International
ദുബായ്: സൗദി അറേബ്യക്കെതിരേ യെമനിലെ ഹൂതി വിമതർ നാവിക ഉപരോധം പ്രഖ്യാപിച്ചു. യുഎസ്-ഇറാൻ സംഘർഷം കൂടുതൽ ശക്തമാകുന്നതിനിടെയാണ് ആഗോള ഊർജ വിതരണത്തെയും വ്യാപാരത്തെയും ബാധിക്കുന്ന തരത്തിലുള്ള ഹൂതികളുടെ പുതിയ നീക്കം.
സൗദിയുടെ ഉപരോധത്തിനു മറുപടിയായാണ് ഈ നടപടിയെന്ന് ഹൂതികൾ വ്യക്തമാക്കി. ഇതോടെ ചെങ്കടലിലെ പ്രധാന കപ്പൽ പാതയായ ബാബ് എൽ മന്ദബ് വഴിയുള്ള എണ്ണനീക്കം തടസപ്പെടാൻ സാധ്യതയേറി.
യെമനെതിരേ സൗദി അറേബ്യ വർഷങ്ങളായി തുടരുന്ന ഉപരോധത്തിനും വിഭവങ്ങൾ കവർച്ച ചെയ്യുന്നതിനുമുള്ള മറുപടിയാണ് ഈ നടപടിയെന്ന് ഹൂതി വക്താവ് ടെലിവിഷൻ സന്ദേശത്തിൽ വ്യക്തമാക്കി.
സന വിമാനത്താവളത്തിനുമേലുള്ള നിയന്ത്രണങ്ങൾ നീക്കുന്നതുവരെ സൗദി വ്യോമപാത ഉപയോഗിക്കരുതെന്ന് വിമാനക്കമ്പനികൾക്ക് ഹൂതികൾ മുന്നറിയിപ്പ് നൽകി.
കഴിഞ്ഞയാഴ്ച ഹൂതികളുടെ നിയന്ത്രണത്തിലുള്ള സന അന്താരാഷ്ട്ര വിമാനത്താവളത്തിനുനേരേ വ്യോമാക്രമണം നടന്നതിനു പിന്നാലെ സൗദിയിലെ അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിനുനേരേ ഹൂതികൾ മിസൈൽ ആക്രമണം നടത്തിയിരുന്നു.
International
ഇസ്ലാമാബാദ്: ആഭ്യന്തര കലാപങ്ങളും സാമ്പത്തിക പ്രതിസന്ധിയും അടിത്തറയിളക്കിയ പാക്കിസ്ഥാന് സഹായ ഹസ്തവുമായി സൗദി അറേബ്യയും ഖത്തറും. അഞ്ച് ബില്യൺ ഡോളറിന്റെ സാമ്പത്തിക സഹായമാണ് ഇരുരാജ്യങ്ങളും പാക്കിസ്ഥാന് വാഗ്ദാനം ചെയ്തിരിക്കുന്നത്.
വിദേശ നാണയ ശേഖരത്തിലുണ്ടായ വൻ ഇടിവ് പരിഹരിക്കുന്നതിനായാണ് അഞ്ച് ബില്യൺ ഡോളറിന്റെ സാമ്പത്തിക സഹായം. ഈ മാസം യുഎഇയ്ക്ക് നൽകാനുള്ള 3.5 ബില്യൺ ഡോളറിന്റെ കടം തിരിച്ചടയ്ക്കാനിരിക്കെ പാക്കിസ്ഥാന് സാമ്പത്തിക സഹായം വലിയ ആശ്വാസമാണ്.
പാക്കിസ്ഥാൻ ധനമന്ത്രി മുഹമ്മദ് ഔറംഗസേബ് ഐഎംഎഫ് - ലോകബാങ്ക് യോഗങ്ങളിൽ പങ്കെടുക്കുന്നതിനായി വാഷിംഗ്ടൺ സന്ദർശിക്കുന്നതിനിടയിലാണ് നിർണായക നീക്കം.
അതേസമയം മൂന്ന് വർഷത്തെ സാമ്പത്തിക പാക്കേജ് പൂർത്തിയാകുന്നത് വരെ സൗദി അറേബ്യ, ചൈന, യുഎഇ എന്നീ രാജ്യങ്ങൾ തങ്ങളുടെ നിക്ഷേപങ്ങൾ പാക്കിസ്ഥാനിൽ തുടരണമെന്ന് ഐഎംഎഫ് നേരത്തെ നിർദേശിച്ചിരുന്നു.
Viral
ചൂടിന്റെ പര്യായമായ സൗദി അറേബ്യയുടെ മണലാരണ്യങ്ങൾ വെള്ള പുതച്ച അപൂർവ്വ കാഴ്ചയ്ക്കാണ് ലോകം സാക്ഷ്യം വഹിക്കുന്നത്. സമീപകാലത്തുണ്ടായ അപ്രതീക്ഷിത കാലാവസ്ഥാ വ്യതിയാനം കഠിനമായ ചൂടിൽ നിന്നും രാജ്യത്തെ അതിശൈത്യത്തിലേക്കും മഞ്ഞുവീഴ്ചയിലേക്കും നയിച്ചു.
വടക്കൻ പ്രവിശ്യയായ തബൂക്കിലെ പർവതനിരകൾ മുതൽ ഹായിലിലെ സമതലങ്ങൾ വരെ നീളുന്ന മഞ്ഞുപുതപ്പ് പ്രകൃതിയുടെ അത്ഭുതമായി മാറിയിരിക്കുകയാണ്.
സമുദ്രനിരപ്പിൽ നിന്ന് ഏറെ ഉയരത്തിലുള്ള ജബൽ അൽ-ലൗസ് മലനിരകളിലും ട്രോജീനയിലും അനുഭവപ്പെട്ട മഞ്ഞുവീഴ്ച ഒരു ഗൾഫ് രാജ്യത്തെന്നതിലുപരി സ്വിറ്റ്സർലൻഡിലെ ആൽപ്സ് നിരകളെ അനുസ്മരിപ്പിക്കുന്ന രീതിയിലുള്ളതാണ്.
പുലർച്ചെ താപനില പൂജ്യം ഡിഗ്രി സെൽഷ്യസിന് താഴെയെത്തിയതോടെ പലയിടങ്ങളിലും കട്ടിയുള്ള മഞ്ഞുപാളികൾ രൂപപ്പെട്ടു. ഇതോടൊപ്പം തലസ്ഥാനമായ റിയാദ് ഉൾപ്പെടെയുള്ള പ്രവിശ്യകളിൽ കനത്ത മഴയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
റിയാദ്, ഖസീം, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ പെയ്ത ശക്തമായ മഴ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്ക ഭീഷണി ഉയർത്തി. അൽ-മജ്മഅ, അൽ-ഘട്ട് തുടങ്ങിയ മേഖലകളിലും മഞ്ഞുവീഴ്ച അനുഭവപ്പെട്ടത് ജനങ്ങളെ അമ്പരപ്പിച്ചു.
വടക്കുനിന്നെത്തിയ ശക്തമായ തണുത്ത കാറ്റും മഴമേഘങ്ങളും തമ്മിലുള്ള സങ്കീർണമായ സമ്പർക്കമാണ് ഈ അസാധാരണ സാഹചര്യത്തിന് കാരണമെന്ന് കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കുന്നു.
കാഴ്ച കാണാൻ എത്തുന്നവരുടെ തിരക്ക് വർദ്ധിച്ചതോടെ താഴ്വരകളിലും വെള്ളപ്പൊക്ക സാധ്യതയുള്ള സ്ഥലങ്ങളിലും പോകരുതെന്ന് അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
അതിശയിപ്പിക്കുന്ന ഈ കാഴ്ചകൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുമ്പോഴും, മരുഭൂമിയിലെ ഈ മാറ്റങ്ങൾ ആഗോള കാലാവസ്ഥാ വ്യതിയാനത്തിന്റെ ഗൗരവകരമായ സൂചനയാണെന്നാണ് പരിസ്ഥിതി വിദഗ്ധർ അഭിപ്രായപ്പെടുന്നത്.