കോഴിക്കോട്: നിരവധി ക്രിമിനല്‍ കേസുകളില്‍പെട്ട കാപ്പ പ്രതി സ്കൂട്ടര്‍ മോഷണക്കേസില്‍ പൊലിസിന്റെ പിടിയിലായി. പന്തീരാങ്കാവ് പോലീസ്സ്റ്റേഷന് പരിധിയില്‍ വച്ച് സ്കൂട്ടര്‍ മോഷണം നടത്തിയ പെരിങ്ങളം സ്വദേശി അറപ്പുഴയില്‍ വീട്ടില്‍ മുജീബി(40)നെയാണ് അറസ്റ്റു ചെയ്തത്.
ഈ മാസം ഒന്നിന് വൈകുന്നേരം പന്തീരാങ്കാവ് പ്രീതി ടെക്സ്റ്റൈയില്‍സ് ഷോപ്പിനു മുന്‍വശം നിര്‍ത്തിയിട്ട കൈമ്പാലം സ്വദേശിനിയായ പ്രമീളയുടെ പേരിലുള്ള സ്കൂട്ടറാണ് മോഷ്ടിച്ചത്. സംഭവ സ്ഥലത്തെയും സമീപ പ്രദേശങ്ങളിലെയും സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചത്. കോഴിക്കോട് റെയില്‍വെ സ്റ്റേഷന് പരിസരത്ത് നിന്നും ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കുന്നമംഗലം പൊലിസ് സ്റ്റേഷന് പരിധിയിലെ അറിയപ്പെടുന്ന റൗഡിയാണ് മുജീബ്. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ കൊണ്ടോട്ടി, കരിപ്പൂര്‍ അരീക്കോട്, എടച്ചേരി, കൊടുവള്ളി, അത്തോളി, കുന്നമംഗലം, പന്തീരങ്കാവ്, ടൗണ്‍, നടക്കാവ്, വെള്ളയില്‍ തുടങ്ങിയ പൊലിസ് സ്റ്റേഷനുകളിലായി മോഷണത്തിനും, പിടിച്ചുപറിക്കും മറ്റുമായി ഇരുപത്തഞ്ചോളം ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. തുടര്‍ച്ചയായി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് കാപ്പ ചുമത്തപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ആയിരുന്നു. അവിടെനിന്ന് ഇറങ്ങിയ ശേഷം ഇക്കഴിഞ്ഞ ജൂണില്‍ മാനാഞ്ചിറക്ക് സമീപം നിര്‍ത്തിയിട്ട ചെലവൂര്‍ സ്വദേശിയായ രഞ്ജുവിന്റെ ഉടമസ്ഥതയിലുള്ള ആക്ടീവ സ്കൂട്ടര്‍ മോഷണം നടത്തിയതിന് പിടിയിലായിരുന്നു. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷം വീണ്ടും മോഷണ കേസില്‍ ഉള്‍പ്പെടുകയായിരുന്നു.
പന്തീരാങ്കാവ് പൊലിസ് സ്റ്റേഷന് സബ്ബ് ഇന്‍സ്പെക്ടര്‍മാരായ നിധിന്, വിനോദ്, സിവില്‍ പൊലിസ് ഓഫീസര്‍ അര്‍ഷാദ്, സിറ്റി ക്രൈം സക്വാഡ് അംഗങ്ങളായ അബ്ദുഹ്മാന്‍, ഹാദില്‍ കുന്നുമ്മല്‍, അനീഷ് മൂസേന്‍വീട്, ഷാഫി പറമ്പത്ത്, ഷഹീര്‍ പെരുമണ്ണ, ജിനേഷ് ചൂലൂര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.