ടെക്സാസ്: പതിഞ്ഞ താളത്തിൽ ആരംഭിച്ച ഗ്രൂപ്പ് എല്ലിലെ മത്സരത്തിൽ ക്രൊയേഷ്യയെ തകർത്ത് ഇംഗ്ലണ്ടിന് ആധികാരിക ജയം. രണ്ടിനെതിരേ നാലു ഗോളുകൾക്കാണ് ഇംഗ്ലണ്ട് ക്രൊയേഷ്യയെ തകർത്തത്. ക്യാപ്റ്റൻ ഹാരി കെയ്ൻ ഇരട്ട ഗോളുമായി തിളങ്ങിയ മത്സരത്തിൽ ജൂഡ് ബെല്ലിംഗാമും മാർക്കസ് റാഷ്ഫോർഡും ഇംഗ്ലണ്ടിനായി ലക്ഷ്യം കണ്ടു. മാർട്ടിൻ ബട്ടുറിനയും പീറ്റർ മുസയുമായിരുന്നു ക്രൊയേഷ്യയ്ക്കായി ഗോൾ നേടിയത്.
ഒമ്പതാം മിനിറ്റിൽ ഇംഗ്ലണ്ടിന് അനുകൂലമായി റഫറി വിധിച്ച പെനാൽറ്റി ക്യാപ്റ്റൻ ഹാരി കെയ്ൻ ഗോളാക്കാൻ ശ്രമിച്ചെങ്കിലും ക്രൊയേഷ്യൻ ഗോൾകീപ്പർ ഡൊമിനിക് ലിവാകോവിച്ച് തട്ടിയകറ്റി. എന്നാൽ കിക്കിനു മുമ്പ് ഗോൾകീപ്പർ ലൈൻ വിട്ടിറങ്ങി എന്ന കാരണത്താൽ റഫറി റീ ടേക്ക് അനുവദിച്ചു. ഇത്തവണ കെയ്ന് പിഴച്ചില്ല, പന്ത് വലയിലെത്തി. 12-ാം മിനിറ്റിൽ ഇംഗ്ലണ്ട് മുന്നിൽ.
തുടർന്ന് ഇംഗ്ലണ്ടിന്റെ മുന്നേറ്റങ്ങൾക്കിടെ 36-ാം മിനിറ്റിൽ മാർട്ടിൻ ബട്ടുറിനയുടെ ലോംഗ് റേഞ്ചറിലൂടെ ക്രൊയേഷ്യയുടെ മറുപടിയെത്തി. 20 മീറ്റർ അകലെ നിന്ന് ബട്ടുറിന കൊടുത്തുവിട്ട ബുള്ളറ്റ് ഷോട്ട് ഇംഗ്ലീഷ് ഗോളി ജോർദാൻ പിക്ഫോർഡിന്റെ കൈയിലിടിച്ച് വലയിൽ കയറുകയായിരുന്നു.
42-ാം മിനിറ്റിൽ ഡെക്ലാൻ റൈസ് എടുത്ത കോർണർ വലയിലേക്ക് വഴിതിരിച്ചുവിട്ട് ഹാരി കെയ്ൻ വീണ്ടും ഇംഗ്ലണ്ടിനെ മുന്നിലെത്തിച്ചു. ആദ്യ പകുതി അവസാനിക്കാനിരിക്കെ പെരിസിച്ച് ഹെഡ് ചെയ്ത് നൽകിയ പന്ത് മുസ ഇംഗ്ലീഷ് വലയിലെത്തിച്ചതോടെ ക്രൊയേഷ്യ ഒപ്പത്തിനൊപ്പം (2-2).
47-ാം മിനിറ്റിൽ ഇംഗ്ലണ്ട് വീണ്ടും ലീഡെടുത്തു. ഇംഗ്ലീഷ് ആക്രമണങ്ങൾ കടുത്തതോടെ 56-ാം മിനിറ്റിൽ ഇരട്ട സേവുകളുമായി ഗോളി ലിവാകോവിച്ച് ക്രൊയേഷ്യയുടെ രക്ഷകനായി നിന്നെങ്കിലും 85-ാം മിനിറ്റിൽ മാർക്കസ് റാഷ്ഫോർഡ് ഇംഗ്ലണ്ടിന്റെ ജയമുറപ്പിച്ച് സ്കോർ ചെയ്തു.