റിയാദ്: ഇരുപത് വർഷമായി സൗദി ജയിൽ കഴിയുകയായിരുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീം മോചിതനായി. മോചന ഉത്തരവിൽ ഒപ്പുവച്ചെന്നും ഇമിഗ്രേഷൻ നടപടികൾ പൂർത്തിയായാൽ നാട്ടിലേക്ക് മടങ്ങാമെന്നും അധികൃതർ പറഞ്ഞു.
2006-ൽ ഡ്രൈവർ ജോലിക്കായിട്ടാണ് റഹീം സൗദിയിലെത്തിയത്. സ്പോൺസറുടെ ഭിന്നശേഷിക്കാരനായ മകൻ മരിക്കാനിടയായ സംഭവത്തിലാണ് ഈ യുവാവ് ജയിലിലായത്. മനഃപൂർവമല്ലാത്ത കൈപ്പിഴയായിരുന്നു അപകടകാരണമെന്ന് വ്യക്തമായെങ്കിലും വധശിക്ഷ വിധിക്കപ്പെടുകയായിരുന്നു.
വർഷങ്ങൾ നീണ്ട ഇടപെടലുകൾക്ക് ഒടുവിൽ മാപ്പ് നൽകാൻ തയാറാണെന്ന് സൗദി ബാലന്റെ കുടുംബം റിയാദ് ക്രിമിനൽ കോടതിയെ അറിയിച്ചിരുന്നു. തുടർന്നാണ് റഹീമിന്റെ വധശിക്ഷ റദ്ദാക്കി ഉത്തരവുണ്ടായത്. 34.35 കോടി രൂപ ദയാധനം സ്വീകരിച്ചാണു സൗദി കുടുംബം മാപ്പു നൽകിയത്.
ഇതിനുപിന്നാലെ റിയാദിലെ ക്രിമിനൽ കോടതി റഹീമിന് സൗദി പൊതുനിയമപ്രകാരം തടവുശിക്ഷ പൂർത്തിയാക്കണമെന്ന് വിധിച്ചു. ഈ തടവ് കാലാവധി പൂർത്തിയായതോടെയാണ് ഇപ്പോൾ റഹീമിന്റെ മോചനം യാഥാർഥ്യമായിരിക്കുന്നത്.