയ്ക്കല്.
ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച് ആനക്കല്ല് ഗവ. എല്പി സ്കൂളിലെ കുട്ടികൾക്ക് ചന്ദനത്തൈകൾ വിതരണംചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ബാങ്ക് വൈസ് പ്രസിഡന്റ് സാജന് കുന്നത്ത്, ഭരണസമിതി അംഗങ്ങളായ സുമേഷ് ആന്ഡ്രൂസ്, പി.സി. ജേക്കബ് പനയ്ക്കല്, ലിസി പോള് പന്തിരുവേലില്, ബാങ്ക് സെക്രട്ടറി കെ. അജേഷ്കുമാര്, സെയില് ഓഫീസര് സബീന ബീഗം, ജോളി മടുക്കക്കുഴി, ബിജു ചക്കാലയില്, ഹെഡ്മിസ്ട്രസ് ലിന്സി ജോസഫ്, ബാങ്ക് ജീവനക്കാര്, അധ്യാപകര്, രക്ഷിതാക്കള് എന്നിവര് പങ്കെടുത്തു.
പരിപാടിയുടെ ഭാഗമായി വിദ്യാർഥികള്ക്കും പൊതുജനങ്ങള്ക്കും ചന്ദനതൈകള് വിതരണം ചെയ്തു. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ബോധവത്കരണ സന്ദേശങ്ങളും ചടങ്ങില് പങ്കുവച്ചു.
Kerala
തിരുവനന്തപുരം: പാറശാല താലൂക്ക് ആശുപത്രി കോമ്പൗണ്ടിലെ ചന്ദന മരം മുറിച്ചുകടത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ. ചന്ദന മരം ഞായറാഴ്ച രാത്രി മോഷണം പോയെന്നാണ് ലഭിക്കുന്ന വിവരം.
ആശുപത്രി അധികൃതർ പരാതി നൽകാത്തതിനെ തുടർന്നാണ് നാട്ടുകാർ ദുരൂഹത ആരോപിച്ച് രംഗത്തെത്തിയത്. താലൂക്ക് ആശുപത്രിയുടെ മെയിൻ ഗേറ്റിന് സമീപത്തായി നിന്നിരുന്ന 25 വർഷത്തോളം പഴക്കമുള്ള മരമാണ് മോഷണം പോയത്.
എട്ടോളം സുരക്ഷ ജീവനക്കാർ രാത്രിയും പകലുമായി കാവൽ നിൽക്കുന്ന സ്ഥലത്ത് നിന്നാണ് ചന്ദനമരം മുറിച്ചുകടത്തിയത്. സ്ഥലത്ത് സിസിടിവിയുണ്ടെങ്കിലും ആശുപത്രി അധികൃതർ പരിശോധന നടത്തിയില്ലെന്നും ആരോപണമുണ്ട്.
ചന്ദനമരം മോഷണം പോയതിന് ശേഷം പ്രതിഷേധം ഉയർന്നിട്ടും അധികൃതർ പരാതി നൽകിയില്ലെന്നതാണ് നാട്ടുകാരുടെ ആരോപണം. സംഭവത്തിൽ ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്നും കേസെടുത്തിട്ടില്ലെന്നും പാറശാല പോലീസ് അറിയിച്ചു.
Kerala
തിരുവനന്തപുരം: 1964ലെ ഭൂപതിവ് ചട്ടപ്രകാരം പതിച്ചുനൽകുന്ന ഭൂമിയിലെ രാജകീയ വൃക്ഷങ്ങളുടെ അവകാശം സർക്കാരിൽ നിലനിർത്തുന്ന ചട്ട ഭേദഗതിക്ക് മന്ത്രിസഭയുടെ അംഗീകാരം. പട്ടയ ഭൂമിയിലെ തേക്ക്, ഈട്ടി, ചന്ദനം, എബണി എന്നീ മരങ്ങളുടെ ഉടമസ്ഥാവകാശമാണ് സർക്കാരിൽ നിലനിർത്തിയത്.
പതിച്ചുനല്കുന്ന സമയത്തു ഭൂമിയിലെ രാജകീയ മരങ്ങളുടെ അവകാശമാണ് സർക്കാരിൽ നിലനിർത്തുക. പിന്നീട് ആ ഭൂമിയിൽ വളർന്നുവരുന്ന രാജകീയ മരങ്ങളുടെ അവകാശം സംബന്ധിച്ച് സർക്കാർ വ്യക്തത വരുത്തിയിട്ടില്ല. അതിന്റെ ഉടമസ്ഥാവകാശം നിർണയിക്കുന്നതു സംബന്ധിച്ച് വനം, നിയമ, റവന്യു വകുപ്പുകളുടെ കൂടിയാലോചനകൾക്കു ശേഷം ഇക്കാര്യത്തിൽ വ്യക്തത വരുത്തി ഉത്തരവ് ഇറക്കും.
ഭൂമി പതിച്ചുനൽകൽ ഉത്തരവിൽ ഭേദഗതി
സ്ഥാപനങ്ങളും സംഘടനകളും മതിയായ രേഖകളില്ലാതെ കൈവശം വച്ചിരിക്കുന്ന ഭൂമി പതിച്ചുനൽകുന്നതിന് മാനദണ്ഡങ്ങൾ നിശ്ചയിച്ച ഉത്തരവിലും മന്ത്രിസഭ ഭേദഗതി വരുത്തി. സ്വാതന്ത്ര്യത്തിനുശേഷവും 1971 ഓഗസ്റ്റ് ഒന്നിനുമുന്പും കൈവശം വച്ചിരിക്കുന്ന ഭൂമി പതിച്ചുകിട്ടുന്നതിന് ന്യായവിലയുടെ 15 ശതമാനം നൽകണമെന്നാണ് ഭേദഗതി.
സ്വാതന്ത്ര്യത്തിനുശേഷവും കേരള പിറവിക്ക് മുന്പും കൈവശം വച്ചിരുന്ന ഭൂമിക്ക് ന്യായവിലയുടെ 25 ശതമാനം നല്കണമെന്ന നിലവിലെ വ്യവസ്ഥയിലാണ് മാറ്റം വരുത്തിയത്.
കൈവശഭൂമി പതിച്ചുനൽകലുമായി ബന്ധപ്പെട്ട് നേരത്തേതന്നെ നിശ്ചയിച്ചിട്ടുള്ള വർഷം എന്ന നിലയിലാണ് 1971ന്റെ അടിസ്ഥാനത്തിൽ സ്ലാബ് നിശ്ചയിച്ചത്. ആരാധനാലയങ്ങൾ, മതസ്ഥാപനങ്ങൾ തുടങ്ങിയവ കൈവശം വച്ചിട്ടുള്ള ഒരു ഏക്കർ വരെയുള്ള ഭൂമിയാണ് കൈവശ കാലയളവിന് അനുസരിച്ച് ന്യായവിലയുടെ നിശ്ചിത ശതമാനം ഈടാക്കി പതിച്ചുനൽകുക.
നിർമിതികൾ ക്രമപ്പെടുത്താൻ ഡെപ്യൂട്ടി കളക്ടർ
കൃഷിക്കും വീടു വയ്ക്കാനും പട്ടയം നൽകിയ ഭൂമിയിലെ മറ്റ് നിർമിതികൾ ക്രമപ്പെടുത്താനുള്ള ഭൂപതിവ് ചട്ടഭേദഗതിയുമായി ബന്ധപ്പെട്ട് ജില്ലകളിലെ ഉദ്യോഗസ്ഥരെ നിശ്ചയിച്ച് വിജ്ഞാപനമിറക്കി.
ഇടുക്കി ഒഴികെയുള്ള ജില്ലകളിൽ ഡെപ്യൂട്ടി കളക്ടർ(ലാൻഡ് റവന്യു) ആണ് അധികാരി. ഇടുക്കിയിൽ ഭൂപതിവ്, ലാൻഡ് റവന്യൂ ഡെപ്യൂട്ടി കളക്ടർക്കാണ് അധികാരം. താലൂക്ക് പരിധിയിൽ ബന്ധപ്പെട്ട തഹസീൽദാറാണ് അധികാരി. ഇടുക്കി, വയനാട് ഉൾപ്പെടെ വിവിധ ജില്ലകളിലെ നൂറുകണക്കിന് പട്ടയ ഉടമകൾക്കാണ് ചട്ടഭേദഗതി ഗുണകരമാകുക.
Kerala
തിരുവനന്തപുരം: കിളിമാനൂരിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന ചന്ദനവുമായി മൂന്ന് പേർ പിടിയിൽ. കിളിമാനൂർ കുന്നുമ്മലിൽ നിന്നാണ് കഷ്ണങ്ങളാക്കി മുറിച്ച നിലയിൽ ചന്ദനവുമായി മൂന്ന് പേരെ വനംവകുപ്പ് പിടികൂടിയത്.
ആറാം താനം ദർഭകട്ടക്കാലിൽ വീട്ടിൽ അനിലൻ (65), കുന്നുമ്മൽ പറങ്കിമാംവിള വീട്ടിൽ കൽപക (46), പഴയകുന്നുമ്മേൽ വിളക്കാട്ടുകോണം വൃന്ദ ഭവനിൽ ഷാലിമ (48) എന്നിവരെയാണ് പാലോട് വനം വകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്.
സ്വകാര്യ ഭൂമിയിൽ നിന്ന ചന്ദനമാണ് പ്രതികളിൽ നിന്ന് പിടിച്ചെടുത്തത്. മുറിച്ച് വിൽപന നടത്തുന്നത് കുറ്റകരമാണെന്ന് അറിയാതെയാണ് ചന്ദനം മുറിച്ചതെന്ന് വീട്ടുകാർ വനംവകുപ്പിന് മൊഴി നൽകിയിട്ടുണ്ട്.
കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിനെ തുടർന്നാണ് ചന്ദനം മുറിച്ചുവിൽക്കാൻ ശ്രമിച്ചതെന്നും പിടിയിലായവർ വനം വകുപ്പിനോട് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജാമ്യത്തിൽ വിട്ടയച്ചു.
Kerala
തിരുവനന്തപുരം: കാറിൽ കടത്തിയ 45 കിലോ ചന്ദനവുമായി രണ്ടു പേർ പിടിയിൽ. കിളിമാനൂർ തൊളിക്കുഴിയിലാണ് സംഭവം.
ഇട്ടിവ മണൽവെട്ടം കോഴിയോട് കളിയിലിൽ വീട്ടിൽ നവാസ് (45), ചിറയിൻകീഴ് മുദാക്കൽ ഊരുപൊയ്ക പ്രമീളാലയത്തിൽ പ്രമോദ് (50) എന്നിവരാണ് പിടിയിലായത്. ചന്ദനം കടത്താൻ ഇവർ ഉപയോഗിച്ച ഓൾട്ടോ കാറും കസ്റ്റഡിയിലെടുത്തു.
ചാക്കിൽ ചെറിയ കഷണങ്ങളായി മുറിച്ച നിലയിലായിരുന്നു ചന്ദനത്തടി കണ്ടെത്തിയത്. ചന്ദനം പ്രമോദിന് വിറ്റ പെരിങ്ങാവ് സ്വദേശി നജാം, ഇടനിലക്കാരനായ കാഞ്ഞിരത്തുംമൂട് സ്വദേശി വിഷ്ണു എന്നിവർ ഒളിവിലാണ്.
നജാമിന്റെ ഉടമസ്ഥതയിലുള്ള കോഴി ഫാമിൽ രണ്ടു ചാക്കുകളിലാക്കി കഴിഞ്ഞ ഒരു മാസമായി സൂക്ഷിച്ചിരുന്ന ചന്ദനം കാറിൽ കയറ്റി കടത്താൻ ശ്രമിക്കുന്നതിനിടെയാണ് കഴിഞ്ഞ ദിവസം വനം വകുപ്പ് നടത്തിയ പരിശോധനയിൽ ഇവർ പിടിയിലായത്.